ADVERTISEMENT

കോഴിക്കോട്∙ ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കുഞ്ഞനന്തനെ കൊന്നതാണെന്ന് മകൾക്ക് ഉറപ്പുണ്ടെങ്കിൽ, മുഖ്യമന്ത്രിയോട് അന്വേഷണം ആവശ്യപ്പെടാൻ ധൈര്യമുണ്ടോയെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി. അന്വേഷിച്ചാൽ കൊന്നത് യുഡിഎഫാണോ സിപിഎമ്മാണോയെന്ന് വ്യക്തമാകുമെന്ന് ഷാജി ചൂണ്ടിക്കാട്ടി. ടി.പി. വധക്കേസിലെ മറ്റൊരു പ്രതിയായ സി.എച്ച്. അശോകന്റെ മരണത്തിലും ദുരൂഹതയുണ്ടന്നും ഫസൽ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ സിപിഎം കള്ളക്കേസിൽ കുടുക്കി നാടു കടത്തിയെന്നും ഷാജി ആരോപിച്ചു.

Read also: പ്രണയം നിരസിച്ചതിന് ആസിഡ് ആക്രമണം, 3 പെൺകുട്ടികൾക്ക് ഗുരുതര പരുക്ക്; മലയാളി യുവാവ് പിടിയിൽ

കുറ്റ്യാടി പലേരിയില്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഷൂക്കൂർ വധക്കേസിലെ ഒരു പ്രതിയും മറ്റൊരു പ്രതിയുടെ ഭാര്യയും ആത്മഹത്യ ചെയ്തത് ദുരൂഹമാണെന്ന് ഷാജി ആരോപിച്ചു. മൻസൂർ വധക്കേസിലെ രണ്ടാം പ്രതി രതീഷും ആത്മഹത്യ െചയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ഒരു ദിവസം ജനങ്ങളുടെ മുന്നിൽവന്ന് പൊട്ടിത്തെറിച്ച കാര്യവും ഷാജി പ്രസംഗത്തിൽ സൂചിപ്പിച്ചു.

‘‘ഫസൽ വധക്കേസ് അന്വേഷിച്ച ഡിവൈഎസ്പിയുണ്ട്, കെ.രാധാകൃഷ്ണൻ. ആ മനുഷ്യന്റെ കണ്ണുനീരുണ്ടല്ലോ സഖാവേ... ഐപിഎസ് എഴുതിയെടുത്ത മനുഷ്യനാണ് അദ്ദേഹം. അയാളെ നിങ്ങൾ പുറത്താക്കി. പെണ്ണു കേസിൽ കുടുക്കി. ആ മനുഷ്യൻ ജോലി ചെയ്യുന്നത് കർണാടകയിൽ സെക്യൂരിറ്റി ജീവനക്കാരനായിട്ടാണ്. കൊല്ലാൻ പോലും ശ്രമിച്ചു. ഞാൻ ആ മനുഷ്യൻ അന്വേഷിച്ച കേസുകളിൽ പിന്നാലെത്തന്നെയുണ്ടായിരുന്നു, കണ്ണൂരിലെ ഒരു ജനപ്രതിനിധി എന്ന നിലയിൽ. കാരായി ചന്ദ്രശേഖരനെ, കാരായി രാജനെ പ്രതി ചേർത്തു എന്നതിന്റെ പേരിൽ മാത്രമാണ് അയാളെ ഉപദ്രവിച്ചത്.

‘‘ഞാൻ കുഞ്ഞനന്തനെക്കുറിച്ച് പറഞ്ഞതല്ലേ സഖാവേ പ്രശ്നം. എന്നാൽ അവിടെ നിൽക്കില്ല. കാരണം എന്താണെന്ന് അറിയാമോ? അവിടെ സി.എച്ച്. അശോകനും മരിച്ചു. ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തുന്നതിൽ മുൻപന്തിയിലുണ്ടായിരുന്നു സി.എച്ച്. അശോകൻ. എൻജിഒ യൂണിയന്റെ സംസ്ഥാന നേതാവായിരുന്നു. ഒഞ്ചിയത്തിലെ പാർട്ടിയുടെ സെക്രട്ടറി എങ്ങനെയാണ് മരിച്ചത്? ഒരു ദിവസം പെട്ടെന്നങ്ങ് പ്രഖ്യാപിക്കുകയാണ്, സി.എച്ച്. അശോകൻ മരിച്ചു. സംശയമുണ്ടെന്ന് ആർഎംപി അന്നു പറ‍ഞ്ഞതാണ്.

‘‘എങ്ങനെയാണ് സി.എച്ച്. അശോകൻ മരിക്കുന്നത്? എങ്ങനെയാണ് കുഞ്ഞനന്തൻ മരിക്കുന്നത്? കുഞ്ഞനന്തന്റെ മകൾ എനിക്കെതിരെ ഒരു പോസ്റ്റിട്ടു. ‘മോനേ ഷാജി, ആ വെള്ളമങ്ങ് മറിച്ചേക്ക് എന്നാണ് പോസ്റ്റ്. എന്നാൽ കുഞ്ഞനന്തന്റെ മോളേ, ഞാൻ ആ വെള്ളം മറിക്കാൻ പോകുന്നില്ല. അത് തിളച്ചുമറിയാൻ തുടങ്ങിയിട്ടുണ്ട്. മനസ്സിലാക്കിക്കോ. അത് കേരളീയം സമൂഹം ഏറ്റെടുത്തിട്ടുണ്ട്.

‘‘ആ പോസ്റ്റിൽ കുഞ്ഞനന്തന്റെ മകൾ പറഞ്ഞൊരു കാര്യമുണ്ട്. എന്റെ അച്ഛനെ കൊന്നത് യുഡിഎഫാണ്  എന്നാണ് പറയുന്നത്. ഞാൻ ആ പ്രയോഗം നടത്തിയിട്ടില്ല. കുഞ്ഞനന്തന്റെ മരണത്തിൽ ‍സംശയമുണ്ടെന്നാണ് ഞാൻ പറഞ്ഞത്. എങ്ങനെയാണ് മോള് അത് കൊന്നതാണെന്നു പറഞ്ഞത്? അപ്പോൾ മനസ്സിന്റെയുള്ളിൽ അത് കൊലയാണെന്ന് ഉണ്ട്, അല്ലേ? അങ്ങനെയൊരു സംശയം കുഞ്ഞനന്തന്റെ മകൾ പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്.

‘‘കൊന്നതാണെന്ന് മകൾക്ക് സംശയമുണ്ടോ? അങ്ങനെയെങ്കിൽ ആ മകളോടു ഞാൻ പറയുന്നു; കൊന്നത് കോൺഗ്രസാണ്. കൊന്നത് ലീഗാണ്. നമുക്ക് സംശയിക്കാം. ഒരു അന്വേഷണം പ്രഖ്യാപിക്കൂ. കുഞ്ഞനന്തന്റെ മകളാണെങ്കിൽ വെള്ളക്കടലാസിൽ ഒരു പരാതി എഴുതി മുഖ്യമന്ത്രിക്കു കൊടുക്കുമോ, അച്ഛന്റെ മരണം അന്വേഷിക്കണമെന്ന് പറഞ്ഞ്? അതിനുള്ള ധൈര്യമുണ്ടോ?’’ – ഷാജി ചോദിച്ചു.

English Summary:

KM Shaji Alleges Conspiracy in Fazal Murder Case and Raises Questions on Accused Deaths

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com