ADVERTISEMENT

കൊച്ചി ∙ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ട്വന്റി20 ചീഫ് കോഓർഡിനേറ്റർ സാബു എം.ജേക്കബ്. തന്നെ കേസിൽ കുടുക്കി അറസ്റ്റ് ചെയ്താൽ ഒരാഴ്ച‌യ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ ഓമനപ്പുത്രിയെ അകത്താക്കുമെന്ന് സാബു എം.ജേക്കബ് വെല്ലുവിളിച്ചു. കിഴക്കമ്പലത്തു നടന്ന ട്വന്റി20 പാർട്ടിയുടെ മഹാസംഗമത്തിലാണ് സാബുവിന്റെ വെല്ലുവിളി. തന്റെ കയ്യിലുള്ള തെളിവുകൾ ആറ്റംബോംബാണ്. മുഖ്യമന്ത്രിയുടെ എല്ലാ പരിപാടികളും തനിക്കറിയാം. അതുകൊണ്ട് തന്നെ എതിർക്കുന്ന എംഎൽഎയും പാർട്ടി പ്രവർത്തകരും സൂക്ഷിക്കണമെന്നും സാബു എം.ജേക്കബ് മുന്നറിയിപ്പു നൽകി.

Read  Also: ‘അഭിപ്രായം പറയാൻ അവസരം കിട്ട‍ിയെന്നു കരുതി ആക്ഷേപിക്കരുത്’: ഷിബു ചക്രവർത്തിയോട് ക്ഷുഭിതനായി മുഖ്യമന്ത്രി

സാബു എം.ജേക്കബിന്റെ പ്രസംഗത്തിൽനിന്നുള്ള ഭാഗങ്ങൾ:

ഒരു മാസം മുൻപ് പൂതൃക്ക പഞ്ചായത്തിലെ പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് നമ്മൾ അവിടെ ഒരു സമ്മേളനം നടത്തി. ഈ സമ്മേളനത്തിനുശേഷം ഒരു ദിവസം കഴിഞ്ഞപ്പോൾത്തന്നെ പൊലീസുകാർ എന്നെ അന്വേഷിച്ചു നടപ്പായി. അവിടെ ഈ സമ്മേളനവുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രശ്നങ്ങളുണ്ടായി. അവിടെ ലൈവ് നടത്താനിരുന്ന ഇന്റർനെറ്റ് കണക്ഷൻ എംഎൽഎയും സംഘവും ചേർന്ന് കട്ട് ചെയ്ത് കളഞ്ഞു. ഏതാണ്ട് രണ്ടു മണിക്കൂറിനു ശേഷമാണ് നമുക്ക് ലൈവ് കൊടുക്കാൻ സാധിച്ചത്. അതിനു ശേഷം ജാമർ വച്ച് ലൈവ് തടഞ്ഞു. ഈ സമ്മേളനം നടന്ന കോളജ് ഗ്രൗണ്ട് സെന്റ് പീറ്റേഴ്സ് കോളജിന്റെ കയ്യിൽ 65 വർഷമായിട്ടുള്ളതാണ്. അവിടെ ഇഷ്ടം പോലെ പരിപാടികൾ നടക്കാറുണ്ട്.

നമ്മുടെ പരിപാടി നടക്കുന്നതിനു രണ്ടാഴ്ച മുൻപാണ് അവിടെ മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്നുള്ള നവകേരള സദസ് നടന്നത്. പക്ഷേ, ആദ്യം നമുക്ക് അനുമതി തന്ന പൊലീസ് തന്നെ, പിന്നീട് അനുമതി നിഷേധിച്ചു. ഈ ഗ്രൗണ്ടിൽ പുറമ്പോക്ക് സ്ഥലമുണ്ട് എന്നാണ് കാരണം പറഞ്ഞത്. അതായത് 65 വർഷമായി കോളജിന്റെ കയ്യിലിരിക്കുന്ന സ്ഥലത്ത് ട്വന്റി20 ഒരു പരിപാടി നടത്തിയപ്പോഴാണ് അതിൽ പുറമ്പോക്ക് ഉണ്ടെന്ന് കണ്ടെത്തിയത്. ഇന്ന് ഈ സ്റ്റേജിൽ നിൽക്കുമ്പോൾ, ഇപ്പോൾ മാത്രമാണ് എനിക്കു സമാധാനമായത്. അതായത് ഈ പരിപാടി ഇവിടെ നടത്താൻ പറ്റുമെന്ന് ഉറപ്പായത് ഇപ്പോഴാണ്.

