ADVERTISEMENT

കോൺഗ്രസിന് ഏറ്റവും സ്വാധീനമുള്ള ലോക്സഭാ മണ്ഡലം; എറണാകുളത്തെക്കുറിച്ച് പറഞ്ഞു തുടങ്ങുക അങ്ങനെയാണ്. സെബാസ്റ്റ്യൻ പോളിനു ശേഷം മണ്ഡലത്തിൽ ഇടത് സ്ഥാനാർഥികൾ വാണിട്ടില്ല. ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഇടതിന്റെ കരുനീക്കം എത്തിച്ചേർന്നത് കെ.ജെ.ഷൈനിലാണ്; പറവൂരുകാരുടെ ഷൈൻ ടീച്ചറിൽ.

കെഎസ്ടിഎം സംസ്ഥാന കമ്മിറ്റി അംഗമായ ഷൈൻ ടീച്ചർ യുഡിഎഫിനു മേൽക്കയ്യുള്ള, വി.ഡി. സതീശന്റെ മണ്ഡലത്തിൽ  നിന്ന് മൂന്നു തവണയാണ് നഗരസഭയിലേക്ക് ജയിച്ചുകയറിയത്. ഇതേ രീതിയിൽ ന്യൂനപക്ഷ സാമുദായിക സമവാക്യങ്ങളെ ഉപയോഗപ്പെടുത്തി യുഡിഎഫിന് മേൽക്കയ്യുള്ള എറണാകുളത്തുനിന്ന് ടീച്ചർ ലോകസഭയിലേക്ക് ജയിച്ചുകയറുമെന്നാണ് ഇടതു കണക്കുകൂട്ടൽ. 20 ലോക്സഭാ മണ്ഡലങ്ങളും ഇടതിന് അനുകൂലമാകും എന്ന ഉറച്ച വിശ്വാസത്തിൽ കന്നിയങ്കത്തിന് തയ്യാറെടുക്കുകയാണ് ഷൈൻ ടീച്ചർ.

Read More: മെട്രോ മണ്ഡലത്തിലെ ഷൈനിങ് സ്റ്റാറായി ഷൈന്‍ ടീച്ചര്‍; എറണാകുളത്ത് ചെങ്കൊടി പാറിക്കാൻ സിപിഎം.

∙ എറണാകുളത്തിന് സിപിഎമ്മിന്റെ സർപ്രൈസ് സ്ഥാനാർഥി എന്ന രീതിയിലാണ് താങ്കളുടെ സ്ഥാനാർഥിത്വത്തെ മാധ്യമങ്ങൾ സ്വീകരിച്ചത്. സ്ഥാനാർഥി സർപ്രൈസ്ഡ് ആയിരുന്നോ?

തിരഞ്ഞെടുപ്പിൽ സജീവപ്രവർത്തനത്തിനിറങ്ങുന്ന രാഷ്ട്രീയ പ്രവർത്തകയാണ് ഞാൻ. അതുകൊണ്ട് സ്ഥാനാർഥിത്വത്തെയും രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഒരു ഭാഗമായി, തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഒരു ഭാഗമായിത്തന്നെയാണ് കാണുന്നത്. അതേസമയം സർപ്രൈസ്ഡ് ആയി എന്നുള്ളത് യാഥാർഥ്യമാണ്.

∙ കഴിഞ്ഞ മൂന്നു തവണയായി വടക്കൻ പറവൂർ നഗരസഭാംഗമാണ്. വടക്കൻ പറവൂരിലെ സാംസ്കാരിക–രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യമാണ് ഷൈൻ ടീച്ചർ. പ്രവർത്തന മികവിനുള്ള അംഗീകാരം കൂടിയാണല്ലോ സ്ഥാനാർഥിത്വം?

