വലിയ പൊട്ടിത്തെറി, പുകപടലം, ചിതറിയോടി ആളുകൾ; ബെംഗളുരു സ്ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ
Mail This Article
ബെംഗളുരു∙ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. തിരക്കുപിടിച്ച ഒരു സാധാരണ ദിവസം അപ്രതീക്ഷിതമായ ദുരന്തമായി മാറുന്ന കാഴ്ചയാണ് സിസിടിവി ക്യാമറയിൽ ദൃശ്യമാകുന്നത്.
കഫേയുടെ കൗണ്ടറിന് മുകളിൽ സ്ഥാപിച്ച സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങളിൽ ഉപയോക്താക്കൾ സീറ്റിന് വേണ്ടി കാത്തിരിക്കുന്നത് കാണാം. പെട്ടെന്നുണ്ടാകുന്ന സ്ഫോടനത്തിൽ ഭയന്ന് ആളുകൾ ചിതറി ഓടുന്നതും പുക അടങ്ങുമ്പോൾ ഒരു സ്ത്രീ താഴെ വീണുകിടക്കുന്നതും കാണാം. ഇവർ പിന്നീട് എഴുന്നേൽക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കഴിയാതെ നിലത്തേക്ക് വീഴുന്നുണ്ട്.
മറ്റൊരു ക്യാമറ ദൃശ്യത്തിൽ ഓപ്പൺ കിച്ചണാണ് കാണുന്നത്. സ്ഫോടനം നടക്കുമ്പോൾ കാത്തിരിക്കുന്നവരും അടുക്കളയിലെ ജീവനക്കാരും ചിതറിയോടുന്നത് കാണാം. സ്ഥലത്ത് ബോംബ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരുമെത്തിയിട്ടുണ്ട്.
Read More: ബെംഗളൂരുവിലെ കഫേയിൽ സ്ഫോടനം, 5 പേർക്ക് പരുക്ക്; ഗ്യാസ് പൈപ്പ് ലൈൻ ചോർച്ചയെന്ന് സംശയം
കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയിൽ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സ്ഫോടനം നടന്നത്. നടന്നത് ബോംബ് സ്ഫോടനമാണെന്ന് കർണാടക മുഖ്യമന്ത്രി സ്ഥിരീകരിച്ചിരുന്നു. സ്ഫോടനത്തിൽ ഒൻപത് പേർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ യുഎപിഎ വകുപ്പുകൾ പ്രകാരം കേസെടുത്തു. കഫേയിൽ ബാഗ് കൊണ്ടുവച്ചയാളുടെ ദൃശ്യം പൊലീസ് ശേഖരിച്ചിട്ടുണ്ട്.