ADVERTISEMENT

കണ്ണൂർ∙ വധശ്രമത്തിന് ഇരയായ തനിക്ക് നീതി ലഭിച്ചില്ലെന്ന് സിപിഎം നേതാവ് പി.ജയരാജൻ. 24 വർഷങ്ങൾക്ക് മുൻപ് പി.ജയരാജനെ വീട്ടിൽ കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വിചാരണക്കോടതി ശിക്ഷ വിധിച്ച പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടതിന്റെ പശ്ചാത്തലത്തിലാണ് പി.ജയരാജന്റെ ആരോപണം. ആറുപ്രതികളിൽ ഒരാളെ ഒഴികെ മറ്റുള്ളവരെ ഹൈക്കോടതി വെറുതെവിട്ടിരുന്നു. കേസിന്റെ കാര്യത്തിൽ കോടതി നീതീകരിക്കാനാകാത്ത ധൃതി കാണിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വധശ്രമത്തിന് ഇരയായിട്ടുള്ള ആളെന്ന നിലയിൽ നീതി നിഷേധമാണ് ഇവിടെ സംഭവിച്ചതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. 

കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും സാക്ഷിമൊഴികൾ വിശ്വാസയോഗ്യമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സോമരാജൻ പ്രതികളെ വെറുതെ വിട്ടത്. 

പി.ജയരാജിന്റെ പോസ്റ്റിന്റെ പൂർണരൂപം

24 വർഷങ്ങൾക്ക് മുൻപ് തിരുവോണ ദിവസം വീട്ടിൽ കയറി എന്നെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾക്ക് വിചാരണ കോടതി നൽകിയ ശിക്ഷ റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി വിധി വന്നിരിക്കുന്നു. വിധി ഉണ്ടാക്കിയ അമ്പരപ്പിനെ തുടർന്ന് പലരും  എന്നെ വിളിച്ച് അവരുടെ അഭിപ്രായങ്ങൾ അറിയിക്കുകയുണ്ടായി.

കീഴ്ക്കോടതികളുടെ വിധികൾ മേൽക്കോടതികൾ റദ്ദാക്കുന്നത് സ്വാഭാവികമാണ്. ഞാൻ ഇരയായിട്ടുള്ള വധശ്രമ കേസിന്റെ ഹൈക്കോടതി വിധിയും അതുകൊണ്ട് തന്നെ ഞാൻ വ്യക്തിപരമായി എടുക്കുന്നുമില്ല. എന്നാൽ ജുഡീഷ്യറിയുടെ പല തലങ്ങളിലും ആർ.എസ്.എസിന്റെ ഇടപെടലുകൾ സാർവ്വത്രികമായി ചർച്ച  ചെയ്യപ്പെടുന്നത് കൊണ്ടു തന്നെ കേരള ഹൈക്കോടതിയുടെ ഈ കേസിലെ നടപടി ക്രമങ്ങൾ സസൂക്ഷ്മം പിന്തുടർന്നിരുന്നു. കാരണം ആർ.എസ്.എസ്. പ്രമുഖൻ കൂടി പ്രതികളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു.