രാഷ്ട്രീയ പ്രവർത്തനത്തിലെ സ്വാഭാവികമായ അനുഭവം പരിശോധിക്കണമല്ലോ. ഏത് സ്ഥാനാർഥിയെയും ഇടതുപക്ഷം പരിഗണിക്കുന്നത് അതിന്റെ സാമൂഹികമായ അനുഭവത്തിന്റെ വെളിച്ചത്തിൽ കൂടിയാണ്. എനിക്ക് മൂന്നു തവണ ജനപ്രതിനിധിയാകാൻ അവസരം ലഭിച്ചിട്ടുണ്ട്. ജനപ്രതിനിധി അല്ലെങ്കിൽ പോലും  പൊതുപ്രവർത്തന രംഗത്ത് 25 വർഷത്തിലേറെയുള്ള പ്രവർത്തന പരിചയം എനിക്കുണ്ട്.

വിദ്യാർഥി പ്രസ്ഥാനത്തിന്റെയും മറ്റു യുവജന പ്രസ്ഥാനങ്ങളുടെയും ഭാഗമായിരുന്നു. അധ്യാപക സംഘടനാപ്രവർത്തനവും മറ്റ് സാമൂഹിക പ്രവർത്തനങ്ങളും ചെയ്തിരുന്നു. ചെറുതാണെങ്കിൽ കൂടി അത്തരം സാമൂഹ്യ പ്രവർത്തനങ്ങൾ എനിക്ക് ഏറെ ഇഷ്ടമായിരുന്നു. ഈ രീതിയിൽ പരിശോധിക്കുമ്പോൾ പലരീതിയിൽ സ്ഥാനാർഥിയാകാൻ കഴിയുന്ന ഒരാൾ എന്ന രീതിയിലാകണം പാർട്ടി എന്നെ പരിഗണിച്ചിരിക്കുക.‌

∙ കഴിഞ്ഞ മൂന്നു തവണയായി വടക്കൻ പറവൂർ നഗരസഭാംഗമാണ്. യുഡിഎഫിൽ മേൽക്കയ്യുള്ള ഇടങ്ങളായിരുന്നു അത്. എറണാകുളം ലോക്സഭാ മണ്ഡലവും സമാനമായ രീതിയിൽ കണക്കാക്കുന്ന മണ്ഡലമാണ്. പോരാട്ടം എത്രത്തോളം വെല്ലുവിളി നിറഞ്ഞതായിരിക്കും?

കെ.ജെ.ഷൈൻ – Photo-facebook/kj shine
കെ.ജെ.ഷൈൻ – Photo-facebook/kj shine

ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയവും കേരള രാഷ്ട്രീയവും പരിശോധിച്ചാൽ സ്ഥിരമായ സീറ്റ് എന്നുള്ളത് കാലാഹരണപ്പെട്ട വാദമാണ്. നിയമസഭാ തിരഞ്ഞെടുപ്പ് മുതൽ പരിശോധിച്ചാൽ കേരളത്തിൽ വട്ടിയൂർക്കാവ് മുതൽ പല സീറ്റുകളും യുഡിഎഫിന്റേതാണ് എന്ന് പറയുന്ന ഒരു ശൈലി ഉണ്ടായിരുന്നു. അതങ്ങനെയെല്ലെന്ന് ജനങ്ങൾ തിരുത്തി കാണിച്ചുതന്നിരിക്കുകയാണ്.

1) ഹൈബി ഇൗഡൻ 2) കെ.ജെ. ഷൈൻ
1) ഹൈബി ഇൗഡൻ 2) കെ.ജെ. ഷൈൻ

എന്റെ അനുഭവത്തിലാണെങ്കിലും അത് ചെറിയൊരു സ്പേസിലാണെങ്കിൽ കൂടി അങ്ങനെയല്ല ജനങ്ങൾ കാര്യങ്ങൾ മനസ്സിലാക്കിയിരിക്കുന്നതെന്നാണ് തോന്നിയിട്ടുള്ളത്. മാറുന്ന രാഷ്ട്രീയ സാഹചര്യത്തിന് അനുസരിച്ച് അനുകൂല തീരുമാനമെടുക്കുന്ന രീതിയാണ് ജനങ്ങൾ പൊതുവിൽ സ്വീകരിച്ചുവരുന്നത്. അതുകൊണ്ട് ഏതെങ്കിലും ഒരു പാർട്ടിക്ക് അടിയറ വയ്ക്കുന്ന രീതിയല്ല. ജനങ്ങൾ ചിന്തിച്ച് എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യും എന്നുതന്നെയാണ് വിശ്വാസം.