കഴിഞ്ഞ ഒരാഴ്ചയായിട്ട് ഞാൻ സ്ഥിരമായി പൊലീസ് സ്റ്റേഷനിലാണ്. പുത്തൻകുരിശു പൊലീസ് വിളിക്കും, കുന്നത്തുനാട് പൊലീസും വിളിക്കും. ചോദ്യം ചെയ്യാൻ വിളിക്കുന്നതാണ്. നിങ്ങളെല്ലാവരും കൂടി തിരഞ്ഞെടുത്തയച്ച ഒരു എംഎൽഎ എന്നോടു ചെയ്യുന്ന ദ്രോഹമാണ് അത്. എന്റെ പേരിൽ എത്ര ക്രിമിനൽ കേസുകളുണ്ടെന്ന് എനിക്കു തന്നെ അറിയില്ല. പൊലീസ് വന്ന് അന്വേഷണം നടത്തും, എന്നെ ഏതു നിമിഷവും അറസ്റ്റ് ചെയ്യാം. കോടതിയിൽ പോയി സ്ഥിരമായിട്ട് എന്നെ അറസ്റ്റ് ചെയ്യരുതെന്ന് ഉത്തരവു വാങ്ങേണ്ട അവസ്ഥയിലാണ് ഇപ്പോൾ നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്.

പക്ഷേ ഒരു കാര്യം ഞാൻ പറയാം. എന്നെ അറസ്റ്റ് ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ ഒരാഴ്ചയ്ക്കുള്ളിൽ നമ്മുടെ മുഖ്യമന്ത്രിയുടെ ഓമനപ്പുത്രിയെ ഞാൻ അകത്താക്കും. ഇത് സ്വപ്നയുടെ കയ്യിലിരിക്കുന്ന ബോംബല്ല. സാബു ജേക്കബിന്റെ കയ്യിലിരിക്കുന്ന ബോംബാണ്. എന്നെ എതിർക്കുന്ന എംഎൽഎയോടും സഖാക്കളോടും ജില്ലാ നേതൃത്വത്തോടുമാണ് ഞാൻ പറയുന്നത്. എന്റെ കയ്യിലിരിക്കുന്ന ബോംബ് ആറ്റംബോംബാണ്.

ഈ പൂതൃക്ക സമ്മേളനം കഴിഞ്ഞ ഒരാഴ്ച കഴിഞ്ഞപ്പോൾ ഞാൻ കേൾക്കുന്നു, സാബു ജേക്കബിന്റെ ആസ്ഥാനത്തേക്ക് ഡിഫിക്കുഞ്ഞുങ്ങൾ പിക്കറ്റ് ചെയ്യാൻ വരുന്നു എന്ന്. അപ്പോൾ നാലു മണിയാണ് സമയം പറഞ്ഞിരുന്നത്. എനിക്ക് ഒറ്റ ആസ്ഥാനമേയുള്ളൂ. മൂന്നരയായി, നാലു മണിയായി. ഒരു പത്തു വർഷം മുൻപായിരുന്നെങ്കിൽ എല്ലാ ദിവസവും കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും എസ്ഡിപിഐക്കാരുമെല്ലാം തുടർച്ചയായി ഈ ആസ്ഥാനത്തേക്ക് വന്നിരുന്നെങ്കിൽ, കുറച്ചുനാളായി അത് കാണാനാകുന്നില്ലല്ലോ എന്ന് കരുതിയിരിക്കുമ്പോഴാണ് ഡിഫിക്കാർ ആ സന്തോഷ വാർത്തയുമായി വരുന്നത്. അങ്ങനെ നാലു മണിയായി, അഞ്ചു മണിയായി കാണുന്നില്ല. ഞാൻ അന്വേഷിച്ചപ്പോൾ പറയുന്നു, ആസ്ഥാനത്തേക്കല്ല എന്റെ വീട്ടിലേക്കാണ് വരുന്നത്. ഞാൻ കാറെടുത്ത് ഉടൻ വീട്ടിലേക്കു പാഞ്ഞു. കാരണം, ഈ കാഴ്ച പിന്നീട് കാണാനായില്ലല്ലോ. കുറേ നാളായി ഇതു കണ്ടിട്ട്.

