ADVERTISEMENT

തിരുവനന്തപുരം∙ കുറ്റവാളികളെ പരോളിൽ വിടുമ്പോൾ ജിപിഎസ് സംവിധാനത്തിലൂടെ അവരെ നിരീക്ഷിക്കാനുള്ള ഇലക്ട്രോണിക് ‘കാൽത്തളകൾ’ പല വിദേശ രാജ്യങ്ങളിലും നടപ്പിലാക്കിയിട്ടും മുഖംതിരിച്ച് അധികാരികൾ. വലിയ ചെലവില്ലാതെ പദ്ധതി നടപ്പിലാക്കാമെന്നിരിക്കേ ഇതു സംബന്ധിച്ച നിർദേശങ്ങളിൽ കാര്യമായ ചർച്ചകൾ രാജ്യത്ത് നടന്നിട്ടില്ല. കേരളത്തിലെ ചില സ്റ്റാർട്ട്അപ് കമ്പനികൾക്ക് ഇതു നടപ്പിലാക്കാനുള്ള സാങ്കേതിക വിദ്യയുണ്ട്. സർക്കാരുമായി പ്രാഥമിക ചർച്ചകൾ നടന്നെങ്കിലും പണം അനുവദിക്കാത്തതിനാൽ പ്രവർത്തനം മുന്നോട്ടു പോയില്ല.

Read Also: ശമ്പളവും പെൻഷനും മുടങ്ങില്ല, പണം ഒരുമിച്ച് എടുക്കുന്നതിന് സാങ്കേതിക പ്രശ്നം: ധനമന്ത്രി

തിരുവനന്തപുരം പേട്ടയിൽ ബിഹാർ സ്വദേശികളുടെ രണ്ടുവയസുള്ള മകളെ തട്ടിക്കൊണ്ടുപോയ വർക്കല സ്വദേശി ഹസൻകുട്ടി നേരത്തെയും പോക്സോ കേസിൽ പ്രതിയായിരുന്നു. ആലുവയിൽ അതിഥി തൊഴിലാളി കുടുംബത്തിലെ 5 വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ ബിഹാർ സ്വദേശി അസഫാക് ആലവും നേരത്തെ പോക്സോ കേസിൽ പ്രതിയായിരുന്നു. ഇലക്ട്രോണിക് നിരീക്ഷണ സംവിധാനം ഉണ്ടായിരുന്നെങ്കിൽ ഇവരുടെ പ്രവർത്തനം നിരീക്ഷിക്കാനും കുറ്റകൃത്യം ഒഴിവാക്കാനും കഴിയുമായിരുന്നു.

കുറ്റവാളികളെ നിരീക്ഷിക്കാനുള്ള സംവിധാനം പാലക്കാട് കിൻഫ്ര പാർക്കിൽ പ്രവർത്തിക്കുന്ന സരോൺ ഇന്നവെച്വർ കമ്പനിയുമായി ചേർന്ന് വികസിപ്പിക്കാൻ ജയിൽവകുപ്പ് തീരുമാനിച്ചിരുന്നു. കണ്ണൂർ ജില്ലയിലാണ് പദ്ധതി നടപ്പിലാക്കാനിരുന്നത്. കുറ്റവാളികളുടെ കൈകളിൽ സ്മാർട് വാച്ച് പോലെ ലോക്ക് വാച്ചാണ് ഉദ്ദേശിച്ചത്. കുറ്റവാളികളുടെ ചലനങ്ങളും ആരോഗ്യസ്ഥിതിയും മനസിലാക്കാൻ ഇതിലൂടെ കഴിയുമായിരുന്നു. കുറ്റവാളി ലോക്ക് പൊട്ടിക്കാൻ ശ്രമിച്ചാൽ കൺട്രോള്‍ റൂമിലേക്ക് സന്ദേശമെത്തും. കുറ്റവാളിയുള്ള സ്ഥലം കണ്ടെത്താന്‍ കഴിയും. ലോഹം കൊണ്ട് നിർമിക്കുന്ന വാച്ചിന് പ്രത്യേക ലോക്ക് ഉണ്ട്. റിസർച്ചിനായി കിൻഫ്രയിലെ സ്ഥാപനം 2.8 ലക്ഷംരൂപ ആവശ്യപ്പെട്ടെങ്കിലും സർക്കാർ തുക കൈമാറിയില്ല. ഇതോടെ, പദ്ധതിയുടെ പ്രവർത്തനം നിലച്ചു. ശുപാർശ ഇപ്പോൾ ആഭ്യന്തരവകുപ്പിന്റെ പരിഗണനയിലാണ്. ജമ്മു കശ്മീരിൽ തീവ്രവാദകേസിൽ പ്രതിയായ ഗുലാം മുഹമ്മദ് ഭട്ടിന് ജാമ്യം അനുവദിച്ചപ്പോൾ ജിപിഎസ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ട്രാക്കിങ് ഉപകരണം ശരീരത്തിൽ സ്ഥാപിച്ചിരുന്നു. വിദേശത്തെ പല രാജ്യങ്ങളിലും പരോൾ ലഭിക്കാൻ ഇത്തരം ഉപകരണം ശരീരത്തിൽ സ്ഥാപിക്കണമെന്ന് വ്യവസ്ഥയുണ്ട്. അതിനനുസരിച്ച് നിയമങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. ശിക്ഷിക്കപ്പെട്ടയാൾ എവിടെയെല്ലാ പോകുന്നു, എവിടെയാണുള്ളത് എന്നെല്ലാം തിരിച്ചറിയാൻ കഴിയും. ഡിവൈസ് ശരീരത്തിൽനിന്ന് മാറ്റാൻ ശ്രമിച്ചാൽ പരോൾ റദ്ദാക്കും. ശിക്ഷയും ഇരട്ടിയാക്കും. 