∙ വനിതാ സംവരണം നിയമമായ ശേഷമുള്ള ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പാണ്. സിപിഎമ്മിലെ രണ്ടു വനിതാ സ്ഥാനാർഥികളിൽ ഒരാളായി കന്നി ലോക്സഭാ തിരഞ്ഞെടുപ്പിന് ഇറങ്ങുകയാണ്?

ഇടതുപക്ഷം നമുക്കറിയാവുന്നത് പോലെ പുരോഗമനപരമായ സമൂഹത്തെ വാർത്തെടുക്കുമ്പോൾ സമത്വം അതിലെ ഒരു ആശയമാണ്. ഇന്ന് സ്ത്രീകളെ രണ്ടാം തരം പൗരന്മാരായാണ് സമൂഹം കണക്കാക്കുന്നത് . സ്ത്രീകളും ദലിത് വിഭാഗവും അത് അനുഭവിക്കുന്നുണ്ട്. അതിൽ സ്ത്രീ എന്ന നിലയ്ക്ക് സ്ത്രീകളെ ഉയർത്തിക്കൊണ്ടുവരണം എന്നുള്ളത് രാജ്യം തന്നെ വാചികമായി ഏറ്റെടുക്കുമ്പോൾ പ്രായോഗികതലത്തിൽ സിപിഎമ്മും ഇടതുമുന്നണിയും അത് ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോവുന്നു എന്നതാണ് ഈ സ്ഥാനാർഥിത്വം ചൂണ്ടിക്കാണിക്കുന്നത്.

അതിൽ എൽഡിഎഫിനെ മൊത്തമായി എടുത്താൽ ഇരുപതിൽ മൂന്ന് സീറ്റിൽ സ്ത്രീകൾ മത്സരിക്കുന്നുണ്ട്. അത് സമൂഹത്തിനും സ്ത്രീ സമൂഹത്തിനും കൊടുക്കുന്ന സന്ദേശം സ്ത്രീകൾക്കും സാമൂഹിക നിയമനിർമാണ പ്രവർത്തനങ്ങളിൽ കൃത്യമായി പങ്കെടുക്കാൻ കഴിയും എന്നുതന്നെയാണ്. അത് കേരളം ഇതിനകം തെളിയിച്ചുകഴിഞ്ഞതാണ്. 33 ശതമാനത്തിൽ തുടങ്ങി 62 ശതമാനത്തിലേക്ക് വരെ ഉയർന്നു. സ്ത്രീകൾ വളരെ മികച്ച ഭരണമാണ് കാഴ്ചവയ്ക്കുന്നത്. ഇതെല്ലാം ഇടതുപക്ഷ സർക്കാർ വന്ന അവസരത്തിലാണ് ഉണ്ടായിട്ടുള്ളത്. അതിന്റെ തുടർച്ച എന്ന നിലയ്ക്ക് ഉയർന്ന ജനാധിപത്യ വേദികളിൽ സ്ത്രീകളുടെ ശാക്തീകരണം വർധിപ്പിക്കാനുള്ള നടപടികളാണ് ഉണ്ടാകുന്നത്. ഇത് ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് മാത്രം കഴിയുന്ന പുരോഗമനപരമായ നടപടിയാണ്. 

∙ ഇത്തവണ ബിജെപി വലിയ പ്രതീക്ഷയോടെയാണ് കേരളത്തെ നോക്കിക്കാണുന്നത്. പ്രധാനമന്ത്രിയുടെ അടിക്കടിയുള്ള കേരള സന്ദർശനം അതിന്റെ ഭാഗമായാണ് വ്യാഖ്യാനിക്കുന്നത്. ബിജെപി കേരളത്തിൽ ശക്തമായ മത്സരം കാഴ്ചവയ്ക്കില്ലേ?

