ADVERTISEMENT

കോട്ടയം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട സീറ്റ് പ്രതീക്ഷിച്ചിരുന്നെങ്കിലും ലഭിക്കാത്തതിനെ തുടർന്ന് ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാവ് പി.സി. ജോർജിനെ അനുനയിപ്പിക്കാൻ ബിജെപി സ്ഥാനാർഥി അനിൽ ആന്റണി. തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഇറങ്ങും മുൻപ് പി.സി. ജോർജിനെ നേരിട്ടു കാണുമെന്ന് അനിൽ ആന്റണി മനോരമ ഓൺലൈനോടു പറഞ്ഞു. ഇടഞ്ഞുനിൽക്കുന്ന പി.സി. ജോർജിന്റെ പ്രതിഷേധം തണുപ്പിക്കാനാണ് അനിലിന്റെ ശ്രമം. ബിജെപി നേതൃത്വത്തിന്റെ കൂടി നിർദ്ദേശപ്രകാരമാണ് അനിൽ ആന്റണി പി.സി. ജോർജിനെ നേരിട്ടു കാണുന്നതെന്നാണ് വിവരം.

Read more at: ‘എല്ലാവരും പറഞ്ഞപ്പോൾ സ്ഥാനാർഥിയായാൽ എന്താ എന്ന് എനിക്കും തോന്നി; അനിലിനെ ജനത്തിന് പരിചയപ്പെടുത്തുന്നത് ശ്രമകരം’

ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തുന്ന അനിൽ ആന്റണി, കോട്ടയത്തെത്തി ബിജെപി ജില്ലാ നേതാക്കളെയും കൂട്ടിയാകും പി.സി. ജോർജിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കാണുക.

അതേസമയം, പത്തനംതിട്ടയിൽ അനിൽ ആന്റണിയെ സ്ഥാനാർഥിയാക്കിയതിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പാർട്ടി ദേശീയ നേത‍ൃത്വം സംസ്ഥാന നേതൃത്വത്തോട് വിശദാംശങ്ങൾ തേടി. പി.സി. ജോർജിന്റെ പരസ്യ പ്രതികരണങ്ങളിൽ ബിജെപി കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് വിവരം. തനിക്ക് സ്ഥാനാർഥിത്വം നിഷേധിക്കപ്പെടാൻ കാരണം വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയുമാണെന്ന പി.സി. ജോർജിന്റെ പരാമർശത്തിനെതിരെ എൻഡിഎ ഘടകകക്ഷി കൂടിയായ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ബിജെപി കേന്ദ്രനേതൃത്വത്തെയും പരാതി അറിയിച്ചിട്ടുണ്ട്.

അതേസമയം, അനിൽ ആന്റണിക്ക് സീറ്റ് നൽകിയതിനെതിരെ പത്തനംതിട്ട ബിജെപിയിലും പരസ്യ പ്രതിഷേധം ഉയർന്നിരുന്നു. നേതൃത്വത്തെ വിമർശിച്ച് ബിജെപി ജില്ലാ നേതാവ് സമൂഹമാധ്യമത്തിൽ പോസ്റ്റിടുകയും ചെയ്തു. അനിലിന്റെ സ്ഥാനാർഥിത്വത്തെ പിതൃശൂന്യനടപടിയെന്നു വിശേഷിപ്പിച്ച കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിലിനെ പാർട്ടിയിൽനിന്ന് പുറത്താക്കി.

അനിൽ ആന്റണിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതു മുതൽ പലതവണ പി.സി. ജോർജ് തന്റെ അനിഷ്ടം പരോക്ഷമായി പ്രകടിപ്പിച്ചിരുന്നു. പത്തനംതിട്ട മണ്ഡലത്തിൽനിന്ന് തന്നെ ഒഴിവാക്കുന്നതിനായി പ്രവർത്തിച്ച തുഷാർ വെള്ളാപ്പള്ളിക്കും വെള്ളാപ്പള്ളി നടേശനും പിണറായി വിജയനും ദൈവം കൊടുക്കുമെന്നും പി.സി. ജോർജ് പ്രതികരിച്ചിരുന്നു.

പത്തനംതിട്ടയിൽ താൻ സ്ഥാനാർഥിയാകണമെന്ന് എസ്എൻഡിപി ഉൾപ്പെടെയുള്ള എൻഡിഎയിലെ നേതാക്കൾ ആഗ്രഹിച്ചിരുന്നുവെന്നായിരുന്നു പി.സി. ജോർജിന്റെ മറ്റൊരു പരാമർശം. അനിൽ ആന്റണി ചെറുപ്പമാണെങ്കിലും അദ്ദേഹത്തെ പത്തനംതിട്ടയിൽ പരിചയപ്പെടുത്താൻ കുറച്ചധികം സമയമെടുക്കും. എ.കെ. ആന്റണിയുടെ മകനാണെന്ന വിലാസമുണ്ടെങ്കിലും, ആന്റണി കോൺഗ്രസുകാരനാണ്. മകന് അപ്പന്റെ പിന്തുണയില്ല എന്നത് പ്രശ്നമാണ്. എ.കെ.ആന്റണി പരസ്യമായി അനിൽ ആന്റണിക്ക് പിന്തുണ കൊടുത്തിരുന്നെങ്കിൽ കുറച്ചുകൂടി എളുപ്പമാകുമായിരുന്നു. താൻ സ്ഥാനാർഥിയായിരുന്നെങ്കിൽ ഓടുന്നതിൽ കൂടുതൽ അനിൽ ആന്റണി ഓടേണ്ടി വരും എന്നിങ്ങനെയായിരുന്നു ജോർജിന്റെ പരാമർശങ്ങൾ.

English Summary:

BJP Candidate In Pathanamthitta Anil Antony to Meet PC George Ahead of Election Campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com