മറ്റു രാജ്യങ്ങളിൽ പോക്സോ അടക്കം ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതികളായവർ പരോളിലിറങ്ങിയാൽ നിരീക്ഷിക്കാൻ പ്രൊബേഷൻ–പരോൾ ഓഫിസർമാരുണ്ട്. കുറ്റകൃത്യങ്ങളിൽ പ്രതികളായവരുടെ സോഷ്യൽ റജിസ്ട്രി വിദേശരാജ്യങ്ങളിൽ സൂക്ഷിക്കാറുണ്ട്. നമ്മുടെ നാട്ടിൽ അത്തരം രീതിയുമില്ല. വിദേശ രാജ്യങ്ങളിൽ ഗുരുതര കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവർ പരോളിലിറങ്ങിയാൽ അയാൾ പരോൾ ഓഫിസറുടെ നിരന്തര നീരീക്ഷണത്തിലായിരിക്കും. പോകുന്ന സ്ഥലങ്ങൾ ഉദ്യോഗസ്ഥർ നിരന്തരം നീരിക്ഷിക്കും. പോകാൻ വിലക്കുള്ള സ്ഥങ്ങളിൽ പോയാൽ പരോൾ റദ്ദാക്കും. പോക്സോ കേസിലെ പ്രതികളാണെങ്കിൽ സ്കൂൾ പരിസരങ്ങളിലോ കുട്ടികളുടെ പാർക്കുകളിലോ കുട്ടികളുമായി ബന്ധമുള്ള സ്ഥലങ്ങളിലോ സ്ഥാപനങ്ങളിലോ പോകാൻ പാടില്ല. പരോൾ ഓഫിസർ ഇതു കൃത്യമായി നീരിക്ഷിക്കും. നിർദേശങ്ങൾ ലംഘിച്ചാൽ പരോൾ റദ്ദാക്കും. പിന്നീട് പരോൾ ലഭിക്കാൻ പ്രയാസമാണ്. കേരളത്തിൽ ജില്ല പ്രൊബേഷൻ ഓഫിസർമാരുണ്ടെങ്കിലും ഇത്തരം നിരീക്ഷണ സംവിധാനമില്ല. പരോളിലിറങ്ങുന്നവരുടെ കണക്കും മറ്റും സൂക്ഷിക്കുകയാണ് ചുമതല. പരോളിലിറങ്ങുന്നവർ ബന്ധപ്പെട്ട സ്റ്റേഷനിൽ നിശ്ചിത ഇടവേളകളിൽ ഹാജരാകണമെങ്കിലും അവരുടെ പ്രവൃത്തികൾ നിരീക്ഷിക്കാൻ സംവിധാനമില്ല. പ്രൊബേഷൻ ഓഫിസർമാരായി മറ്റുള്ള തസ്തികകളിൽനിന്ന് കൂടുതൽപേരെ നിയമിച്ചാൽ നിരീക്ഷണം കാര്യക്ഷമമാകും.

‘ കൊച്ചിയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ആൾ നേരത്തെ പോക്സോ കേസിലെ പ്രതിയായിരുന്നു. അയാളെ നിരീക്ഷിക്കാൻ സംവിധാനമുണ്ടായിരുന്നെങ്കിൽ കുട്ടി കൊല്ലപ്പെടില്ലായിരുന്നു. സംഭവം ഉണ്ടായതിനുശേഷം പ്രതിയെ പിടിച്ചാൽ കുടുംബത്തിന്റെ നഷ്ടം ഇല്ലാതാകില്ല. കുറ്റകൃത്യം ഉണ്ടാകാതിരിക്കാൻ ശക്തമായ നിരീക്ഷണമാണ് ആവശ്യം’– കോട്ടയം മുൻ എസ്പി. എൻ.രാമചന്ദ്രൻ പറയുന്നു. ഗുരുതര കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവർ പുറത്തിറങ്ങിയാൽ ഇലക്ട്രോണിക് ഡിവൈസിലൂടെ നിരീക്ഷണം നടത്തണമെന്നാവശ്യപ്പെട്ട് രാമചന്ദ്രൻ പൊതുതാൽപര്യ ഹർജി ഹൈക്കോടതിയില്‍ നൽകാൻ തയാറെടുക്കുകയാണ്.

English Summary:

There is no way to monitor the criminals who have been accused before and the crimes are reoccurring

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com