കെ.ജെ.ഷൈൻ. Photo: Special Arrangement
കെ.ജെ.ഷൈൻ. Photo: Special Arrangement

ഇതിലും വലിയ കോളിളക്കമാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും അവരുണ്ടാക്കിയത്. വിശേഷിച്ച് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ. എങ്ങനെ വർഗീയ പ്രീണനം നടത്താമെന്ന് ബിജെപി പരീക്ഷിച്ച് പരാജയപ്പെട്ട ഇടമാണ് കേരളം. ശബരിമല അടക്കം അവർക്ക് മുതലെടുക്കാവുന്ന സാഹചര്യങ്ങൾ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉണ്ടായിരുന്നു.

രാഷ്ട്രീയത്തെ മനുഷ്യ സേവനമായി കാണുന്നവരാണ് കേരളീയർ. അത് കൃത്യമായി തെളിയിച്ച തിരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞുപോയത്. എല്ലാ കാര്യത്തിലും മാതൃകയായ രാഷ്ട്രീയ പ്രബുദ്ധതയുള്ള സംസ്ഥാനമാണ് കേരളം അതുകൊണ്ട് വർഗീയ പ്രസ്ഥാനങ്ങൾക്ക് ഒരു തരത്തിലുളള വേരോട്ടവും കേരളത്തിലെ ജനങ്ങൾ കൊടുക്കില്ലെന്ന് തന്നെയാണ് ഉറച്ചുവിശ്വസിക്കുന്നത്.

∙ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിറകേ ജനങ്ങളിലേക്ക് ഇറങ്ങിയല്ലോ... എന്താണ് ജനങ്ങളുടെ പ്രതികരണം?

അങ്കമറിയും മുൻപ്... പറവൂർ നഗരസഭയുടെ അർബൻ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിന്റെ ഇന്നലെ രാവിലെ നടന്ന ഉദ്ഘാടനത്തിൽ കെ.ജെ.ഷൈൻ പ്രസംഗിക്കുന്നു. ഉദ്ഘാടകൻ ഹൈബി ഈഡൻ എംപി വേദിയിൽ. വൈകുന്നേരമാണ് ഷൈൻ സ്ഥാനാർഥിയാകുന്ന വിവരം പുറത്തുവന്നത്.
അങ്കമറിയും മുൻപ്... പറവൂർ നഗരസഭയുടെ അർബൻ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിന്റെ ഇന്നലെ രാവിലെ നടന്ന ഉദ്ഘാടനത്തിൽ കെ.ജെ.ഷൈൻ പ്രസംഗിക്കുന്നു. ഉദ്ഘാടകൻ ഹൈബി ഈഡൻ എംപി വേദിയിൽ. വൈകുന്നേരമാണ് ഷൈൻ സ്ഥാനാർഥിയാകുന്ന വിവരം പുറത്തുവന്നത്.

ജനങ്ങളുടെ മനസ്സിൽ വലിയ തോതിലുള്ള ആശങ്കയുണ്ട്. സമൂഹത്തിൽ കലാപപൂരിതമായ അന്തരീക്ഷം ഉണ്ടായാൽ ഒരു മനുഷ്യർക്കും ഇവിടെ സ്വസ്ഥമായി ജീവിക്കാൻ കഴിയില്ലെന്ന ആശങ്ക പൊതുവിൽ ജനങ്ങൾക്ക് ഉണ്ട്. അതിന് മറുപടി കൊടുക്കുക എന്നുള്ളതാണ് ഈ തിരഞ്ഞെടുപ്പിലെ പ്രധാനപ്പെട്ട ഉത്തരവാദിത്തം. ആ ആശങ്കയ്ക്ക് കൃത്യമായ മറുപടി ഇടതുപക്ഷ ജനാധിപത്യ മുന്നണി തന്നെയാണ് എന്നുള്ള പ്രതീക്ഷയാണ് ജനങ്ങൾക്ക് ഉള്ളത്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ തോതിൽ ജനങ്ങൾക്ക് പ്രതീക്ഷ കൊടുത്തിരുന്നു. അങ്ങനെയാണ് 19 സീറ്റും നേടി കോൺഗ്രസ് വിജയിച്ചത്. പക്ഷേ കഴിഞ്ഞ അഞ്ചു വർഷക്കാലം മൃദുഹിന്ദുത്വ സമീപനമാണ് കോൺഗ്രസ് എടുത്തത്. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും, ഫാഷിസ്റ്റ് ഭരണകൂടത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ കഴിയും എന്നുള്ള വലിയൊരു പ്രതീക്ഷ കേരളത്തിന് കൊടുത്തിരുന്നു. പക്ഷേ അത് നിരർഥകമാണ് എന്നുമാത്രമല്ല, കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ല എന്ന തരത്തിലാണ് ഇന്ത്യയിലെമ്പാടുമുള്ള അവരുടെ സമീപനം.