വീട്ടിലെത്തിയപ്പോൾ എന്റെ മകൾ ഓടി വന്നിട്ടു പറ‍ഞ്ഞു, അപ്പയെ തോളിലേറ്റിക്കൊണ്ട് കുറേ ചേട്ടൻമാർ പോകുന്നതു കണ്ടു എന്ന്. അപ്പയുടെ ഫോട്ടോയെടുത്ത് മുഖത്തുവച്ചിട്ട് 3–4 ചേട്ടൻമാർ കിഴക്കമ്പലത്തുകൂടി നടക്കുന്നുണ്ട് എന്ന്. അവരെ കാത്ത് ഞാനും ഭാര്യയും മക്കളും വീട്ടിലിരുന്നു. പക്ഷേ വന്നില്ല. അടുത്ത തവണ സമ്മേളനം നടത്തുമ്പോൾ വരുമായിരിക്കും എന്ന് കരുതി ഞങ്ങൾ ആശ്വസിച്ചു. സാബു ജേക്കബിനെ പച്ചയ്ക്കു കത്തിക്കും എന്നു മുദ്രാവാക്യം വിളിച്ച് കോലം കത്തിച്ചതായി ഞാൻ അറിഞ്ഞു. ഇവർക്കൊക്കെ ഇപ്പോൾ ഭയങ്കര മടിയായി. കുറച്ചുകൂടി നടന്നിരുന്നെങ്കിൽ എന്റെ വീട്ടിലെത്തുമായിരുന്നു. പക്ഷേ അവർ പാതിവഴിക്ക് നിർത്തി.

ഇവിടെയൊക്കെ പതുങ്ങിനിന്ന് കേൾക്കുന്ന ഡിഫിക്കാരായിക്കോട്ടെ, കമ്യൂണിസ്റ്റുകാരായിക്കോട്ടെ... നിങ്ങൾ ദയവു ചെയ്ത് ആഴ്ചയിൽ ഒരിക്കലെങ്കിലും എന്റെ വീട്ടിലേക്ക് ഇതുപോലുള്ള പ്രകടനമായിട്ടു വരണം. കാരണം, ഇതൊരു ബഹുമതിയാണ്. ഇന്ന് ഇന്ത്യയിൽ ആരുടെയെങ്കിലും കോലം കത്തിക്കുന്നുണ്ടെങ്കിൽ മൂന്നു പേരേയുള്ളൂ. ഒന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, രണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മൂന്നാമത് ആ  ബഹുമതി എനിക്കാണ്. നിങ്ങൾ വീണ്ടും ആ ബഹുമതി എനിക്കു തന്നെ നിലനിർത്തണം.

എനിക്ക് സിപിഎമ്മിന്റെയോ കോൺഗ്രസിന്റെയോ ബിജെപിയുടെയോ സീറ്റ് കിട്ടുന്നതിന് യാതൊരു ബുദ്ധിമുട്ടുമില്ല. 2021 തിരഞ്ഞെടുപ്പു സമയത്ത് കോൺഗ്രസിന്റെ മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവർ എന്റെ വീട്ടിൽ വന്നിരുന്നു. രാത്രി 10 മുതൽ രാവിലെ 2 വരെ ചർച്ച ചെയ്തു. എനിക്ക് മൂന്നു സീറ്റ്, അഞ്ച് സീറ്റു വരെ വാഗ്ദാനം ചെയ്തു. എനിക്ക് എംഎൽഎയോ മന്ത്രിയോ ആകണമെങ്കിൽ അന്ന് തലയാട്ടിയാൽ മതിയായിരുന്നു.

ഇതുപോലെയാണ് എൽഡിഎഫ് നേതാക്കളും വന്നു. സിപിഎം ജില്ലാ സെക്രട്ടറി, സിഐടിയുടെ സംസ്ഥാന സെക്രട്ടറി, മുൻപത്തെ സെക്രട്ടറിമാർ, ഇപ്പോഴത്തെ വ്യവസായ മന്ത്രി പി.രാജീവ് തുടങ്ങിയ എൽഡിഎഫ് നേതാക്കൾ അഞ്ചു തവണയാണ് തലയിൽ മുണ്ടിട്ട് എന്റെ വീട്ടിൽ ചർച്ചയ്ക്കായി വന്നത്. ഇല്ല എന്ന് അവർ പറയട്ടെ. വിഡിയോ ദൃശ്യങ്ങൾ തെളിവായി കാണിക്കാം.