2023 ഡിസംബർ 20 നാണ് അപ്പീൽ ഹരജികൾ ബഹുമാനപ്പെട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് പരിഗണിച്ചത്. പരിഗണനക്കെടുത്തപ്പോൾ കേസ് മറ്റൊരു ദിവസത്തേക്ക് നീട്ടിവെക്കണമെന്ന് ഗവൺമെന്റ് പ്ലീഡർ കോടതിയോടപേക്ഷിച്ചു. അപ്പീൽ ഹർജി കേൾക്കുന്നത് ക്രിസ്മസ് വെക്കേഷന് ശേഷം പരിഗണിക്കാമെന്ന് ജഡ്ജ് പറഞ്ഞു. എന്നാൽ തൊട്ടടുത്ത ദിവസം അതായത് ഡിസംബർ 21ന് ഈ മൂന്ന് അപ്പീലുകളും പരിഗണനക്കായി പോസ്റ്റ് ചെയ്യുകയാണുണ്ടായത്. 21ന് ഈ കേസ് പരിഗണനക്കെടുത്തപ്പോൾ തലേ ദിവസത്തെ കോടതിയുടെ തീരുമാനം വെക്കേഷന് ശേഷം പരിഗണിക്കണമെന്നായിരുന്നുവെന്ന കാര്യം ഗവൺമെന്റ് പ്ലീഡർ ഓർമ്മിപ്പിച്ചു. അങ്ങനെയാവാമെന്ന് കോടതിയും. ക്രിസ്മസ് അവധിക്ക് ശേഷം 2024 ജനുവരി 4ന് കേസ് പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇവിടെയാണ് അസ്വാഭാവികമായ നടപടിയുണ്ടായത്. ഈ കേസ് 'ഭാഗികമായി കേട്ടു' എന്നു കൂടി കോടതി രേഖപ്പെടുത്തി. യഥാർത്ഥത്തിൽ അപ്പീലുകളുടെ ഭാഗമായി ഒരു വാദവും ആരും ഉയർത്തിയിരുന്നില്ല. ഇത് ഇങ്ങനെ രേഖപ്പെടുത്തിയത് നീതിനിർവഹണ കാര്യത്തിൽ ഗൗരവമായ പ്രശ്നമാണ്. അപ്പീൽ പരിഗണിച്ച ബെഞ്ചിലെ വീഡിയോ ഫുട്ടേജ് പരിശോധിച്ചാൽ മേൽപറഞ്ഞതെല്ലാം വസ്തുതയാണെന്ന് വ്യക്തമാവും.

കേസിന്റെ കാര്യത്തിൽ കോടതി കാണിച്ച നീതീകരിക്കാനാവാത്ത  ധൃതി ശ്രദ്ധിക്കപ്പെടേണ്ടതാണ്. അക്രമത്തിന്റെ ഇരയെന്ന നിലയിൽ അതിനാൽ തന്നെ എനിക്ക് നീതി ലഭിച്ചില്ല. വധശ്രമത്തിന് ഇരയായിട്ടുള്ള ആളെന്ന നിലയിൽ നീതി നിഷേധമാണ് ഇവിടെ സംഭവിച്ചത്.

ഇതെല്ലാം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് 2023 ഡിസംബർ 26ന് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഞാൻ രേഖാമൂലം പരാതി നൽകിയത്. ഈ പരാതി പരിഗണിച്ചിരുന്നെങ്കിൽ ക്രിസ്മസ് വെക്കേഷന് ശേഷമുള്ള ക്രിമിനൽ അപ്പീലുകൾ പരിഗണിക്കുന്ന ബെഞ്ചാകുമായിരുന്നു ഈ കേസിൽ വിധി പറയുക.

ക്രിസ്മസ് അവധിക്ക് ശേഷം പരിഗണനക്ക് വെച്ച കേസ് തൊട്ടടുത്ത ദിവസം തന്നെ പരിഗണനക്കെടുത്തതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് 20ന് വൈകുന്നേരമാവുമ്പോഴേക്ക് ക്രിസ്മസ് അവധിക്ക് ശേഷമുള്ള ബെഞ്ചുകളുടെ ക്രമീകരണം ഹൈക്കോടതി തയ്യാറാക്കിയിരുന്നു. അതനുസരിച്ച് ഇപ്പോൾ വിധി പറഞ്ഞ ബെഞ്ചിന്റെ മുമ്പിലല്ല അപ്പീലുകൾ വരിക. രണ്ടാമതായി തലേ ദിവസം ഭാഗീകമായി കേട്ടു എന്ന് രേഖപ്പെടുത്തിയിരുന്നില്ല. 21ന് 'ഭാഗീകമായി കേട്ടു ' എന്ന് (കേൾക്കാതെ) രേഖപ്പെടുത്തിയാൽ വിധി പറഞ്ഞ ബെഞ്ചിൻ്റെ മുമ്പിൽ തന്നെ ക്രിസ്മസ് അവധിക്ക് ശേഷവും അപ്പീലുകൾ പരിഗണനക്ക് വരും. ഇക്കാരണങ്ങളാലാണ് നീതി ലഭിക്കുന്നതിന് വേണ്ടി റോസ്റ്റർ പ്രസിദ്ധീകരിച്ച പ്രകാരം ക്രിമിനൽ അപ്പീലുകൾ കേൾക്കുന്ന ബെഞ്ച് കേസ് പരിഗണിക്കണമെന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ഡിസംബർ 26ന് തന്നെ രേഖാമൂലം ഞാനപേക്ഷിച്ചത്. ഈ അപേക്ഷ പരിഗണിക്കപ്പെട്ടില്ല.

