കസ്റ്റംസ് ഓഫിസർ ചമഞ്ഞ് 250 സ്ത്രീകൾക്ക് വിവാഹ വാഗ്ദാനം; രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ

Mail This Article
ബെംഗളൂരു ∙ കസ്റ്റംസ് ഓഫിസർ ചമഞ്ഞ് വിവിധ സംസ്ഥാനങ്ങളിലായി 250 സ്ത്രീകളെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ച രാജസ്ഥാൻ സ്വദേശിയെ അറസ്റ്റ് ചെയ്തു. ചിക്ക്പേട്ടിലെ വസ്ത്രവ്യാപാര കേന്ദ്രത്തിലെ ജീവനക്കാരനായ നരേഷ് പുരി(45)യെയാണ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. മാട്രിമോണിയൽ സൈറ്റുകളിൽ പവൻ അഗർവാൾ, അങ്കിത് ജെയിൻ എന്ന വ്യാജ പേരുകളിൽ റജിസ്റ്റർ ചെയ്താണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. പ്ലസ്ടു വരെ വിദ്യാഭ്യാസമുള്ള ഇയാൾ, പുനർവിവാഹത്തിന് റജിസ്റ്റർ ചെയ്തിരുന്നവരെയാണ് സമീപിച്ചിരുന്നത്.
Read Also: ഗോവയിൽ പോകാൻ പണം നൽകിയില്ല; അമ്മയുടെ സഹോദരന്റെ ഭാര്യയെ കൊന്ന് എൻജിനീയറിങ് വിദ്യാർഥി
കോയമ്പത്തൂർ സ്വദേശിനിയാണ് ഇയാൾക്കെതിരെ ആദ്യം പരാതി നൽകിയത്. നരേഷ് പുരി വിളിച്ച പ്രകാരം കെഎസ്ആർ റെയിൽവേ സ്റ്റേഷനിലെത്തിയ ഇവരിൽ നിന്ന് 10,000 രൂപ ഇയാൾ തട്ടിയെടുത്തു. തുടർന്ന്, ഇവർ റെയിൽവേ പൊലീസിൽ പരാതി നൽകിയതോടെയാണ്, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നരേഷിനെ പിടികൂടിയത്. കർണാടകയിൽ മാത്രം 17 പേരെ ഇയാൾ വഞ്ചിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. രാജസ്ഥാൻ, ഗുജറാത്ത്, ബിഹാർ, ജാർഖണ്ഡ്, ആന്ധ്ര, തമിഴ്നാട്, യുപി, ഡൽഹി എന്നിവിടങ്ങളിലും സമാനമായ കേസുകളുണ്ട്.