അഭിമുഖം വളച്ചൊടിച്ചു പ്രചരിപ്പിച്ചു, കോൺഗ്രസ് നേതാക്കൾക്ക് നോട്ടിസ് അയച്ച് ഗഡ്കരി

Mail This Article
ന്യൂഡൽഹി∙ കോൺഗ്രസ് പ്രസിഡനറ് മല്ലികാർജുൻ ഖർഗെയ്ക്കും ജനറൽ സെക്രട്ടറി ജയറാം രമേശിനും വക്കീൽ നോട്ടിസ് അയച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. അഭിമുഖം വളച്ചൊടിച്ചു എന്നാരോപിച്ചാണ് നോട്ടിസ്.
19 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ ഏത് സന്ദർഭത്തിലാണ് പറഞ്ഞത് എന്ന് മറച്ചുവച്ചുകൊണ്ട് കോൺഗ്രസ് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തുവെന്നാണ് ഗഡ്കരി പറയുന്നത്. അപകീർത്തിപ്പെടുത്തുക, തെറ്റിദ്ധാരണയുണ്ടാക്കുക എന്ന വ്യക്തമായ ഉദ്ദേശ്യത്തോടെയാണ് കോൺഗ്രസ് ഇതിന് മുതിർന്നതെന്ന് ഗഡ്കരി ആരോപിക്കുന്നു.
നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനുള്ളിൽ പോസ്റ്റ് നീക്കം ചെയ്യണമെന്ന് ഗഡ്കരി ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നുദിവസത്തിനുള്ളിൽ മാപ്പപേക്ഷ എഴുതി നൽകാനും അദ്ദേഹം ആവശ്യപ്പെട്ടു.
കോൺഗ്രസ് പങ്കുവച്ച വസ്തുതാവിരുദ്ധമായ വിഡിയോ, തന്നെ അപമാനിക്കുന്നതിനും താഴ്ത്തിക്കാണിക്കുന്നതിനും വേണ്ടിയാണെന്ന് ഗഡ്കരി പറഞ്ഞു. വിഡിയോ തന്റെ അന്തസ്സിന് കളങ്കമേൽപ്പിച്ചു, വിശ്വാസ്യത നഷ്ടപ്പെടാൻ ഇടയാക്കി. വലിയ അപകീർത്തിയാണ് ഇതുമൂലം ഉണ്ടായതെന്നും ഗഡ്കരി പറഞ്ഞു.
‘‘ഗ്രാമീണരും, ദരിദ്രരും, കർഷകരും അസന്തുഷ്ടരാണ്. ഗ്രാമങ്ങളിൽ മികച്ച റോഡുകൾ ഇല്ല. കുടിക്കാൻ വെള്ളം ഇല്ല, നല്ല ആശുപത്രിയില്ല, നല്ല സ്കൂളില്ല.’’ എന്നുപറയുന്ന ഗഡ്കരിയുടെ പ്രസംഗമാണ് കോൺഗ്രസ് പങ്കുവച്ചത്. ഈ മേഖലകളിൽ കേന്ദ്രം നടത്തിയ പ്രവർത്തനങ്ങളെ എടുത്തുകാണിക്കാനാണ് താൻ പ്രസംഗത്തിലൂടെ ശ്രമിച്ചതെന്നും എന്നാൽ കോൺഗ്രസ് പ്രസംഗത്തിലെ ചില ഭാഗം മാത്രം അടർത്തിയെടുത്ത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ് ചെയ്തതെന്നും ഗഡ്കരി പറയുന്നു.