മകൻ വീട്ടിനുള്ളിൽ മരിച്ചനിലയിൽ; മൃതദേഹത്തിനൊപ്പം കിടപ്പിലായ വയോധിക കഴിഞ്ഞത് ഒരാഴ്ച

Mail This Article
അഗർത്തല∙ കിടപ്പിലായ വയോധിക മകന്റെ മൃതദേഹത്തിനൊപ്പം വീടിനുള്ളിൽ കഴിഞ്ഞത് എട്ടു ദിവസം. ത്രിപുരയിലെ അഗർത്തലയിൽ ശിവനഗറിലാണ് പ്രദേശവാസികളെ നടുക്കി 82 വയസ്സുകാരിയായ കല്യാൺ സൂർ ചൗധരി മകൻ സുധീറിന്റെ മൃതദേഹത്തിനൊപ്പം കഴിഞ്ഞത്. കുടുംബവഴക്കിനെ തുടർന്ന് സുധീറിന്റെ ഭാര്യ മൂന്നു വർഷം മുൻപ് വീട്ടിൽ നിന്നും മാറിയിരുന്നു. വീടിനുള്ളിൽ നിന്നും വരുന്ന ദുർഗന്ധം ശ്രദ്ധയിൽപ്പെട്ട അയൽക്കാർ സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു.
‘‘എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തിലാണ് വീട് തുറന്നത്. കട്ടിലിലായിരുന്നു സുധീറിന്റെ മൃതദേഹം. മറ്റൊരു മുറിയിലെ കട്ടിലിലായിരുന്നു കല്യാൺ സൂർ കിടന്നിരുന്നത്.’’– മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സുധീറിന്റെ മൃതദേഹത്തിനു സമീപം ധാരാളം ഒഴിഞ്ഞ മദ്യകുപ്പികളുണ്ടായിരുന്നു. ശരീരത്തിൽ മുറിവുകളുണ്ടായിരുന്നില്ല. ദാമ്പത്യബന്ധം തകർന്നതിനു പിന്നാലെ മാനസികമായി തളർന്ന സുധീർ മദ്യത്തിന് അടിമപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെപ്പറ്റി വിശദ അന്വേഷണം നടത്തുമെന്നും അധികൃതർ പറഞ്ഞു.