ADVERTISEMENT

കൊച്ചി∙ മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച നാടിന് സമർപ്പിക്കും. രാവിലെ 10ന് കൊൽക്കത്തയിൽനിന്ന് ഓൺലൈനായി പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. തൃപ്പൂണിത്തുറ സ്റ്റേഷനിൽനിന്നുള്ള ആദ്യ ട്രെയിൻ ഭിന്നശേഷിയുള്ള കുട്ടികളുമായി ആലുവ സ്റ്റേഷനിലേക്ക് പുറപ്പെടും. അന്നുതന്നെ പൊതുജനങ്ങൾക്കായി തൃപ്പൂണിത്തുറയിൽനിന്നു സർവീസ് ആരംഭിക്കും.

പുതുതായി നിർമിച്ച തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനിൽ രാവിലെ 9.45 മുതൽ കൊച്ചി മെട്രോ ഫേസ് 1-ബി നാടിന് സമർപ്പിക്കുന്നതിന്റെ ചടങ്ങുകൾ ആരംഭിക്കും. ജനപ്രതിനിധികളും വിവിധ വിശിഷ്ട വ്യക്തികളും സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും. ആലുവ മുതൽ തൃപ്പൂണിത്തുറ ടെർമിനൽ വരെ 75 രൂപയാണ് അംഗീകൃത ടിക്കറ്റ് നിരക്ക്. ഉദ്ഘാടനത്തോടനുബന്ധിച്ച് നിലവിൽ ആലുവയിൽനിന്ന് എസ്എൻ ജംക്‌ഷനിലേക്കുള്ള യാത്രാ നിരക്കായ 60 രൂപ തന്നെ തൃപ്പൂണിത്തുറ വരെയും ഈടാക്കൂ. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ 15 രൂപ ഇളവോടെ ആലുവയിൽ നിന്ന് തൃപ്പൂണിത്തുറ വരെ മെട്രോയിൽ യാത്ര ചെയ്യാം.

കൊച്ചി മെട്രോ.(ഫയൽ ചിത്രം)
കൊച്ചി മെട്രോ.(ഫയൽ ചിത്രം)

പ്രൗഢഗംഭീരമായാണ് തൃപ്പൂണിത്തുറയിലെ മെട്രോ സ്റ്റേഷൻ ഒരുക്കിയിരിക്കുന്നത്. മെട്രോ സ്റ്റേഷനും തൂണുകളും മ്യൂറൽ ചിത്രങ്ങളാൽ സമ്പന്നമാണ്. സ്റ്റേഷന് മുൻവശത്തെ തൂണുകളിൽ തൃപ്പൂണിത്തുറയുടെ ചരിത്രത്തിന്റെ ഭാഗമായ അത്തച്ചമയത്തിലെ വിവിധ കാഴ്ചകളാണ് മ്യൂറൽ ചിത്രങ്ങളായി ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ വിവിധ നൃത്തരൂപങ്ങളുടെ ശിൽപങ്ങളുമായി ഒരുക്കിയിരിക്കുന്ന ഡാൻസ് മ്യൂസിയം സ്റ്റേഷന്റെ മറ്റൊരു പ്രത്യേകതയാണ്. ഡാൻസ് മ്യൂസിയവും ഉടൻ തന്നെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. സ്റ്റേഷനിൽ യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്ന ഇരിപ്പിടങ്ങളിലും ലൈറ്റുകളിലും മറ്റ് ഇൻറ്റീരിയർ ഡിസൈനിലുമെല്ലാം രാജനഗരിയുടെ പൈതൃകം കൊണ്ടുവന്നിട്ടുണ്ട്.

1.35 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് ആദ്യ ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ സ്റ്റേഷൻ ഒരുങ്ങുന്നത്. ഇതിൽ 40,000 ചതുരശ്ര അടി ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിനായുള്ള പദ്ധതികൾക്കായി നീക്കിവച്ചിരിക്കുകയാണ്. ഓപ്പൺ വെബ് ഗിർഡർ സാങ്കേതികവിദ്യ കൊച്ചി മെട്രോയിൽ ആദ്യമായി ഉപയോഗിച്ചത് എസ്എൻ ജംക്‌ഷൻ- തൃപ്പൂണിത്തുറ സ്റ്റേഷനുകൾക്കിടയിലെ 60 മീറ്റർ മേഖലയിലാണ്. എസ്എൻ ജംക്‌‌ഷൻ സ്റ്റേഷൻ മുതൽ തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷൻ വരെ 1.16 കിലോമീറ്റർ ദൂരമാണ് ഫേസ് 1–ബി. ആലുവ മുതൽ തൃപ്പൂണിത്തുറ സ്റ്റേഷൻ വരെ 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റർ ദൈർഘ്യമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിൽ പിന്നിടുക. ഭൂമി ഏറ്റെടുക്കുന്നതിനും നിർമാണത്തിനുമുൾപ്പെടെ 448.33 കോടി രൂപയാണ് ചെലവ്.

English Summary:

Kochi Metro: Thripunithura Terminal Inauguration on March 6th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com