ADVERTISEMENT

ബെംഗളൂരു∙ നഗരസുരക്ഷയ്ക്കുമേൽ ഒട്ടേറെ ചോദ്യചിഹ്നങ്ങൾ ഉയർത്തുകയാണ് ബ്രൂക്ഫീൽഡ് രാമേശ്വരം കഫേ സ്ഫോടനം. ഇവിടെ പൊട്ടിയത് ബോംബ് തന്നെയാണെന്നു ഡിജിപി അലോക് മോഹൻ സ്ഥിരീകരിച്ചതോടെ ജനം ഭീതിയിലായി. സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച 30–35 വയസ്സുള്ള, മാസ്ക് ധരിച്ചെത്തിയയാളെ തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റുണ്ടാകുമെന്നും സംഭവസ്ഥലം സന്ദർശിച്ച ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ പറ‍ഞ്ഞു. സ്ഫോടനത്തിന്റെ കാരണവും രീതിയും എൻഐഎയും ഐബിയും കർണാടക പൊലീസ് ആഭ്യന്തര സുരക്ഷാ വിഭാഗവും ഉൾപ്പെടെയുള്ള വിവിധ ഏജൻസികൾ ഒരേസമയം അന്വേഷിക്കുന്നുണ്ട്.

Read Also: സ്ഫോടനം ടൈമർ ഉപയോഗിച്ച്? കൊണ്ടുവന്നത് ടിഫിൻ കാരിയറിൽ; ഡൽഹിയിലും ജാഗ്രതാ നിർദേശം

വീര്യം കുറഞ്ഞ സ്ഫോടനമായതിനാൽ ഇതിനു പിന്നിലെ ലക്ഷ്യം സംബന്ധിച്ച് വിവിധ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. തീവ്രവാദ ബന്ധത്തിനു പുറമേ വ്യാപാരരംഗത്തെ വൈരമെന്ന സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ഈയിടെ ആരംഭിച്ച രാമേശ്വരം കഫേയിലെ ഗീ പുടി ഇഡ്ഡലി (നെയ്യ് ചേർന്ന പൊടി ഇഡ്ഡലി) പോലുള്ള വിഭവങ്ങൾക്ക് ഫുഡ് വ്ലോഗർമാരും മറ്റും നൽകിയ വ്യാപക പ്രചാരണത്തെ തുടർന്ന് ഇവിടെ എപ്പോഴും വലിയ തിരക്കുണ്ടാവാറുണ്ട്. ഐടി, ബഹുരാഷ്ട്ര കമ്പനികൾ ഏറെയുള്ള മേഖലയാണിത്.  

കർശന നടപടിയുണ്ടാകും: മുഖ്യമന്ത്രി

കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും സംഭവത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ആവശ്യമെങ്കിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിടും. സ്ഫോടകവസ്തുവുണ്ടായിരുന്ന ബാഗിനു സമീപത്ത് ഇരുന്ന സ്ത്രീക്കാണ് ഏറ്റവുമധികം പരുക്കേറ്റത്. 45% പൊള്ളലേറ്റ ഇവർക്ക് പ്ലാസ്റ്റിക് സർജറി വേണ്ടിവരുമെന്ന് ഡോക്ടർമാർ പറഞ്ഞു. പരുക്കേറ്റ ചിലരുടെ ശരീരത്തിൽ ഗ്ലാസ്, ലോഹ ചീളുകൾ എന്നിവ തുളഞ്ഞുകയറിയിട്ടുണ്ട്. സംഭവം നടന്ന സമയത്ത് 35–40 പേരാണ് കഫേയിൽ ഉണ്ടായിരുന്നത്. സ്ഫോടനത്തിനു പിന്നാലെ ഇവർ പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു. പാചകവാതക സിലിണ്ടർ പൊട്ടിയതാണെന്നാണ് പലരും ആദ്യം കരുതിയത്. എന്നാൽ, ഹോട്ടലിലെ സിലിണ്ടറുകളൊന്നും പൊട്ടിയിട്ടില്ലെന്ന് ഉടമ ദിവ്യ രാഘവേന്ദ്ര ഉടൻ തന്നെ അറിയിച്ചിരുന്നു.

English Summary:

Police identified man who behind the blast in Bengaluru Cafe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com