വിയോജിപ്പുകൾ സാർവ്വത്രികമായി ഉയർന്ന പല വിധികളും പുറപ്പെടുവിച്ച ന്യായാധിപന്മാർക്ക് വിരമിച്ചതിന് ശേഷം ലഭിച്ച പദവികൾ ഇന്ത്യൻ ജുഡീഷ്യറിക്ക് കളങ്കമേൽപ്പിച്ചതാണ്. ഉത്തർ പ്രദേശിലെ വാരണാസിയിലെ ഗ്യാൻവാപി പള്ളി ഹിന്ദുക്കൾക്ക് ആരാധനക്കായി തുറന്ന് കൊടുക്കണമെന്ന വിശ്വഹിന്ദു പരിഷത്തിന്റെ ഹരജി അനുവദിച്ച ജഡ്ജിക്ക് ലോകായുക്തയായി നിയമനം നൽകിയതാണ് ഇന്നത്തെ വാർത്ത. ഇത്തരം വാർത്തകൾ തുടർക്കഥയാവുന്ന വർത്തമാനകാല സാഹചര്യത്തിൽ ഇനിയെന്ത് എന്നതാണ് നമ്മുടെ മുമ്പിലുള്ള ചോദ്യം.

ജുഡിഷ്യറിയിൽ നിന്ന് നീതി നിർവഹണത്തിന്റെ അന്തസത്ത ഉയർത്തിപ്പിടിക്കാൻ തയ്യാറാവുന്നതിലാണ് നമ്മുടെ പ്രതീക്ഷ. ഈ കേസിന്റെ കാര്യത്തിൽ സംസ്ഥാന ഗവൺമെന്റ് നൽകുന്ന ഹരജിയിൽ എനിക്കും സുപ്രീം കോടതിയിൽ കക്ഷി ചേരാനാവും എന്നതാണ് കിട്ടിയ ഉപദേശം. അതേ സമയം ജുഡീഷ്യറിയിലെ ഇത്തരം പുഴുക്കുത്തുകൾക്കെതിരായി ജനങ്ങൾ പ്രതികരിക്കുകയും വേണം. കാരണം ജനാധിപത്യ വ്യവസ്ഥയിൽ ജനങ്ങളാണല്ലോ പരമാധികാരികൾ.

കോടതിയുടെ മഹനീയമായ പദവിയെ ജനങ്ങൾ ആദരപൂർവ്വമാണ് കാണുന്നത്. ന്യായാധിപന്മാർക്ക് നിർഭയമായും ധാർമ്മിക സത്യസന്ധത പാലിച്ചു കൊണ്ടും സമ്പത്തിന്റെയും അധികാരത്തിന്റെയും പ്രലോഭനങ്ങൾക്ക് വശംവദരാവാതെയും ജനങ്ങൾക്ക് നീതി ലഭ്യമാക്കാനുള്ള ബാധ്യതയുണ്ട്.

English Summary:

CPM leader P. Jayarajan said that he did not get justice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com