കോൺഗ്രസായി ജനിക്കുകയും ബിജെപിയായി മാറുകയും ചെയ്യുന്ന അവസരവാദ രാഷ്ട്രീയം ആണ് കാണുന്നത്. അത് ജനങ്ങൾ അനുഭവത്തിലൂടെ മനസ്സിലാക്കിയ സാഹചര്യമാണ്. അതുകൊണ്ട് 20 ലോക്സഭാ മണ്ഡലങ്ങളും ഇടതിന് അനുകൂലമാകും എന്നുള്ളതാണ് എനിക്ക് ലഭിച്ചിട്ടുള്ള ചെറിയ അനുഭവത്തിൽ നിന്ന് മനസ്സിലാക്കുന്നത്.

∙ കെ.ജെ. ഷൈൻ എന്ന പേര് വടക്കൻ പറവൂരിനും എറണാകുളം ജില്ലയ്ക്കും സുപരിചിതമാണ്. പക്ഷേ ജില്ലയ്ക്ക് പുറത്തുള്ളവർ വളരെ കൗതുകത്തോടെയാണ് ടീച്ചറെ നോക്കിയത്. ആരാണ് കെ.ജെ.ഷൈൻ എന്ന് അത്ഭുതപ്പെട്ടവർ അവർക്കിടയിലുണ്ടായിരുന്നു?

ഞാൻ ജനിച്ച് വളർന്നത് ഗോത്തുരുത്ത് എന്ന് പറയുന്ന പറവൂരിന് സമീപമുള്ള ഗ്രാമത്തിലാണ്. സ്കൂൾ വിദ്യാഭ്യാസം സെന്റ് സെബാസ്റ്റ്യൻ സ്കൂളിലായിരുന്നു. പ്രീഡിഗ്രി കൊടുങ്ങല്ലൂരിലെ സെന്റ് തോമസ് കോളജിലും ഡിഗ്രി കുഞ്ഞിക്കുട്ടൻ തമ്പുരാൻ കോളജിലുമായിരുന്നു. പള്ളിയുമായി ബന്ധപ്പെട്ട് വളരെ ചെറുപ്പത്തിൽ തന്നെ സാമൂഹികപ്രവർത്തനങ്ങൾ നടത്തിയിരുന്നു. എന്റെ ചുറ്റുപാടിൽ എവിടെയൊക്കെ ഒരു സാമൂഹിക ഇടപെടലിന് സാധ്യതയുണ്ടോ അവിടെയെല്ലാം ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. എന്റെ നാട്ടിലെ അധ്യാപകരും നേതാക്കന്മാരുമാണ് സാമൂഹ്യപ്രവർത്തനത്തിലേക്ക് എന്നെ കൊണ്ടുവന്നത്. കോളജിൽ എത്തിയപ്പോൾ എസ്എഫ്ഐയുടെ ഭാഗമായി പ്രവർത്തിച്ചു. അധ്യാപികയായതിനു ശേഷം അധ്യാപക പ്രസ്ഥാനത്തിൽ, സാമൂഹിക പ്രവർത്തനത്തിന്റെ ഇഷ്ടം ഉള്ളിൽ ഉള്ളതുകൊണ്ടുതന്നെ അധ്യാപക പ്രസ്ഥാനത്തിന്റെ താഴെ തലങ്ങൾ തുടങ്ങി പ്രവർത്തിക്കാൻ സാധിച്ചു.

