ADVERTISEMENT

കൊച്ചി∙ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ രേഖകൾ എറണാകുളം സെഷൻസ് കോടതിയിൽനിന്നു കാണാതായി. കോടതിയിൽ സമർപ്പിച്ച കുറ്റപത്രം, പോസ്റ്റ്‍മോർട്ടം അടക്കമുള്ള പ്രധാനപ്പെട്ട രേഖകളാണ് കാണാതായത്. ഇതുസംബന്ധിച്ച വിവരം സെഷൻസ് ജഡ്ജി ഡിസംബറിൽ ഹൈക്കോടതിയെ അറിയിച്ചിരുന്നു. രേഖകൾ കണ്ടെത്താൻ ഹൈക്കോടതി നിർദേശം നൽകി. 

Read Also: വീര്യം കുറഞ്ഞ മദ്യം ഉടനില്ല; നികുതി വരുമാനത്തെ ബാധിക്കുമോയെന്ന് ആശങ്ക

എറണാകുളം മഹാരാജാസ് കോളജിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്ഐ-ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തെ തുടർന്നാണു 2018 ജൂലൈ 2 നു പുലർച്ചെ 12.45ന് അഭിമന്യുവിനു കുത്തേറ്റത്. കൊല്ലപ്പെടുമ്പോൾ മഹാരാജാസിലെ രണ്ടാം വർഷ രസതന്ത്ര വിദ്യാർഥിയും എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു അഭിമന്യു. കോളജിൽ സംഘടിപ്പിച്ച പ്രവേശനോത്സവത്തിനു തലേന്നായിരുന്നു അഭിമന്യുവിനെ കൊലപ്പെടുത്തിയത്. എസ്എഫ്ഐ ബുക്കു ചെയ്ത മതിലിൽ ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ ചുവരെഴുത്തു നടത്തി. ഇതിനു മുകളിൽ അഭിമന്യു വർഗീയത തുലയട്ടെ എന്നെഴുതിയത് എതിരാളികളെ പ്രകോപിപ്പിച്ചു. ഇതു ചോദ്യം ചെയ്യാനെത്തിയത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.

പുറത്തുനിന്നുള്ള പോപ്പുലർ ഫ്രണ്ട് (പിഎഫ്ഐ) പ്രവർത്തകർ ആയുധങ്ങളുമായി ക്യാംപസിൽ എത്തിയെന്നു കുറ്റപത്രത്തിൽ പറയുന്നുണ്ട്. നെട്ടൂർ മേക്കാട്ട് സഹൽ ഹംസ(25)യാണ് അഭിമന്യുവിനെ കുത്തിവീഴ്ത്തിയത്. 2022 സെപ്റ്റംബറിൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ നിരോധനത്തിനു കാരണമായ കുറ്റകൃത്യങ്ങളിൽ അഭിമന്യു കൊലക്കേസും ഉൾപ്പെടുത്തിയിരുന്നു. കേസിൽ ആകെ 26 പ്രതികളും 125 സാക്ഷികളുമാണുള്ളത്.

English Summary:

Abhimanyu murder case: Documents are missing from court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com