‘പി.സി.ജോർജിനു പകരം അനിലിനെ സ്ഥാനാർഥിയാക്കിയത് പിതൃശൂന്യനടപടി’: പോസ്റ്റിട്ട ബിജെപി നേതാവിനെ പുറത്താക്കി

Mail This Article
പത്തനംതിട്ട∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ അനിൽ ആന്റണിക്ക് സീറ്റ് നൽകിയതിൽ പത്തനംതിട്ട ബിജെപിയിൽ പരസ്യപ്രതിഷേധം. നേതൃത്വത്തെ വിമർശിച്ച് ബിജെപി ജില്ലാ നേതാവ് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടു. കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിലാണ് പോസ്റ്റിട്ടത്. അനിലിന്റെ സ്ഥാനാർഥിത്വം പിതൃശൂന്യനടപടിയെന്നാണ് പോസ്റ്റിൽ പറയുന്നത്.
ചർച്ചയായതോടെ പോസ്റ്റ് പിൻവലിച്ചെങ്കിലും ശ്യാമിനെ പാർട്ടിയിൽനിന്നു പുറത്താക്കി. ഇക്കാര്യം ഔദ്യോഗികമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും അറിയിച്ചു. എന്നാൽ പാർട്ടി സംഘടനാ ചുമതല ശനിയാഴ്ച തന്നെ താൻ രാജിവച്ചതായി ശ്യാം മറ്റൊരു കുറിപ്പിൽ വ്യക്തമാക്കി. പത്തനംതിട്ടയിൽ പി.സി. ജോർജിനെ സ്ഥാനാർഥിയാക്കാത്തതിൽ പരസ്യമായി എതിർപ്പ് രേഖപ്പെടുത്തി ഇന്നലെ തന്നെ സംഘടനാ ചുമതല ഉപേക്ഷിച്ചെന്നാണു കുറിപ്പിലുള്ളത്.
അനിൽ ആന്റണിയെ പത്തനംതിട്ടയിൽ ഇറക്കി പുത്തൻ പരീക്ഷണത്തിനാണ് ഇത്തവണ ബിജെപി മുതിർന്നത്. കോൺഗ്രസ് വിട്ടുവന്ന യുവനേതാവ്, എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണിയെ സ്ഥാനാർഥിയാക്കി. പത്തനംതിട്ടയിൽ പി.സി.ജോർജിനും സാധ്യതകൾ പ്രവചിച്ചിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ കേരള പദയാത്രയിൽ അടൂരിലെ വേദിയിൽ പി.സി.ജോർജും ഉണ്ടായിരുന്നു. എന്നാൽ പി.സി.ജോർജിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ അസ്‍ഥാനത്താക്കിയാണ് അനിൽ ആന്റണിക്ക് പത്തനംതിട്ട ബിജെപി നൽകിയത്.