സന്ദേശ്ഖാലി: അറസ്റ്റിനു പിന്നാലെ ഷെയ്ഖ് ഷാജഹാന്‍ 6 വര്‍ഷത്തെ സസ്പെന്ഷന്

Mail This Article
കൊല്‍ക്കത്ത∙ സന്ദേശ്ഖാലിയില്‍ സ്ത്രീകളെ ലൈംഗികമായി ആക്രമിച്ച് അവരുടെ ഭൂമി തട്ടിയെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ പാര്‍ട്ടിയില്‍നിന്ന് ആറു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. കുറ്റം ചെയ്തവര്‍ ആരായാലും നടപടി സ്വീകരിക്കുമെന്ന് തൃണമൂല്‍ നേതാവ് ഡെറക് ഒബ്രെയ്ന്‍ അറിയിച്ചു. ബ്രിജ് ഭൂഷണ്‍ സിങ് ഉള്‍പ്പെടെയുള്ള കുറ്റാരോപിതരായ നേതാക്കള്‍ക്കെതിരെ ഇത്തരത്തില്‍ എന്തുകൊണ്ടാണ് ബിജെപി നടപടി സ്വീകരിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
Read Also: സന്ദേശ്ഖാലി: മുഖ്യപ്രതിയും തൃണമൂൽ നേതാവുമായ ഷെയ്ഖ് ഷാജഹാൻ അറസ്റ്റിൽ; 55 ദിവസം ഒളിവിൽ
പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാള്‍ സന്ദര്‍ശിക്കുന്നതിനു തൊട്ടു മുന്‍പാണ് ഷെയ്ഖ് ഷാജഹാനെതിരെ തൃണമൂല്‍ കടുത്ത നടപടി സ്വീകരിച്ചത്. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം, സന്ദേശ്ഖാലിയിലെ ഭൂമി കൈയേറ്റം തുടങ്ങിയ കേസുകളിലാണ് ഷെയ്ഖ് ഷാജഹാനെ അറസ്റ്റ് ചെയ്തത്. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍നിന്ന് അര്‍ധരാത്രിയോടെയാണ് ഷെയ്ഖ് ഷാജഹാനെ ബംഗാള്‍ പൊലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. ഷാജഹാനെ പിന്നീട് പത്തു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
55 ദിവസമായി ഒളിവിലായിരുന്നു. കുറച്ചുദിവസങ്ങളായി ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നുവെന്നു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഷെയ്ഖ് ഷാജഹാനും അനുയായികള്‍ക്കുമെതിരെ ഭൂമി തട്ടിയെടുക്കലും ലൈംഗികാതിക്രമവും ആരോപിച്ച് സന്ദേശ്ഖാലിയിലെ സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. ഇതോടെ ജനുവരി അഞ്ചിന് ഇയാള്‍ ഒളിവില്‍ പോയി. 2019ല്‍ മൂന്നു ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഷെയ്ഖ് ഷാജഹാന്‍. റേഷന്‍-ഭൂമി കുംഭകോണങ്ങള്‍, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങി സംഭവങ്ങളില്‍ ഇ.ഡിയും ഷെയ്ഖ് ഷാജഹാനെതിരെ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബംഗാളില്‍ വൈദ്യുതി വകുപ്പ് ജീവനക്കാര്‍ക്കെതിരെ ആക്രമണം നടത്തിയ കേസിലും ഇയാള്‍ പ്രതിയാണ്.