ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തു ക്യാംപസ് വ്യവസായ പാർക്കുകൾ സ്ഥാപിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്ക് സ്കീം- 2024 അംഗീകരിച്ചു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉപയോഗശൂന്യമായി  കിടക്കുന്ന സ്ഥലങ്ങളിലാണു പാർക്കുകൾ ആരംഭിക്കുക. വ്യവസായ ആവശ്യത്തിനായി സ്ഥലലഭ്യതയുടെ ദൗർലഭ്യം പരിഹരിക്കുന്നതിനു സർക്കാർ ആവിഷ്കരിച്ച നവീന പദ്ധതിയാണ് ക്യാംപസ് വ്യവസായ പാർക്ക്. 

Read Also: ‘വനിതാ സവംരണം സ്ത്രീകളുടെ വോട്ട് നേടുന്നതിനുള്ള പൊളിറ്റിക്കൽ സ്റ്റണ്ട്’

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ച് ഇവ ആരംഭിക്കുന്നതു വഴി വിദ്യാർഥി സമൂഹത്തിൽ വ്യവസായ സംരംഭകത്വം വളർത്താനും വ്യവസായ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും കഴിയും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന ഗവേഷണ പ്രവർത്തനങ്ങളിലൂടെ പുതുതായി കണ്ടെത്തുന്ന ഉൽപ്പന്നങ്ങളുടെ വ്യാവസായിക ഉത്പാദനം വേഗത്തിൽ ആരംഭിക്കുന്നതിനുള്ള സംവിധാനം കൂടി ആവിഷ്കരിക്കും.

മന്ത്രിസഭായോഗ തീരുമാനങ്ങൾ

∙ഡ്രൈവിങ് ലൈസന്‍സ് അച്ചടി തുകയിലെ കുടിശ്ശിക അനുവദിക്കും

ഡ്രൈവിങ് ലൈസന്‍സ്, റജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ അച്ചടിച്ചു വിതരണം ചെയ്തതിലുള്ള കുടിശ്ശിക നല്‍കാന്‍ തീരുമാനിച്ചു. ഐടിഐ ലിമിറ്റഡ് ബെംഗളുരുവിന് നല്‍കാനുള്ള 8.66 കോടി രൂപയും സി-ഡിറ്റിന് നല്‍കാനുള്ള തുകയും ഉള്‍പ്പെടെ 15 കോടിയാണ് അനുവദിക്കുക.

∙മാക്കേക്കടവ് - നേരേക്കടവ് പാലം നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കും

ആലപ്പുഴ തുറവൂര്‍-പമ്പാ റോഡില്‍ വേമ്പനാട് കായലിനു കുറുകെയുള്ള മാക്കേക്കടവ്-നേരേക്കടവ് പാലം നിര്‍മാണത്തിന്‍റെ തുടര്‍ പ്രവൃത്തിക്കുള്ള പൊതുമരാമത്ത് വകുപ്പിന്‍റെ നിര്‍ദേശം അംഗീകരിച്ചു. ഇതോടെ ബാക്കിയുള്ള പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കാനാകും. 

∙ആശ്രിത നിയമനം

പാലക്കാട് പട്ടാമ്പിയിലെ പ്രഭാകരന്‍റെ മകന്‍ എം.പി.പ്രവീണിന് പട്ടിക ജാതി വികസന വകുപ്പിന്‍റെ കുഴല്‍മന്ദം മോഡല്‍ റസിഡന്‍ഷ്യല്‍ സ്കുളില്‍ ലാസ്റ്റ് ഗ്രേഡ് തസ്തികയില്‍ നിയമനം നല്‍കും. അതിക്രമത്തിന് ഇരയായി മരണപ്പെടുന്ന പട്ടികജാതി-പട്ടിക വര്‍ഗത്തില്‍പ്പെട്ടവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുന്ന പദ്ധതി പ്രകാരമാണിത്. പ്രഭാകരന്‍ ഒരു കൂട്ടം ആളുകളുടെ ആക്രമണത്തില്‍ 2015ലാണു മരണപ്പെട്ടത്. 

∙താൽക്കാലിക തസ്തികകള്‍ക്കും തുടര്‍ച്ചാനുമതി

ഇടുക്കി, രാജകുമാരി, മുരിക്കാശ്ശേരി, നെടുങ്കണ്ടം, കരിമണ്ണൂര്‍, കട്ടപ്പന എന്നീ 6 പ്രത്യേക ഭൂമി പതിവ് ഓഫിസുകളിലെ 174 താൽക്കാലിക തസ്തികകള്‍ക്കും, തൃശൂര്‍ ജില്ലയിലെ തൃശൂര്‍ യൂണിറ്റ് നമ്പര്‍ വണ്‍ സ്പെഷല്‍ തഹസില്‍ദാര്‍ ഓഫിസിലെ 29 താൽക്കാലിക തസ്തികകള്‍ക്കും തുടര്‍ച്ചാനുമതി ദീര്‍ഘിപ്പിച്ച് നല്‍കിയത് സാധൂകരിച്ചു. 

∙ശമ്പള പരിഷ്കരണം

രണ്ടാം  ദേശ‌ീയ ജുഡീഷ്യല്‍ ശമ്പള കമ്മിഷന്‍റെ ശുപാര്‍ശ അനുസരിച്ചു സംസ്ഥാനത്തെ വിജിലന്‍സ് ട്രൈബ്യൂണൽമാരുടെ ശമ്പളവും ആനുകൂല്യങ്ങളും അലവന്‍സുകളും 2016 ജനുവരി ഒന്ന് പ്രാബല്യത്തില്‍ പരിഷ്കരിക്കും.

∙സേവനകാലാവധി ദീര്‍ഘിപ്പിച്ചു

മലബാര്‍ ഇന്‍റര്‍നാഷനല്‍ പോര്‍ട്ട് ആന്‍‍ഡ് സെസ് ലിമിറ്റഡ് കമ്പനിയുടെ എംഡിയായ  എല്‍.രാധാകൃഷ്ണന്‍റെ സേവനകാലാവധി ഒരു വര്‍ഷത്തേക്കു ദീര്‍ഘിപ്പിച്ചു. കോട്ടൂര്‍ ആന പുനരവധിവാസ കേന്ദ്രത്തിന്‍റെയും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്‍റെയും സ്പെഷല്‍ ഓഫിസറായ കെ.ജെ.വര്‍ഗീസിന്‍റെ നിയമനകാലാവധി ദീര്‍ഘിപ്പിച്ചു. 

∙മുദ്രവിലയില്‍ ഇളവ്

ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി കേരള വാട്ടര്‍ അതോറിറ്റി ഏറ്റെടുക്കുന്ന കൊല്ലം, പെരിനാട് വില്ലേജിലെ വസ്തുവും തൃക്കരുവ വില്ലേജിലെ വസ്തുവും റജിസ്റ്റര്‍ ചെയ്യുന്നതിന് മുദ്രവില, റജിസ്ട്രേഷന്‍ ഫീസ് ഇനങ്ങളിലുള്ള തുക ഇളവ് ചെയ്യും.

English Summary:

Campus Industrial parks in state

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com