ADVERTISEMENT

പത്തനംതിട്ട∙ മാർച്ച് മാസം കേരളത്തിന്റെ ചരിത്രത്തിലെ തന്നെ കഠിന വരൾച്ചയുടെ മാസമാകാൻ സാധ്യതയെന്നു സൂചന നൽകി കാലാവസ്ഥാ പഠനങ്ങൾ. നെല്ലും പച്ചക്കറികളും ഉൾപ്പെടെ കാർഷിക വിളകളുടെ ഉൽപാദനത്തിൽ ഏറ്റവും കുറഞ്ഞത് 14% വരെ കുറവ് അനുഭവപ്പെടാമെന്നും പഠനം മുന്നറിയിപ്പു നൽകുന്നു. ഒരു ഡിഗ്രി സെൽഷ്യസ് താപം വർധിച്ചാൽ 6 മുതൽ 14% വരെ ഉൽപാദനം കുറയുമെന്നാണു കണക്ക്. മാർച്ചിൽ നാലു ഡിഗ്രി വരെ ചൂട് വർധിച്ച നിലയ്ക്കു വിളകൾക്കു പ്രത്യേക സംരക്ഷണം നൽകേണ്ട സാഹചര്യമാണ്.

പസിഫിക് സമുദ്ര താപനില വർധിപ്പിക്കുന്ന എൽനിനോയ്ക്ക് ഒപ്പം പരിസ്ഥിതിയിലുണ്ടായ മാറ്റങ്ങളും കൂടി ചേർന്നാണ് കേരളത്തെ വറചട്ടിയാക്കിയതെന്നു വിദഗ്ധർ പറയുന്നു. മാർച്ച് മുതൽ മേയ് വരെ അസാധാരണ ചൂട് രാജ്യത്ത് അനുഭവപ്പെടുമെന്നു കേന്ദ്ര കാലാവസ്ഥാ കേന്ദ്രം കഴിഞ്ഞ ദിവസം മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

ഈ മാർച്ച് സംസ്ഥാനത്തെ മിക്ക ജില്ലകളിലും കഠിനമായ വേനൽ അനുഭവപ്പെടുമെന്ന അസാധാരണ മുന്നറിയിപ്പ് കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രവും പുറത്തിറക്കി. 1987 മുതൽ 2003 വരെയുള്ള താപനിലയുടെ കണക്ക് പരിശോധിച്ചതിൽനിന്നാണ് സിഡബ്ല്യുആർഡിഎം ഈ നിഗമനത്തിലെത്തിയത്.

വേനലിൽ മണൽപ്പരപ്പായി മാറിയ ഭാരതപ്പുഴയിലൂടെ കനത്ത വെയിലിനെയും അവഗണിച്ചു നടന്നുനീങ്ങുന്നവർ. പേരശ്ശനൂർ ഭാരതപ്പുഴയോരത്തു നിന്നുള്ള കാഴ്ച.
വേനലിൽ മണൽപ്പരപ്പായി മാറിയ ഭാരതപ്പുഴയിലൂടെ കനത്ത വെയിലിനെയും അവഗണിച്ചു നടന്നുനീങ്ങുന്നവർ. പേരശ്ശനൂർ ഭാരതപ്പുഴയോരത്തു നിന്നുള്ള കാഴ്ച.

കഴിഞ്ഞ കുറെ വർഷങ്ങളായി മാർച്ച് – ഏപ്രിൽ മാസങ്ങളിൽ കേരളത്തിലെ പകൽ – രാത്രി താപനിലകളിൽ വർധന ഉണ്ടാകുന്നതായി പഠനം പറയുന്നു. ഏപ്രിൽ ആകുന്നതോടെ കടുത്ത ചൂടും ജലക്ഷാമവും അനുഭവപ്പെടുന്ന സ്ഥിതിയാണ്. വേനൽമഴ വരുമ്പോൾ മേയിലാണ് അൽപം ആശ്വാസം ലഭിക്കുക. എന്നാൽ ഇത്തവണ മാർച്ചിലാവും കഠിന വേനലെന്ന് കരുതപ്പെടുന്നു. ഏപ്രിൽ– മേയ് മാസങ്ങളിൽ ആശ്വാസ മഴ ലഭിച്ചേക്കും.

പത്തനംതിട്ട പോലെ വനസാന്നിധ്യവും ജലരാശിയുമുള്ള ജില്ലകളിൽ പോലും ഇന്നലെ ചൂട് 38 ഡിഗ്രി കടന്നത് ആശങ്ക ഉയർത്തുന്നു. ചിലയിടങ്ങളിൽ നേരിയ വേനൽമഴയ്ക്കു സാധ്യതയുണ്ടെന്ന പ്രവചനം മാത്രമാണ് ഏക ആശ്വാസം.

