ADVERTISEMENT

തിരുവനന്തപുരം∙ പേട്ടയിൽ രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലത്തു നിന്ന് ഇന്നു പുലർച്ചെയാണ് പ്രതിയെ പിടികൂടിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി 19നു പുലർച്ചെയാണ് ബിഹാർ സ്വദേശികളുടെ
കുഞ്ഞിനെ കാണാതായത്. 20 മണിക്കൂറിനു ശേഷം കുഞ്ഞിനെ കൊച്ചുവേളി റെയിൽവേ സ്റ്റേഷനു സമീപമുള്ള ഓടയിൽ നിന്നാണ് കണ്ടെത്തിയത്.

പ്രതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വൈകുന്നേരം ആറിനു നടത്തുന്ന വാർത്താസമ്മേളനത്തിൽ സിറ്റി പൊലീസ് കമ്മിഷണർ പുറത്തുവിടുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയതെന്നാണ് വിവരം. കഴിഞ്ഞ രണ്ടുദിവസമായി പ്രതിക്കു പിന്നാലെയായിരുന്നു അന്വേഷണസംഘം. ചോദ്യം ചെയ്യലിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയത് താനാണെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. വാർത്താസമ്മേളനം നടത്തുന്നത് വരെ പ്രതിയെപ്പറ്റിയുള്ള വിശദാംശങ്ങൾ പുറത്തുവിടരുതെന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ രണ്ടാഴ്ചയായി പ്രദേശത്തെ സിസിടിവികൾ അടക്കം പരിശോധിച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണ് പ്രതിയെന്നാണ് സൂചന.

കുട്ടിയെ ഉപദ്രവിക്കുക എന്ന ലക്ഷ്യത്തോടെയാണ് തട്ടിക്കൊണ്ടുപോയത്. കുട്ടി കരഞ്ഞതോടെ ഇയാൾ വായ പൊത്തിപ്പിടിച്ചു. കുഞ്ഞിന്റെ ബോധം മറഞ്ഞതോടെയാണ് ഓടയിൽ ഉപേക്ഷിച്ചത്. പ്രതി മലയാളി തന്നെയാണെന്നാണ് പുറത്തുവരുന്ന വിവരം. കുട്ടിയെ ഉപേക്ഷിച്ചു കളയാനുള്ള മറ്റൊരു സാഹചര്യം കൂടി ഉണ്ടായിട്ടുണ്ടെന്നും അത് എന്താണെന്ന് ആറു മണിക്ക് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

രണ്ടാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതിയെ വലയിലാക്കിയത്. കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നവർ, അലഞ്ഞുതിരിഞ്ഞു നടക്കുന്നവർ തുടങ്ങിയവരെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഒരുഘട്ടത്തിൽ കുട്ടിയുടെ കുടുംബത്തിലേക്കു വരെ അന്വേഷണം നീണ്ടിരുന്നു. ബന്ധുക്കൾ ആരെങ്കിലും മാതാപിതാക്കളെ ഭീഷണിപ്പെടുത്താൻ കുട്ടിയെ തട്ടിക്കൊണ്ടുപോയതാണോ എന്നായിരുന്നു പൊലീസിന്റെ സംശയം.

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയതിനു പിന്നാലെ നടന്ന സംഭവമെന്ന നിലയിൽ കേരളമാകെ ശ്രദ്ധിച്ച സംഭവമായിരുന്നു രണ്ടു വയസുകാരിയുടെ തിരോധാനം.

English Summary:

The suspect who kidnapped a 2 year old girl is in custody

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com