ADVERTISEMENT

തിരുവനന്തപുരം∙ ചാക്കയിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി മണിക്കൂറുകൾക്കകം തിരികെ കിട്ടിയെങ്കിലും പ്രതിയെ പിടികൂടുന്നത് 12 ദിവസത്തിന് ശേഷം. ദുരൂഹതയുടെ ചുരുളഴിക്കാൻ വട്ടം ചുറ്റിയെങ്കിലും പ്രതിയിലേക്ക് എത്താനായത് പൊലീസിന് നേട്ടമായി. സ്വന്തമായി ഫോണുണ്ടെങ്കിലും അത് ഉപയോഗിക്കാത്തയാളാണ് പിടിയിലായ ഹസൻകുട്ടിയെന്ന് പൊലീസ് പറഞ്ഞു.

Read more at: മുൻപ് കൊല്ലത്തും നാടോടി കുട്ടിയെ തട്ടിയെടുക്കാൻ ഹസൻകുട്ടിയുടെ ശ്രമം; അന്ന് നാട്ടുകാർ പിടികൂടി തല്ലി

അലഞ്ഞുതിരിയുകയും രാത്രി എത്തുന്ന നഗരത്തിൽ കാണുന്ന തട്ടുകടകളിൽ സഹായിയായി കൂടി അവിടെ നിന്നു ലഭിക്കുന്ന പണം കൊണ്ട് കഴിയുന്നതുമാണ് ഇയാളുടെ രീതി. പകൽ എവിടെയെങ്കിലും ഒതുങ്ങിക്കൂടും. സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് കൊല്ലം ജയിൽ അധികൃതർ ആളെ തിരിച്ചറിഞ്ഞെങ്കിലും ഇയാളെ കണ്ടെത്തുകയെന്നത് പൊലീസിന് വെല്ലുവിളിയായി.

കുട്ടി ഉറങ്ങിയ സ്ഥലത്ത് സംഭവം നടന്ന സമയത്ത് മാത്രം മൂവായിരത്തോളം മൊബൈൽ ഫോൺ നമ്പറുകൾ കടന്നുപോയി. ഇതോടെ ഫോൺ ലൊക്കേഷൻ വച്ച് മാത്രം പ്രതിയിലേക്ക് എത്താനാകില്ലെന്ന് പൊലീസിന് മനസ്സിലായി. പിന്നീടാണ് സിസി ടിവി ദൃശ്യങ്ങൾ ശേഖരിച്ചത് ബ്രഹ്മോസ് മുതൽ ഇതിലെ കടന്നുപോയ വന്ദേഭാരത് ട്രെയിനിലെ സിസി ടിവി ദൃശ്യങ്ങൾ വരെ പൊലീസ് ശേഖരിച്ചു. 100 കണക്കിന് ദൃശ്യങ്ങളിൽ നിന്ന് സംശയം തോന്നിയ 30 പേരുടെ പട്ടിക പൊലീസ് ഉണ്ടാക്കി. ഇതിൽ ഹസൻകുട്ടി മാത്രം തലയിൽ പുതപ്പിട്ട് റോഡിലൂടെ നടക്കുന്ന ദൃശ്യം ലഭിച്ചു.

ഈ പുതപ്പ് മാറ്റിയപ്പോഴുള്ള ദൃശ്യങ്ങൾ കണ്ടെത്തിയാണ് ജയിലുകളിലേക്ക് അയച്ചത്. കുട്ടിയെ ഉപേക്ഷിച്ച ശേഷം റെയിൽവേ ലൈൻ മുറിച്ച് നടന്ന ഹസൻകുട്ടി റോഡിലൂടെ അൽപ നേരം നടന്ന ശേഷം വന്ന രണ്ടു ബൈക്കുകളിൽ ലിഫ്റ്റ് ചോദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. 

അത്തരത്തിൽ ഇയാളുടെ നടത്തത്തിന്റെ ദൃശ്യങ്ങളിൽ നിന്നും കൂടുതൽ വ്യക്തമായ ചിത്രമാണ് അയച്ചത്. ഇതാണ് അധികൃതർ തിരിച്ചറിഞ്ഞത്.