എനിക്ക് എംഎൽഎയാകണം, എംപിയാകണം, മന്ത്രിയാകണം എന്നൊക്കെയുണ്ടായിരുന്നെങ്കിൽ നേരത്തേ ആകാമായിരുന്നു. എനിക്ക് ബിജെപിയും എഎപിയും കോൺഗ്രസും രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്. അധികാരത്തിനോ സ്ഥാനമാനത്തിനോ പണത്തിനോ വേണ്ടിയല്ല ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്. അങ്ങനെയെങ്കിൽ നേരത്തേ ആകാമായിരുന്നു. ബിജെപിക്കാരൻ വന്ന് സീറ്റ് വാഗ്ദാനം ചെയ്താൽ അതു കണ്ട് ചാടുന്നവനല്ല സാബു ജേക്കബ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ സാബു ജേക്കബുമായി ചർച്ച നടത്തിയെന്ന് വാർത്ത കണ്ടു. ഈ സുരേന്ദ്രനെ ഞാൻ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല. ഫോണിൽപ്പോലും സംസാരിച്ചിട്ടില്ല. പക്ഷേ ചാനലുകാർ എന്നെ ബിജെപിയുടെ എറണാകുളത്തെ സ്ഥാനാർഥിയാക്കി മാറ്റി. ഈ സമ്മേളനത്തിന് എത്തുന്ന പതിനായിരങ്ങളെ തടയുകയായിരുന്നു ലക്ഷ്യം. പക്ഷേ, നടന്നിട്ടില്ല. കഴിഞ്ഞയാഴ്ച എന്നെ കമ്മിയാക്കി. ഇപ്പോൾ സംഘിയാക്കി. ഇവിടെ വന്നിരിക്കുന്നത് കുടുംബശ്രീക്കാരോ തൊഴിലുറപ്പുകാരോ അല്ല. ഈ നാട്ടിലെ പാവപ്പെട്ട ജനങ്ങളാണ്.

ഇന്ന് 21 മന്ത്രിമാർ എന്റെയും നിങ്ങളുടെയും പാവപ്പെട്ട സകലരുടെയും നികുതിപ്പണം കൊണ്ട് അമേരിക്കയിലും ലണ്ടനിലും ജപ്പാനിലും കൊറിയയിലുമെല്ലാം ചുറ്റിയടിക്കുന്നു. അവർ എത്രമാത്രം സുഖിക്കുന്നുണ്ട് എന്ന് ഏറ്റവും അടുത്തറിയാവുന്ന വ്യക്തിയാണ് ഞാൻ. ഇവർ ഇന്ത്യ വിട്ടുപോകുമ്പോഴെല്ലാം ഞാനും അവരുടെ കൂടെ പോയി. അങ്ങനെ ഒരു പാപം ഞാൻ ചെയ്തിട്ടുണ്ട്. പിണറായി വിജയൻ കഴിഞ്ഞ 5 വർഷം ഭരിക്കുമ്പോൾ ഞാനില്ലാതെ ഇന്ത്യ വിട്ടുപോയിട്ടില്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ എല്ലാ പരിപാടിയും എനിക്കറിയാം. അദ്ദേഹം മയോ ക്ലിനിക്കിൽ 32 ദിവസം കിടന്നപ്പോൾ ഒരു പുത്രനേപ്പോലെ അദ്ദേഹത്തിന്റെ സമീപത്തിരുന്ന് മൂത്രമൊഴിപ്പിക്കാനും തിരിച്ചുകൊണ്ടു പോയി കിടത്താനുമെല്ലാം കൂടെയുണ്ടായിരുന്നയാളാണ് ഞാൻ.

പക്ഷേ, ആ മനഃസാക്ഷി അന്ന് അദ്ദേഹം എന്നോടു കാണിച്ചില്ല. എന്നെ ഒരു പട്ടിയേപ്പോലെ വളഞ്ഞിട്ട് ആക്രമിച്ചു. ഇവിടുത്തെ എംഎൽഎയും ജില്ലാ നേതൃത്വവും വ്യവസായ മന്ത്രിയും ചേർന്ന് വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ അദ്ദേഹം ഇതെല്ലാം കണ്ട് വീഴുന്നെങ്കിൽ വീഴട്ടെ എന്ന് കരുതിയിരുന്നു. അന്ന് എനിക്ക് അദ്ദേഹത്തിനെതിരെ തിരിയാമായിരുന്നു. പക്ഷേ തിരിഞ്ഞില്ല. കാരണം കൂടെ നടന്ന് വിശ്വാസവഞ്ചന കാട്ടുന്ന കുടുംബമല്ല ഇത്. ഇന്നും ഇത് എന്നെക്കൊണ്ടു പറയിക്കുന്ന സാഹചര്യം വന്നതാണ്.

English Summary:

Twenty20 Chief Coordinator Sabu M. Jacob challenged Chief Minister Pinarayi Vijayan.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com