ADVERTISEMENT

ന്യൂഡൽഹി∙ റഷ്യൻ യുദ്ധമുഖത്തു കുടുങ്ങിയതു 20 ഇന്ത്യക്കാരെന്ന് സ്ഥിരീകരിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇവരെ തിരിച്ചെത്തിക്കാൻ ചർച്ചകൾ തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു. റഷ്യയിൽ കുടുങ്ങിക്കിടക്കുന്ന 20 പേർ ഇന്ത്യൻ അധികൃതരുമായി ബന്ധപ്പെട്ടെന്നാണു വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ്. ഇവരെ തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണെന്നു വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധിർ ജയ്‌സ്‌വാൾ പറഞ്ഞു.  യുദ്ധമേഖലയിലേക്കു കടക്കരുതെന്നും പ്രതിസന്ധി നിറഞ്ഞ സാഹചര്യങ്ങളിൽ അകപ്പെടരുതെന്നും ആളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. മോസ്കോയിലെയും ന്യൂഡൽഹിയിലെയും റഷ്യൻ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും രൺധിർ ജയ്‍സ്‍വാൾ പറഞ്ഞു.

Read Also: റഷ്യൻ സേനയ്ക്കൊപ്പമുള്ള ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ ശ്രമം

മികച്ച ജോലികൾ ലക്ഷ്യമിട്ട് റഷ്യയിലെത്തിയ ഇന്ത്യക്കാരാണു യുക്രെയ്ന് എതിരെ യുദ്ധം ചെയ്യാൻ നിർബന്ധിതരായിരിക്കുന്നത്. റഷ്യയിലെത്തിയ ഹൈദരാബാദിൽനിന്നുള്ള മുഹമ്മദ് സൂഫിയാൻ എന്നയാൾ ഏജന്റിന്റെ ചതിയിൽപ്പെടുകയായിരുന്നു. തുടർന്നു റഷ്യൻ സൈന്യത്തിൽ ചേരാൻ നിർബന്ധിതനായി. റഷ്യയിൽ കുടുങ്ങിക്കിടക്കുന്ന ചെറുപ്പക്കാരെ സുരക്ഷിതരായി തിരികെ എത്തിക്കണമെന്നും ഏജന്റിന് എതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സൂഫിയാന്റെ കുടുംബം കേന്ദ്രസർക്കാരിനെയും വിദേശകാര്യ മന്ത്രാലയത്തെയും സമീപിച്ചു.  

ഇന്ത്യക്കാർ റഷ്യൻ യുദ്ധമുഖത്തു കുടുങ്ങിക്കിടക്കുന്നതു സംബന്ധിച്ചു കേന്ദ്രത്തിന് വിവരം ലഭിക്കുന്നത് ഫെബ്രുവരി 23 നാണു. ഇവരുടെ മോചനത്തിനായി ശ്രമിക്കുകയാണെന്നും കേന്ദ്രം തുടർന്നു വ്യക്തമാക്കിയിരുന്നു. റഷ്യയിൽ ആർമി സെക്യൂരിറ്റി ഹെൽപർ തസ്തികയിലേക്കു ജോലിക്കു പോയവരെയാണ് യുക്രെയ്നിലെ ഡോണെറ്റ്സ്കിൽ യുദ്ധമുഖത്തു റഷ്യ ഡ്യൂട്ടിക്കു നിയോഗിച്ചത്. അവിടെനിന്നു രക്ഷപ്പെട്ട് ആശുപത്രിയിലെത്തിയവരിലൊരാളുടെ കുടുംബാംഗങ്ങൾ അസദുദ്ദീൻ ഉവൈസി എംപിയെ ബന്ധപ്പെട്ടപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. യുപി, ഗുജറാത്ത്, പഞ്ചാബ്, തെലങ്കാന എന്നിവിടങ്ങളിൽനിന്നുള്ളവരാണ് യുട്യൂബ് ചാനലിലെ വിവരം കണ്ട് ഫസൽഖാൻ എന്ന ഏജന്റ് വഴി നവംബറിൽ റഷ്യയിലെത്തിയത്.

മോസ്കോയ്ക്കു സമീപം ടെന്റിൽ താമസിപ്പിച്ച് 2 മാസം ആയുധപരിശീലനം നൽകുകയും തുടർന്ന് ഡോണെറ്റ്സ്കിലേക്കു തള്ളിവിടുകയുമായിരുന്നുവെന്നാണു വിവരം. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിടികൂടി സൈന്യത്തിന്റെ സാമഗ്രികൾ ചുമക്കാനേൽപിച്ചു. പലവട്ടം വെടിവയ്പ് നേരിട്ടു. പാസ്പോർട്ട് ഇല്ലാത്തതിനാൽ മോസ്കോയിലെ ഇന്ത്യൻ എംബസിയിൽനിന്നു സഹായം ലഭിച്ചില്ലെന്നും അവർ പരാതിപ്പെട്ടു.

English Summary:

India confirmed that 20 people stranded in Russian war zone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com