അലഞ്ഞുതിരിയുന്ന ഇയാളുടെ രീതി മനസ്സിലാക്കി ആലുവ മുതൽ ഇയാൾ കാണാറുള്ള സ്ഥലങ്ങളിൽ പൊലീസ് തിരച്ചിൽ ഊർജിതമാക്കി. 

രാത്രി പുറത്തിറങ്ങുന്ന ഇയാൾക്കായി തട്ടുകടകളിലും പൊതുശുചിമുറികൾ ഉപയോഗിക്കുന്നതിനാൽ അത്തരം കേന്ദ്രങ്ങൾക്കു മുന്നിലും പൊലീസ് ഇയാൾക്കായി കാത്തിരുന്നു. അങ്ങനെയാണ് ഒടുവിൽ‌ പ്രതി പിടിയിലാകുന്നത്.

കല്ലമ്പലത്ത് ക്ഷേത്രമോഷണം ഉൾപ്പെടെ 3 കേസുകളിലും ചിറയിൻകീഴിൽ 2 ഓട്ടോറിക്ഷാ മോഷണക്കേസിലും ആലപ്പുഴയിൽ വീട്ടിൽ മോഷണം നടത്തിയതിലും പ്രതിയാണ്. ഇതുകൂടാതെ പോക്സോ കേസിലും പ്രതിയാണ്. ഡിസിപി നിഥിൻ രാജിന്റെ നേതൃത്വത്തിൽ എല്ലാ വഴികളിലൂടെയും നടന്ന അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.

 ശംഖുമുഖം എസിപി രാജപ്പൻ, എസ്ച്ച്ഒ ശ്രീജിത്ത്, എസ്ഐമാരായ സന്തോഷ് , അഭിലാഷ്, എം.ഉമേഷ്, ടി.ജെ സാബു, സിവിൽ പൊലീസ് ഓഫിസർമാരായ ഐ. ഷംനാദ്. എസ്. വിനോദ്, എ. അജിത്കുമാർ, എസ്. വിനോദ്, എം.സി. രഞ്ജിത്, ആർ.രാജീവ് കുമാർ, എസ്. ഷിബു, ടി.ആർ.ദീപുരാജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. 

∙ തെളിവെടുപ്പ് നിർണായകം

അന്ന് മാതാപിതാക്കളുടെ നടുവിൽ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിയെടുത്തതു മുതലുള്ള കാര്യങ്ങൾ പ്രതി പറയുന്നത് സ്ഥിരീകരിക്കേണ്ടതുണ്ട്. അന്നു പകൽ മുഴുവൻ തിരഞ്ഞിട്ടും 19 മണിക്കൂറിന് ശേഷമാണ് കുട്ടിയെ അവിടെ കണ്ടെത്തിയത്. കുട്ടിയെ ഉപേക്ഷിച്ചിട്ട് അധിക നേരമായില്ലെന്നാണ് അന്ന് പൊലീസ് സംശയിച്ചത്.

എന്നാൽ പ്രാഥമിക മൊഴി അനുസരിച്ച് രാത്രി തന്നെ കുഞ്ഞിനെ ഉപേക്ഷിച്ചതായാണ് പറയുന്നത്. പ്രതി കുട്ടിയുമായി പോയത് എങ്ങോട്ടാണ്, ഒളിച്ചിരുന്നത് എവിടെയാണ് തുടങ്ങിയ സംശയങ്ങൾക്കെല്ലാം മറുപടി കിട്ടണമെങ്കിൽ തെളിവെടുപ്പ് പൂർത്തിയാകണം.‌ നാളെയോടെ പൂർണ ചിത്രം തെളിയുമെന്നാണ് പൊലീസിന്റെ നിഗമനം.

English Summary:

Thiruvananthapuram Police Triumph in High-Stakes Baby Kidnapping Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com