ADVERTISEMENT

താമരശേരി∙ ജനങ്ങളുടെ ജീവന് സംരക്ഷണം നൽകാനായില്ലെങ്കിൽ സർക്കാർ രാജിവച്ച് ഇറങ്ങിപ്പോകണമെന്ന് താമരശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. സർക്കാരിന്റെ വാഗ്ദാനങ്ങളെല്ലാം പാഴ്‍വാക്കുകളായെന്നും ജനങ്ങളെ കരുതാന്‍ നടപടിയില്ലെങ്കിൽ പ്രതിഷേധിക്കുമെന്നും ബിഷപ്പ് പറഞ്ഞു. വയനാട്ടിലും ഇടുക്കിയിലുമുൾപ്പെടെ വന്യജീവി ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് ബിഷപ്പിന്റെ പ്രതികരണം.

Read Also: അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാന; എണ്ണപ്പന തോട്ടത്തിൽ എത്തിയത് 2 ആനകള്‍

‘‘മലയോര മേഖലയിൽ‌ മുഴുവനായി ഭീകരാന്തരീക്ഷമാണുള്ളത്. വേനൽക്കാലമായപ്പോൾ ഭക്ഷണവും വെള്ളവും തേടി മൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങുകയാണ്. അതു മനസ്സിലാക്കി ജനങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ട്. ഒന്നോ രണ്ടോ മരണങ്ങൾ സംഭവിക്കുമ്പോള്‍ തന്നെ അതിന്റെ കാരണം മനസ്സിലാക്കി നടപടി സ്വീകരിക്കാൻ സർക്കാർ തയാറാകാത്തതിലാണ് തയാറാകാത്തതിലാണ് വിഷമം. 

വയനാട്ടിലും ഇടുക്കിയിലും വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെടുമ്പോൾ ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ് ഇല്ലാതാകുന്നത്. ദയനീയമായ അവസ്ഥയാണിത്. ഈ പ്രദേശങ്ങളിൽ താമസിക്കുന്നവർക്കു മാത്രമേ അതിന്റെ ഭീകരത മനസ്സിലാവൂ. മലയോര മേഖലയിലുള്ളവർക്ക് ധൈര്യമായി പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയാണ്. കുട്ടികൾക്ക് സ്കൂളിൽ പോകാൻ പോലും ഭയമാണ്.

ഗ്രാമങ്ങളിലുള്ളവർക്കും സംരക്ഷണം നൽകാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിന്റേതാണ്. അതിന് അവർക്കു കഴിയില്ലെങ്കിൽ ഇവിടെ താമസിക്കുന്നവരോട് പറയണം. അതിനുള്ള സംവിധാനം ഞങ്ങൾ ഏർപ്പെടുത്താം. എന്നാൽ അനുമതി തരാൻ സർക്കാർ തയാറാകുന്നില്ല. ഇത്തരം സാഹചര്യത്തിൽ ജീവിക്കാൻ ബുദ്ധിമുട്ടാണ്. അതിനാലാണ് ഞങ്ങൾ പ്രതികരിക്കുന്നത്. കാര്യക്ഷമമായി പ്രവർത്തിക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിയാത്തതാണ് നിലവിലെ‍ പ്രശ്നം. പ്രതിസന്ധി മറികടക്കാനുള്ള യാതൊരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ല. 

മൃഗങ്ങള്‍ വനത്തിൽനിന്ന് പുറത്തിറങ്ങാതിരിക്കാനുള്ള മാർഗങ്ങളൊന്നും സർക്കാർ സ്വീകരിക്കുന്നില്ല. മൃഗങ്ങളുടെ എണ്ണം വർധിപ്പിക്കുമ്പോൾ അവയെ നിയന്ത്രിക്കാനുള്ള മാർഗങ്ങളും പല രാജ്യങ്ങളും സ്വീകരിച്ചിട്ടുണ്ട്. അവയൊന്നും മാതൃകയാക്കാൻ സർക്കാർ തയാറല്ല. കടലാക്രമണം ചെറുക്കാനുള്ള സംവിധാനം സർക്കാരിനുണ്ടല്ലോ. സമാനമായ രീതിയിൽ ഈ വിഷയത്തിലും നടപടി സ്വീകരിക്കണം. ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്. അതിനു കഴിയാത്ത സർക്കാരിന് അധികാരത്തിൽ തുടരാൻ അവകാശമില്ല’’ –ബിഷപ്പ് പറഞ്ഞു. 

English Summary:

Govt must resign if the people not be protected,; Thamarassery Bishop criticizes the government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com