‌2002ൽ അധ്യാപകരുടെ 32 ദിവസത്തെ സമരമാണ് ഊർജസ്വലമായ ഒരു സാമൂഹിക പ്രവർത്തനത്തിലേക്ക് എന്നെ കൊണ്ടുവന്നിട്ടുള്ളത്. അതിനുശേഷം സംസ്ഥാന നേതൃത്വത്തിലും കമ്മിറ്റിയിലും പൊതുരാഷ്ട്രീയത്തിലും പ്രവർത്തിക്കാൻ തുടങ്ങി. സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾക്ക് പരിപാടികളിൽ സംസാരിക്കുമായിരുന്നു. പ്രസംഗിക്കുക എന്നുപറഞ്ഞാൽ എനിക്ക് വളരെ ഇഷ്ടമാണ്.  2000 മുതൽ പാർട്ടി അംഗത്വം നേടി. ഇതിനിടയിലാണ് വടക്കന്‍ പറവൂരിൽ നിന്ന് ജനപ്രതിനിധിയാകാനുള്ള അവസരം ലഭിച്ചത്. മൂന്നു തവണ വിജയിച്ചു. സ്ത്രീകൾ ഉയർന്നുവരണം എന്ന കാഴ്ചപ്പാടുള്ള വ്യക്തിയാണ്. ഏത് പ്രസ്ഥാനത്തിൽ ആണെങ്കിലും അത്തരം ആശയം പ്രകടിപ്പിക്കുകയും അതിനുവേണ്ടി തർക്കിക്കുകയും ചെയ്തിട്ടുള്ള ഒരാളാണ്. അത് അങ്ങനെ തന്നെയായിരിക്കും. അത് മരണം വരെ തുടരും. അതിനിടയിൽ കിട്ടിയ അവസരമാണ് ഈ സ്ഥാനാർഥിത്വം.

∙ ഷൈൻ ടീച്ചറുടെ പ്രസംഗം പ്രസിദ്ധമാണ്?

പ്രസംഗിക്കാൻ എവിടെ വിളിച്ചാലും പോകും. തൃശൂരും കോട്ടയത്തുമെല്ലാം പ്രസംഗിക്കാനായി ഞാൻ പോയിട്ടുണ്ട്. മികച്ച പ്രാസംഗിക എന്നൊന്നും അവകാശപ്പെടുന്നില്ല. അവസരം തന്നാൽ എൻറേതായ വാക്കുകളിൽ ഞാൻ കാര്യങ്ങൾ അവതരിപ്പിക്കാറുണ്ട്. വായനയാണ് പ്രസംഗത്തിനുള്ള ആത്മവിശ്വാസം തരുന്നത്. റിസോഴ്സ് ഉണ്ടെങ്കിൽ മാത്രമല്ലേ നമുക്ക് പ്രകടിപ്പിക്കാൻ സാധിക്കൂ.

∙ അധ്യാപനവും രാഷ്ട്രീയവും എളുപ്പത്തിൽ ചേർന്നുപോകുന്ന ഒന്നാണോ?

അധ്യാപനവും രാഷ്ട്രീയവും രണ്ടും രണ്ടല്ല. അധ്യാപനം രാഷ്ട്രീയ പ്രവർത്തനം തന്നെയാണ്. രാഷ്ട്രീയം രാജ്യത്തെ ജനങ്ങളുടെ മൊത്തത്തിലുള്ള വികസനമാണ്. അവരുടെ സ്വാതന്ത്ര്യമാണ്. അവരുടെ സമത്വപൂർണമായ ഒരു ജീവിതമാണ്. ചിന്തിക്കാനുള്ള ഒരു കഴിവാണ്. വിവേചന രഹിതമായി ഇടപെടാനുള്ള മനസ്സിന്റെ വളർച്ചയാണ്. അത്തരത്തിൽ അധ്യാപനം വേറെ, രാഷ്ട്രീയം വേറെ എന്ന കാഴ്ചപ്പാടാണ് എനിക്കുള്ളത്.

