പാക്കിസ്ഥാനിൽ ഷഹബാസ് ഷരീഫ് വീണ്ടും പ്രധാനമന്ത്രി; ദേശീയ കൗൺസിലിൽ 201 പേരുടെ പിന്തുണ

Mail This Article
ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് (നവാസ് ഷരീഫ്) നേതാവ് ഷഹബാസ് ഷരീഫ് (72) വീണ്ടും പാക്കിസ്ഥാൻ പ്രധാനമന്ത്രി. ദേശീയ അസംബ്ലിയാണ് ഷഹബാസ് ഷരീഫിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. രണ്ടാം തവണയാണ് ഇദ്ദേഹം പാക്കിസ്ഥാൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. മൂന്നു തവണ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷരീഫിന്റെ ഇളയ സഹോദരനാണ് ഷഹബാസ്.
ദേശീയ അസംബ്ലിയിൽ ഇന്നു നടന്ന വോട്ടെടുപ്പിൽ 201 അംഗങ്ങൾ ഷഹബാസ് ഷരീഫിനെ പിന്തുണച്ചു. എതിർ സ്ഥാനാർഥിയായ പിടിഐയിലെ ഒമർ അയൂബ് ഖാന് 92 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
മുൻ പ്രധാനമന്ത്രി നവാസ് ഷരീഫാണ് ഷഹബാസ് ഷരീഫിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തത്. നവാസ് ഷരീഫ് തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് പാർട്ടി പ്രവർത്തകർ ഉൾപ്പെടെ പ്രതീക്ഷിച്ചിരിക്കെയാണ് അദ്ദേഹം ഷഹബാസിനെ പ്രഖ്യാപിച്ചത്. പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് (നവാസ്) പാർട്ടിയുടെ ഉന്നതതല യോഗത്തിലായിരുന്നു നാമനിർദേശം. പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായി നവാസ് ഷരീഫിന്റെ മകൾ മറിയം നവാസ് തിങ്കളാഴ്ച അധികാരമേറ്റിരുന്നു.