കനത്ത ചൂടിൽ മരങ്ങളുടെ ഇലകൾ കെ‍ാഴിഞ്ഞ് ഉണങ്ങാൻ തുടങ്ങിയപ്പോൾ.
കനത്ത ചൂടിൽ മരങ്ങളുടെ ഇലകൾ കെ‍ാഴിഞ്ഞ് ഉണങ്ങാൻ തുടങ്ങിയപ്പോൾ.

വറ്റി ഭൂഗർഭ ഉറവകൾ

കുഴൽക്കിണറുകളിലൂടെ വൻ തോതിൽ വലിച്ചെടുക്കുകയും കിനിഞ്ഞിറങ്ങി ചെല്ലാൻ ഒരുതുള്ളി മഴപോലും ഇല്ലാതിരിക്കുകയും ചെയ്തതോടെ ഭൂഗർഭ ഉറവ ജലത്തിൽ ഇരുമ്പിന്റെ സാന്നിധ്യം വർധിച്ചു. തീരത്ത് ഓരു കലരുന്ന പ്രവണതയുണ്ട്. പാലക്കാട്, മലപ്പുറം, ആലപ്പുഴ ജില്ലകളിലെ കിണർ ജലത്തിൽ ഫ്ലൂറൈഡ് അളവ് കൂടി. ഇ– കോളി ബാക്ടീരിയയും വർധിച്ചു. ശുദ്ധീകരണ പ്രക്രിയയിലൂടെ ഇവ പരിഹരിക്കണം.

എല്ലാ പഞ്ചായത്തിലും ജല ബജറ്റ് തയാറാക്കുക, ഓരോ പ്രദേശത്തിന്റെയും വരൾച്ച സാധ്യത കണ്ടെത്താനുള്ള ശ്രമം ഉപഗ്രഹ സഹായത്തോടെ തുടങ്ങിവയ്ക്കുക, വിവിധ സർക്കാർ വകുപ്പുകൾക്ക് ഇതു കൈമാറുക തുടങ്ങിയ നിർദേശങ്ങളും ഉയർന്നിട്ടുണ്ട്. വേനൽമഴ നഷ്ടമാകാതെ മണ്ണിലും കിണറുകളിലും സംഭരിക്കണം.

This image was generated using Midjourney
This image was generated using Midjourney

കേരളത്തിന് അനുയോജ്യമായ ജലസേചന സോഫ്റ്റ്‌വെയർ രൂപപ്പെടുത്തി തീരുമാനങ്ങളെടുക്കാൻ പറ്റിയ രീതിയിൽ വികസിപ്പിക്കണം. വരൾച്ചയെ നേരിടാൻ ദൗത്യസംഘം രൂപീകരിക്കാൻ കഠിന വേനൽ കേരളത്തിനു പാഠമാകണമെന്നും വിദഗ്ധർ നിർദേശിച്ചു. തീരപ്രദേശത്ത് കടൽജല ശുദ്ധീകരണ സാധ്യത തേടണം.

വേനലിനെ നേരിടാൻ ആവാം ഇടപെടലുകൾ

തുള്ളിനന, ചെടിക്ക് മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് വിതറൽ, തെങ്ങിനും മറ്റും പുതയിടൽ, ബാഷ്പീകരണം തടയാൻ കക്ക തുടങ്ങിയവ തളിക്കുക, ജൈവ വള പ്രയോഗം, റൈസോ ബാക്ടീരിയ പ്രയോഗം, ജലസേചന രീതിയിലെ മാറ്റം എന്നിവ കൃഷിക്കു സഹായകം. അടുക്കളയിലെ മിച്ചജലം ശുദ്ധീകരിച്ച് പുരയിടിത്തിലേക്ക് ഒഴുക്കുക.

This image was generated using Midjourney
This image was generated using Midjourney

വൈകുന്നേരമോ രാവിലെയോ ചെറിയ തോതിൽ തളിച്ചു നനയ്ക്കുന്നതു ചെടികൾക്ക് ആശ്വാസമാകും. കഴിവതും ഈ കാലത്ത് വളം ഇടാതിരിക്കുക, കാലാവസ്ഥാ മാറ്റത്തിന് അനുസരിച്ച് കൃഷികളും കാർഷിക രീതികളും മാറ്റി പുതിയ കാർഷിക കലണ്ടറുകൾ പഞ്ചായത്ത് തലത്തിൽ തയാറാക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com