ADVERTISEMENT

കോട്ടയം∙ കോൺഗ്രസുകാരെ വായനയുടെ വഴിയിലേക്കു വീണ്ടുമെത്തിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് കെപിസിസി. ‘സമരാഗ്നി’ യാത്രയ്ക്കിടെ, കോൺഗ്രസിന്റെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് വിറ്റത് എണ്ണായിരത്തിലധികം പുസ്തകങ്ങളാണ്. 14 ജില്ലകളിലെ പര്യടനത്തിനിടെ പുസ്തകവിൽപനയിലെ വരുമാനം 2.18 ലക്ഷം രൂപ.

 കെ.സുധാകരനും വി.ഡി.സതീശനും നയിച്ച ‘സമരാഗ്നി’ കാസർകോട്ടു നിന്ന് ആരംഭിച്ചപ്പോൾ ഇത്രയും പുസ്തകങ്ങൾ വിറ്റഴിക്കപ്പെടുമെന്നു നേതാക്കൾ പോലും കരുതിയിരുന്നില്ല. ‘സമരാഗ്നി’ യാത്രിയിലുടനീളം, പ്രവർത്തകർക്കിടയിൽ പുസ്തകങ്ങൾ വിൽക്കാൻ പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ പുസ്തക വണ്ടിയുണ്ടായിരുന്നു. 30 ശതമാനം വിലക്കിഴിവിലായിരുന്നു പുസ്തക വിൽപന. ചില പുസ്തകങ്ങൾ 50 ശതമാനം  വിലക്കിഴിവിലും വിറ്റു. കയ്യിൽ കാശില്ലാതെ പുസ്തകം ആഗ്രഹിച്ച സാധാരണ പ്രവർത്തകർക്ക് സൗജന്യമായും നൽകി. 

450 ടൈറ്റിലുകളിലുള്ള പുസ്തകങ്ങളാണ് പ്രിയദർശിനിയുടെ പക്കലുണ്ടായിരുന്നത്. 32 പൊതുസമ്മേളനങ്ങളിലും 13 ജനകീയ ചർച്ചാ സദസ്സുകളിലും പുസ്തക വണ്ടിയെത്തി. ഉമ്മൻ‌ചാണ്ടിയെ കുറിച്ചുള്ള സ്മരണികയായ ‘ആർദ്ര മനസ്സാ’ണ് ഏറ്റവുമധികം വിറ്റഴിഞ്ഞ പുസ്തകം. പുസ്തകത്തിന്റെ 5000 കോപ്പികളാണ് ഇരുപതു ദിവസത്തിനിടെ വിറ്റുപോയത്. ‘തുടർഭരണം സൃഷ്ടിച്ചത് നവകേരളമോ സർവ നാശമോ’ എന്ന ലേഖന സമാഹാരം, ഡോ.എം.ലീലാവതി എഴുതിയ ‘ഇന്ദിരാഗാന്ധി’ എന്നീ പുസ്തകങ്ങളും മികച്ച തോതിൽ വിറ്റു. പുസ്തകങ്ങൾ വിൽക്കാൻ വി.ഡി.സതീശൻ മുൻകയ്യെടുത്താണ് പ്രിയദർശിനി പബ്ലിക്കേഷൻസിനു വണ്ടി വിട്ടുനൽകിയത്.

പ്രസിഡന്റുമാരും വായിക്കണം

കോൺഗ്രസിൽ പുതുതായി ചുമതലയേറ്റെടുത്ത 280 ബ്ലോക്ക് പ്രസിഡന്റുമാരും ആയിരം രൂപയ്ക്ക് പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ പുസ്തകം വാങ്ങണമെന്നതു നിർബന്ധമാണ്. ഭൂരിപക്ഷം ബ്ലോക്ക് പ്രസിഡന്റുമാരും പുസ്തകം വാങ്ങിയെന്നാണ് അധികൃതർ പറയുന്നത്. സംസ്ഥാനത്തെ എല്ലാ മണ്ഡലം പ്രസിഡന്റുമാരെ കൊണ്ടും ആയിരം രൂപയ്ക്കു പുസ്തകം വാങ്ങിപ്പിക്കുകയാണ് അടുത്ത ലക്ഷ്യം. പാർട്ടിയുമായി ബന്ധപ്പെട്ട പഠനങ്ങൾ അടങ്ങിയ പുസ്തകങ്ങളാണ് ഇവർക്കു നൽകുന്നത്.

പ്രസിദ്ധീകരണം വ്യാപിപ്പിക്കും
രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായിരുന്ന സമയത്താണ് പ്രിയദർശിനി പബ്ലിക്കേഷൻസ് ആരംഭിച്ചത്. ഇടക്കാലത്ത് സജീവമായിരുന്നെങ്കിലും പിന്നീട് പ്രവർത്തനം നിലച്ചു. ചില നേതാക്കന്മാർ മാത്രമാണ് കോൺഗ്രസിൽ വായിക്കാത്തതെന്നും ഞങ്ങളുടെ ഭൂരിപക്ഷം പ്രവർത്തകരും നല്ല വായനക്കാരാണെന്നും സമരാഗ്നിയിലൂടെ വെളിവായെന്നു പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ വൈസ് ചെയർമാനും കെപിസിസി ജനറൽ സെക്രട്ടറിയുമായ പഴകുളം മധു മനോരമ ഓൺലൈനിനോട് പറഞ്ഞു. പുസ്തകവിൽപനയിലൂടെ കിട്ടിയ പണം ഉപയോഗിച്ച് പ്രസിദ്ധീകരണ വിഭാഗം വിപുലീകരിക്കുന്നതിനൊപ്പം എഴുത്തുകാർ‌ക്ക് റോയൽറ്റിയും നൽകും. സാമ്പത്തിക പ്രതിസിന്ധി നേരിടുന്ന പാർട്ടിയെ ബുദ്ധിമുട്ടിപ്പിക്കാതെ മുന്നോട്ടുപോവുകയാണ് ലക്ഷ്യമെന്നും പഴകുളം മധു പറഞ്ഞു.

English Summary:

More than eight thousand books were sold during samaragni

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com