∙ കൗതുകം കൊണ്ട് ചോദിക്കുകയാണ്, ഏതു വിഷയമായിരുന്നു ടീച്ചർ പഠിപ്പിച്ചിരുന്നത്? കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപികയായിരുന്നോ?

യുപി വിഭാഗം അധ്യാപികയായിരുന്നു. സാമൂഹ്യ ശാസ്ത്രം ആണ് പഠിപ്പിച്ചിരുന്നത്. കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപികയായിരുന്നോ എന്ന് കുട്ടികളോട് തന്നെ ചോദിക്കണം (ചിരിക്കുന്നു).

∙ വനിതകളുടെ ഉന്നമനമാണ് ജീവിതലക്ഷ്യം എന്നു പറഞ്ഞല്ലോ? സ്ഥാനാർഥിയായി വിജയിക്കുകയാണെങ്കിൽ സ്ത്രീകൾക്ക് വേണ്ടി വിഭാവനം ചെയ്യുന്ന പദ്ധതികൾ എന്തൊക്കെയായിരിക്കും?

തൊഴിൽ ഒരു പ്രധാനപ്പെട്ട വിഷയമാണ്. തൊഴിലെടുക്കുന്ന വീട്ടമ്മമാരുണ്ട്. ജോലിക്ക് പോകുമ്പോഴുള്ള അവരുടെ സമ്മർദ്ദം പരിഹരിക്കുന്നതിനായുള്ള സംവിധാനങ്ങൾ അത്യാവശ്യമാണ്. തങ്ങളും ഈ സമൂഹത്തിന്റെ ഭാഗമാണെന്ന് സ്ത്രീകൾ മനസ്സിലാക്കണം. തൊഴിലെടുക്കുന്ന സ്ത്രീയാണെങ്കിലും പുരുഷാധിപത്യ മൂല്യങ്ങൾ കൊണ്ടുനടക്കുന്നവരാണ് ഏറിയ പങ്കും. നിയമസഭയിലും പാർലമെന്റിലും ആവശ്യമായ പ്രാതിനിധ്യം ലഭിക്കണം എന്ന മുറവിളി കിട്ടുന്ന അവസരത്തിലെല്ലാം ഉയർത്തുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യും. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ചെറുക്കുന്നതിനുള്ള നടപടികൾക്കുവേണ്ടി ചേർന്നു പ്രവർത്തിക്കും. അത് എന്റെ മനസ്സിലെ അടങ്ങാത്ത ആഗ്രഹമാണ്.

∙ ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം പൊതുപ്രവർത്തനം എത്രത്തോളം വെല്ലുവിളി നിറഞ്ഞതാണ്? കുടുംബം, കുട്ടികൾ, അടുക്കള തുടങ്ങിയ പ്രാരാബ്ധങ്ങൾക്കിടയിൽ എത്രത്തോളം സജീവമായി സമൂഹത്തിലും ജനങ്ങളുടെ പ്രശ്നങ്ങളിലും മുഴുകാൻ അവൾക്ക് സാധിക്കും?

ഏതു മേഖലയിലും ഉയർന്നുവരണമെങ്കിൽ ആ മേഖലയിലെ വെല്ലുവിളികൾ സ്ത്രീ–പുരുഷ വ്യത്യാസമില്ലാതെ ഏറ്റെടുക്കേണ്ടി വരും. പുരുഷന്മാർക്കും രാഷ്ട്രീയ പ്രസ്ഥാനത്തിലാകട്ടെ, പൊതു പ്രസ്ഥാനത്തിലാകട്ടെ, വെല്ലുവിളികൾ നേരിടേണ്ടി വരുന്നുണ്ട്. പക്ഷേ സ്ത്രീയെന്ന നിലയ്ക്ക് രണ്ടുതരത്തിലുള്ള വെല്ലുവിളികളാണ് നേരിടേണ്ടി വരുന്നത്. സ്ത്രീയുടെ ഇടം സമൂഹം കൽപിച്ചുവച്ചിട്ടുള്ളത് വീടിനകത്താണ്. അത് സ്ത്രീയുടെ സാമൂഹിക ഉത്തരവാദിത്തമായാണ് നാം കരുതുന്നത്. പൊതുരംഗം നിന്റേതല്ല എന്ന് കൃത്യമായി പഠിപ്പിക്കുന്ന സാമൂഹിക ഏജൻസികൾ ചുറ്റും നിറഞ്ഞ ഒരു സാഹചര്യമാണ്.

