ADVERTISEMENT

തിരുവനന്തപുരം∙ മന്ത്രിമാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും എതിരെ ലോകായുക്തയിൽ നിലവിലുള്ളത് മൂന്നു കേസുകൾ. ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറച്ച് നിയമസഭ പാസാക്കിയ ബില്ലിനു കഴിഞ്ഞ ദിവസം രാഷ്ട്രപതി അംഗീകാരം നൽകിയിരുന്നു. അഴിമതിക്കേസിൽ കുറ്റം തെളിഞ്ഞതായി ലോകായുക്ത കണ്ടെത്തി സ്ഥാനത്തുനിന്നു മാറാൻ ശുപാർശ ചെയ്താൽ മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവയ്ക്കേണ്ടിവരുമെന്ന നിലവിലുള്ള വകുപ്പിലാണ് ഭേദഗതി വരുത്തിയത്. ഭേദഗതി പ്രകാരം മുഖ്യമന്ത്രിക്കെതിരെ ലോകായുക്ത ഉത്തരവിട്ടാൽ നിയമസഭയാണ് അപ്പീൽ അതോറിറ്റി. നിയമസഭയിൽ ഭൂരിപക്ഷമുള്ളതിനാൽ രാജിവയ്ക്കേണ്ടി വരില്ല. മന്ത്രിമാർക്കെതിരെ മുഖ്യമന്ത്രിയും എംഎൽഎമാർക്കെതിരെ സ്പീക്കറുമാണ് അപ്പീൽ അതോറിറ്റി.

Read also: ഗവർണർ അയച്ച മൂന്ന് ബില്ലുകൾ തടഞ്ഞുവച്ച് രാഷ്ട്രപതി; സംസ്ഥാന സർക്കാരിന് തിരിച്ചടി

തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനം, കോവിഡ് കാലത്തെ പിപിഇ കിറ്റ് ഇടപാട്, മിയാവാക്കി വനം പദ്ധതി തുടങ്ങിയവ സംബന്ധിച്ച കേസുകളാണ് ലോകായുക്തയുടെ പരിഗണനയിലുള്ളത്. മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും എതിർകക്ഷികളാക്കിയാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. മൂന്നു കേസുകളിലും ഹിയറിങ് നടക്കുകയാണ്. ഉത്തരവ് എതിരായാൽ മുഖ്യമന്ത്രിയുടെ മുന്നിലേക്ക് ഫയലെത്തും. മുഖ്യമന്ത്രിക്ക് ലോകായുക്ത ഉത്തരവ് തള്ളാൻ കഴിയും. ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകിയതോടെ ലോകായുക്ത സംവിധാനം ദുർബലമായെന്ന് നിയമവിദഗ്ധർ പറയുന്നു. ലോകായുക്ത ഉത്തരവിനെ തുടർന്ന് മുൻമന്ത്രി കെ.ടി.ജലീൽ രാജിവയ്ക്കേണ്ടി വന്നതോടെയാണ് നിയമഭേദഗതി കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്. ലോകായുക്ത ഉത്തരവിനെ മറികടക്കാൻ നിയമഭേദഗതിയിലൂടെ സർക്കാരിനു കഴിയും.

ലോകായുക്ത നിയമവും ഭേദഗതിയും

∙ നിയമം: ആർക്കെങ്കിലും എതിരെ ലോകായുക്തയുടെ തീർപ്പ് വന്നാൽ അവരുടെ നിയമനാധികാരി അതിലെ നിർദേശം നടപ്പാക്കിയശേഷം ലോകായുക്തയെ അറിയിക്കണം. ഗവർണർ, മുഖ്യമന്ത്രി, സർക്കാർ എന്നിവരാണു നിയമനാധികാരികൾ.

ഭേദഗതി: തീർപ്പ് വന്നാൽ അതത് അപ്‌ലറ്റ് അതോറിറ്റികൾ പരിശോധിച്ച് തള്ളുകയോ കൊള്ളുകയോ ചെയ്യും. മുഖ്യമന്ത്രിക്കെതിരായ വിധിയിൽ നിയമസഭയാണ് അപ്‌ലറ്റ് അതോറിറ്റി. മന്ത്രിമാർക്കെതിരെയെങ്കിൽ മുഖ്യമന്ത്രി; എംഎൽഎമാ‍ർക്കെതിരെയെങ്കിൽ സ്പീക്കർ. 90 ദിവസത്തിനകം തീരുമാനം ലോകായുക്തയെ അറിയിക്കണം. നിയമസഭ തീരുമാനം എടുക്കേണ്ട വിധിയിൽ, സഭ ചേരുന്നതു മുതൽ 90 ദിവസമാണു സമയപരിധി. ലോകായുക്ത കുറ്റക്കാരെന്നു കണ്ടെത്തിയാലും ഭരണകക്ഷിക്കു വേണ്ടപ്പെട്ടവരെങ്കിൽ രക്ഷിച്ചെടുക്കാൻ വഴിയൊരുക്കുന്നതാണ് ഇൗ ഭേദഗതി.

∙ നിയമം: രാഷ്ട്രീയ പാർട്ടികളിലെ സംസ്ഥാന ഭാരവാഹികൾക്കെതിരെ ലോകായുക്തയ്ക്കു കേസെടുക്കാനും വിധി പുറപ്പെടുവിക്കാനും അധികാരം.

ഭേദഗതി: പാർട്ടി ഭാരവാഹികളെ ലോകായുക്ത നിയമത്തിൽനിന്ന് ഒഴിവാക്കി. നേരത്തേ ഗവർണറായിരുന്നു അപ്‌ലറ്റ് അതോറിറ്റി. ഇതിൽ അനൗചിത്യമുണ്ടെന്നാണു സർക്കാർ വാദം. ഇതോടെ ലോകായുക്തയുടെ തീർപ്പിനുമേൽ ഗവർണറുടെ അധികാരം പൂർണമായും ഇല്ലാതായി.

∙ നിയമം: ലോകായുക്തയായി സുപ്രീം കോടതിയിൽനിന്നു വിരമിച്ച ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയോ നിയമിക്കണം. ഉപലോകായുക്തയായി ഹൈക്കോടതി സിറ്റിങ് ജഡ്ജിയെ നിയമിക്കണം.

ഭേദഗതി: ഹൈക്കോടതിയിൽനിന്നു വിരമിച്ച ജഡ്ജിയെ ലോകായുക്തയായും ഉപലോകായുക്തയായും നിയമിക്കാം.

English Summary:

Lok Ayukta (Amendment) Bill Details

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com