ADVERTISEMENT

കൽപറ്റ∙ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്റെ മരണത്തിൽ കൊലപാതക സാധ്യത തള്ളാതെ പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. ഹോസ്റ്റലിലെ ‘അലിഖിത നിയമ’മനുസരിച്ച് സിദ്ധാർഥനെ പരസ്യ വിചാരണ നടത്തിയെന്നും ക്രൂരമർദനത്തിന് ഇരയാക്കിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടിയുടെ പരാതി ഒത്തുതീർപ്പ് ആക്കാൻ വിളിച്ചുവരുത്തിയ ശേഷമാണ് സിദ്ധാർഥനെ മര്‍ദനത്തിന് ഇരയാക്കിയത്. കൊലപാതക സാധ്യതയെപ്പറ്റി അന്വേഷിക്കേണ്ടതുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

Read Also: അവന്റെ കരച്ചിൽ ഒരു കിലോമീറ്റർ അകലെ വരെ കേട്ടു: കേസ് അട്ടിമറിക്കാൻ ഡീൻ ശ്രമിക്കുന്നു: സിദ്ധാർഥന്റെ പിതാവ്

സിദ്ധാർഥനെ കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആവർത്തിക്കുന്നതിനിടെയാണ് റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നത്. കഴിഞ്ഞ 16ന് രാത്രി 9 മണി മുതൽ സിദ്ധാർഥനെ മര്‍ദനത്തിന് ഇരയാക്കി. അടിവസ്ത്രം മാത്രം ധരിപ്പിച്ച് ബെൽറ്റും കേബിൾ വയറും ഉപയോഗിച്ച് ഇടവേളയില്ലാതെ മർദിച്ചു. 21–ാം നമ്പർ ഹോസ്റ്റൽ മുറിയിൽവച്ചും പിന്നീട് ഹോസ്റ്റലിന്റെ നടുമുറ്റത്തും മർദനം തുടർന്നു. പുലർച്ചെ 2 മണിവരെ പരസ്യ വിചാരണ നടത്തി. ക്രൂരമായ മർദനവും ആൾക്കൂട്ട വിചാരണയും നടത്തി മരണമല്ലാതെ മറ്റൊരു വഴിയില്ലാത്ത അവസ്ഥയിലേക്ക് പ്രതികൾ സിദ്ധാർഥനെ എത്തിച്ചെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ഹോസ്റ്റലിന്റെ ഉൾവശം. ഇതിന്റെ നടുമുറ്റത്തുവച്ചാണ് സിദ്ധാർഥനെ ആൾക്കൂട്ട വിചാരണ നടത്തുകയും അതിക്രൂരമായി മർദിക്കുകയും ചെയ്തത്.    ചിത്രം : ജിതിൻ ജോയൽ ഹാരിം ∙ മനോരമ
വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ഹോസ്റ്റലിന്റെ ഉൾവശം. ഇതിന്റെ നടുമുറ്റത്തുവച്ചാണ് സിദ്ധാർഥനെ ആൾക്കൂട്ട വിചാരണ നടത്തുകയും അതിക്രൂരമായി മർദിക്കുകയും ചെയ്തത്. ചിത്രം : ജിതിൻ ജോയൽ ഹാരിം ∙ മനോരമ

അതിനിടെ, ഡീൻ ഇടയ്ക്കിടെ ഹോസ്റ്റലിൽ പരിശോധന നടത്താൻ ഉത്തരവാദിത്തമുള്ളയാളാണെന്ന് വെറ്ററിനറി സർവകലാശാലയിൽ പുതുതായി ചുമതലയേറ്റ വിസി പി.സി.ശശീന്ദ്രൻ ചൂണ്ടിക്കാട്ടി. ഹോസ്റ്റലിലെ വിദ്യാർഥികളുമായി മാസം തോറും യോഗം നടത്തണം. ഇക്കാര്യം ചെയ്തിട്ടുണ്ടോ എന്നു പരിശോധിക്കും. സിദ്ധാർഥന് മർദനമേൽക്കുമ്പോൾ പ്രതികരിക്കാതിരുന്ന വിദ്യാർഥികളും കുറ്റക്കാരാണെന്ന് വിസി പറഞ്ഞു. ഡീനിനേയും അസിസ്റ്റന്റ് വാർഡനെയും സസ്പെൻഡ് ചെയ്യാൻ നിർദേശിച്ചതായി മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചു. ഹോസ്റ്റലിൽ സിസിടിവി നിരീക്ഷണം ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

English Summary:

Public trial and brutal lynching till 2 am; The accused brought Siddharth to death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com