ADVERTISEMENT

ന്യൂഡൽഹി∙ സിനിമകളുടെ സെൻസറിങ് ചട്ടത്തിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ. സിനിമാറ്റോഗ്രാഫ് ഭേദഗതി ബില്ലിൽ യു/എ വിഭാഗത്തിൽ പെടുന്ന സിനിമകൾക്ക് ഉപവിഭാഗങ്ങൾ നൽകുന്നതുൾപ്പടെയുള്ള മാറ്റങ്ങളാണു നിർദേശിച്ചിരിക്കുന്നത്. 

പ്രായപൂർത്തിയായവർക്കും രക്ഷിതാക്കൾക്കൊപ്പം കുട്ടികൾക്കും കാണാൻ അനുമതി നൽകിയിരുന്ന യു/എ വിഭാഗത്തിന് കാഴ്ച്ക്കാരുടെ പ്രായത്തിന് അനുസരിച്ച് ഉപവിഭാഗങ്ങൾ ഏർപ്പെടുത്താനാണു നീക്കം. ഇതുപ്രകാരം ഏഴുവയസ്സിനു മുകളിൽ ഉളള കുട്ടികൾക്കു കാണാനാകുന്ന സിനിമകൾക്ക് യു/എ7പ്ലസ് എന്നായിരിക്കും സർട്ടിഫിക്കറ്റ് നൽകുക. ഇത്തരത്തിൽ യു/എ 7 പ്ലസ്, യു/എ13 പ്ലസ്, യു/എ16 പ്ലസ് എന്നിങ്ങനെ ഉപവിഭാഗങ്ങൾ നിശ്ചയിക്കും. 

നിലവിൽ എ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള സിനിമകൾക്കു ടെലിവിഷൻ സംപ്രേഷണാനുമതിയില്ല. പുതിയ ചട്ടപ്രകാരം എ സർട്ടിഫിക്കേഷനു കാരണമായ ഭാഗങ്ങളിൽ മാറ്റം വരുത്തിക്കൊണ്ട് യു സർട്ടിഫിക്കറ്റോടുകൂടി സിനികൾ ടെലിവിഷനിൽ പ്രദർശിപ്പിക്കാൻ സാധിക്കും. അതിനു വേണ്ടി പോർട്ടിലിലൂടെ അപേക്ഷിക്കാം.

ഇതിനുപുറമേ സെൻസർ ബോർഡിലെ വനിതാ അംഗങ്ങളുടെ എണ്ണം കൂട്ടാനും നിർദേശമുണ്ട്. ബോർഡിൽ ചുരുങ്ങിയത് മൂന്നിലൊന്നു വനിതകൾ വേണമെന്നാണു ചട്ടത്തിൽ നിർദേശിക്കുന്നത്. 50 ശതമാനം വനിതകൾ ഉണ്ടെങ്കിൽ അത് അഭികാമ്യമായിരിക്കും. 

സർട്ടിഫിക്കേഷൻ നടപടികളിലെ തേഡ് പാർട്ടി ഇടപെടൽ ഒഴിവാക്കാനും നീക്കമുണ്ട്. ഇടനിലക്കാർ വഴി സെൻസറിങ് നടത്തുന്നത് അഴിമതികൾക്ക് ഇടയാക്കുന്ന പശ്ചാത്തലത്തിലാണ് തേഡ് പാർട്ടി സെൻസറിങ് നടപടി ഒഴിവാക്കുന്നത്. സെൻസർ ചെയ്യേണ്ട സിനിമകൾ പോർട്ടൽ വഴി അപേക്ഷിക്കാൻ സാധിക്കും. മാർച്ച് ഒന്നുവരെ പുതിയ ചട്ടങ്ങളിൽ പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താം.

യു സർട്ടിഫിക്കറ്റ് ലഭിച്ച പടങ്ങൾ എല്ലാ പ്രായക്കാർക്കും കാണാൻ സാധിക്കുന്ന ചിത്രങ്ങളാണ്. യു/എ രക്ഷിതാക്കളുടെ കൂടെ കാണാം. ചില ദൃശ്യങ്ങൾ 14 വയസ്സിൽ താഴെ ഉള്ളവരെ ബാധിക്കാനിടയുണ്ട് അതിനാൽ രക്ഷിതാക്കളുടെ കൂടെ കാണാമെന്നാണ് ഇത് അർഥമാക്കുന്നത്. എ സർട്ടിഫിക്കറ്റ് പ്രായപൂർത്തി ആയവർക്കു മാത്രം കാണാവുന്ന ചിത്രങ്ങളാണ്. ലൈംഗിക ദൃശ്യങ്ങൾ, മയക്കുമരുന്ന് ഉപയോഗം, അസഭ്യ ഭാഷാപ്രയോഗം തുടങ്ങിയ ദൃശ്യങ്ങൾ ഉള്ള ചിത്രങ്ങൾക്കാണ് പൊതുവേ എ സർട്ടിഫിക്കറ്റ് നൽകുന്നത്. തിരഞ്ഞെടുക്കപ്പെട്ട പ്രത്യേക വിഭാഗക്കാർക്കു മാത്രം കാണാവുന്ന ചിത്രങ്ങൾക്കാണ് എസ് സർട്ടിഫിക്കറ്റ് നൽകി വരുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com