ADVERTISEMENT

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനു പിന്നാലെ രാഷ്ട്രീയം വിടുന്നുവെന്ന പ്രഖ്യാപനവുമായി മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ഹർഷ് വർധൻ രംഗത്ത്. സമൂഹമാധ്യമങ്ങളിലൂടെയാണ് രാഷ്ട്രീയം മതിയാക്കുന്നതായി ഡോ. ഹർഷ് വർധൻ പ്രഖ്യാപിച്ചത്. നിലവിൽ ഡൽഹിയിലെ ചാന്ദ്‌നി ചൗക്കിൽ നിന്നുള്ള എംപിയായ ഹർഷ് വർധന്, ഇന്നലെ പ്രഖ്യാപിച്ച ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടികയിൽ ഇടം ലഭിച്ചിരുന്നില്ല. ഹർഷ് വർധനു പകരം പ്രവീൺ ഖണ്ഡേൽവാലിനെയാണ് ബിജെപി ഇവിടെ സ്ഥാനാർഥിയാക്കിയത്.

Read more at: 33 സിറ്റിങ് സീറ്റുകളിൽ പുതുമുഖങ്ങളെ അണിനിരത്തി ബിജെപി; പ്രഗ്യാ സിങ്, ജയന്ത് സിൻഹ, ഹർഷ്‌വർധൻ, ലേഖി പുറത്ത്

കേന്ദ്ര മന്ത്രിസഭയിൽ ശാസ്ത്ര, സാങ്കേതിക, പരിസ്ഥിതി വകുപ്പുകളും കൈകാര്യം ചെയ്തിട്ടുണ്ട്. കോവിഡ് വ്യാപന കാലത്ത് കേന്ദ്ര ആരോഗ്യമന്ത്രിയായിരുന്നു ഇദ്ദേഹം. കോവിഡ് പ്രതിരോധ നടപടികളിലെ പോരായ്മകൾ നിമിത്തം പിന്നീട് മന്ത്രിസ്ഥാനം നഷ്ടമായി.

എക്സ് പ്ലാറ്റ്ഫോമിൽ സാമാന്യം ദീർഘമായ കുറിപ്പു പങ്കുവച്ചാണ് ഹർഷ് വർധൻ രാഷ്ട്രീയം മതിയാക്കുന്ന വിവരം പരസ്യമാക്കിയത്. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും ഊർജസ്വലനായ പ്രധാനമന്ത്രിയെന്ന് നരേന്ദ്ര മോദിയെ വിശേഷിപ്പിച്ച ഹർഷ് വർധൻ, അദ്ദേഹത്തിനൊപ്പം അടുത്ത് ജോലി ചെയ്യാൻ ലഭിച്ച അവസരം വലിയൊരു അംഗീകാരമാണെന്നും കുറിച്ചു. അധികാരത്തിലേക്ക് കൂടുതൽ കരുത്തോടെ തിരിച്ചെത്തണമെന്നാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും ഹർഷ് വർധൻ അഭിപ്രായപ്പെട്ടു. കൃഷ്ണ നഗറിലെ ഇഎൻടി ക്ലിനിക് തന്റെ മടങ്ങിവരവിനായി കാത്തിരിക്കുന്നുണ്ടെന്ന ഓർമപ്പെടുത്തലോടെയാണ് ഹർഷ് വർധൻ കുറിപ്പ് അവസാനിപ്പിക്കുന്നത്.

അഞ്ച് തവണ നിയമസഭയിലേക്കും രണ്ടു തവലണ ലോക്സഭയിലേക്കും ജയിച്ച 30 വർഷത്തോളം നീളുന്ന തിരഞ്ഞെടുപ്പു കരിയറിന് തിരശീലയിടുന്നുവെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഇക്കാലയളവിൽ പാർട്ടിക്കുള്ളിലും കേന്ദ്ര, സംസ്ഥാന സർക്കാരുകളിലും സുപ്രധാന ചുമതലകൾ വഹിക്കാൻ സാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാധാരണക്കാർക്കു സേവനം ചെയ്യാനുള്ള തന്റെ അദമ്യമായ ആഗ്രഹം നിറവേറ്റാനായെന്ന ചാരിതാർഥ്യത്തോടെയാണ് രാഷ്ട്രീയത്തോട് വിട പറയുന്നതെന്നും ഹർഷ് വർധൻ കുറിച്ചു.

English Summary:

BJP leader Harsh Vardhan quits politics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com