പക്ഷേ, അപ്പോൾപോലും ചില പ്രകാശ രേണുക്കൾ ഈ മേഖലയിൽ നമുക്കു കാണാൻ സാധിക്കും. ചില വ്യക്തികളാകാം, സംഘടനകളാകാം നമുക്ക് അവസരം തരുന്നുണ്ട്. അത് കൃത്യമായി ഉപയോഗിക്കുക. ജീവിതം ഒരു പോരാട്ടമാണ്. അതിൽ നമ്മെ പുറകോട്ട് വലിക്കുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ടാകാം. അതിനെ വകവച്ചുകൊടുത്താൽ നമുക്ക് മുന്നോട്ട് പോകാൻ സാധിക്കില്ല. ഞാനെന്റെ ജീവിതത്തിൽ അങ്ങനെയാണ് പ്രയോഗിച്ചിട്ടുള്ളത്. പലപ്പോഴും തളർന്നുപോകുന്ന ഒട്ടേറെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം മാനസിക സംഘർഷങ്ങളും ഉണ്ടായിട്ടുണ്ട്. ആ മാനസിക സംഘർഷങ്ങളെയെല്ലാം മറികടക്കാൻ സാധിക്കുന്ന മനക്കരുത്ത് ചെറുപ്പത്തിലേ ഉണ്ടായിരുന്നു. അതിന് എന്നെ ഏറ്റവുമധികം പ്രചോദിപ്പിച്ചിട്ടുള്ളത് അച്ഛനാണ്. പെൺകുട്ടികൾ ഉയർവന്നുവരണം എന്ന് എന്നോട് പലപ്പോഴും പറഞ്ഞിട്ടുള്ളതും അച്ഛനാണ്.

അച്ഛൻ ജോസഫ് നന്നായി വായിക്കുമായിരുന്നു. അച്ഛന്റെ രാഷ്ട്രീയ സംവാദങ്ങൾ കേട്ട് പലപ്പോഴും എന്തിനാണ് ഇങ്ങനെ തർക്കിക്കുന്നത് എന്ന് ചെറുപ്പത്തിൽ ഞാൻ സംശയിച്ചിട്ടുണ്ട്. പക്ഷേ അതുകണ്ടുവളർന്നതിന്റെ കരുത്ത് ഞങ്ങൾ മൂന്നു സഹോദരിമാർക്കും ലഭിച്ചിട്ടുണ്ട്. ശരിയല്ല എന്നു തോന്നുന്നതിനെ ശക്തമായി എതിർക്കുക. അതിന്റെ പേരിൽ നഷ്ടപ്പെടുന്നത് അധികാരമോ മറ്റെന്തും ആകട്ടേ, നമ്മൾ അത് കണക്കാക്കാറില്ല. അങ്ങനെ മുന്നോട്ടു പോയാലേ മുന്നേറാൻ സാധിക്കൂ.

∙ വനിതാ നേതാക്കളിൽ താങ്കളുടെ റോൾ മോഡൽ ആരാണ്?

കെ.ആർ. ഗൗരിയമ്മ മുതൽ ഇങ്ങോട്ട് എത്രയോ പേരെ നമുക്ക് റോൾ മോഡൽ ആക്കാൻ സാധിക്കും. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്നു. ശൈലജ ടീച്ചർ, ആനി രാജ ഇവരൊക്കെ പ്രഗത്ഭരായിട്ടുള്ള, സ്ത്രീകൾക്ക് വളർന്നുവരാനുള്ള കരുത്തിന്റെ പ്രതീകങ്ങളാണ്.

English Summary:

Loksabha Election 2024: Ernakulam LDF candidate KJ Shine interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com