വിവാഹാഭ്യർഥന നിരസിച്ച 20കാരന് ഭീഷണി, ഒടുവിൽ ആത്മഹത്യ; ട്രാൻസ്ജെൻഡറായ 32കാരി ജഡ്ജി അറസ്റ്റിൽ
Mail This Article
ഗുവാഹത്തി∙ അസമിലെ ആദ്യ ട്രാൻസ്‌ജെൻഡർ ജഡ്ജി സ്വാതി ബിദാൻ ബറുവയെ (32) ആത്മഹത്യാ പ്രേരണക്കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞവർഷം സ്വാതിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റു ചെയ്ത യുവാവിന്റെ ദുരൂഹ മരണത്തെ തുടർന്നാണ് അറസ്റ്റ്. വെള്ളിയാഴ്ച രാവിലെ ഗുവാഹത്തിയിലെ പാണ്ഡുവിലെ വീട്ടിൽ മൻസൂർ ആലം എന്ന ഇരുപതുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്വാതിയുടെ മാനസിക പീഡനം കാരണമാണ് മൻസൂർ തൂങ്ങിമരിച്ചതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.
Read also: വിവാഹം കഴിഞ്ഞ് 3 മണിക്കൂറിനുശേഷം നവവരൻ അപകടത്തിൽ മരിച്ചു; അമ്മയ്ക്ക് ഗുരുതര പരുക്ക്
കുടുംബാംഗങ്ങൾ ഗുവാഹത്തിയിലെ ജലുക്ബാരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനു പിന്നാലെ കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ് സ്വാതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. സ്വാതിയുടെ ഔദ്യോഗിക വസതിയിൽ കരാർ തൊഴിലാളിയായി മൻസൂർ ജോലി ചെയ്തിരുന്നു. ഇക്കാലത്ത് ഇരുവരും തമ്മിൽ അടുത്ത ബന്ധം പുലർത്തിയിരുന്നതായി ബന്ധുക്കൾ പറയുന്നു. തന്നെ വിവാഹം കഴിക്കാൻ മൻസൂറിനോട് സ്വാതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ സ്വാതിയുടെ ആവശ്യം മൻസൂർ നിഷേധിച്ചതോടെ പിന്നീട് ഭീഷണിപ്പെടുത്താൻ തുടങ്ങിയെന്നാണ് ബന്ധുക്കൾ പൊലീസിനു നൽകിയ മൊഴി.
കഴിഞ്ഞ വർഷം മേയ് 29നു തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് മൻസൂറിനെതിരെ സ്വാതി പരാതി നൽകിയതായി പൊലീസ് പറഞ്ഞു. ട്രാൻസ്ജൻഡർ സംരക്ഷണ നിയമം അടക്കം അഞ്ചിലേറെ വകുപ്പുകൾ ചുമത്തിയാണ് അന്ന് മൻസൂറിനെതിരെ കേസെടുത്തത്. പിന്നീട് കോടതി മൻസൂറിനു ജാമ്യം അനുവദിച്ചെങ്കിലും സ്വാതിയുടെ ഭാഗത്തുനിന്നും സമ്മർദവും ഭീഷണിയും ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
‘‘സ്വാതി വലിയൊരു ജുഡീഷ്യൽ പദവി വഹിക്കുന്ന ആളായതിനാൽ തന്നെ മൻസൂർ വലിയ തോതിൽ ഭയപ്പെട്ടിരുന്നു. പലതവണ ഭീഷണി ആവർത്തിക്കപ്പെട്ടപ്പോഴും ഇതൊക്കെ അവസാനിപ്പിക്കണമെന്ന് സ്വാതിയോട് മൻസൂർ പറഞ്ഞിരുന്നു. എന്നാൽ ഭീഷണി തുടരുകയായിരുന്നു. ഒടുവിൽ അവൻ സ്വയം ജീവനെടുക്കുകയായിരുന്നു. ഇത് ആത്മഹത്യല്ല, കൊലപാതകമാണ്.’’– മൻസൂറിന്റെ ഒരു ബന്ധു പറഞ്ഞു.