ADVERTISEMENT

തിരുവനന്തപുരം∙ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് ഇനിയും പിടിയിലാവാനുള്ള പ്രതിയെ സംരക്ഷിക്കുന്നത് സിപിഎം നേതാവ് എം.എം.മണിയാണെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഇടുക്കി സ്വദേശിയായ എസ്എഫ്ഐ പ്രവർത്തകൻ സിദ്ധാർഥന് മർദനമേറ്റ സംഭവത്തിനു പിന്നിലെ മുഖ്യ ആസൂത്രകനാണെന്നും ചെന്നിത്തല പറഞ്ഞു. സിദ്ധാർഥനെ മർദിച്ചത് 19 പേർ ചേർന്നാണെന്നും ഒരാളെ പിടികൂടാൻ പൊലീസ് ഇതുവരെ തയാറായിട്ടില്ലെന്നുമുള്ള റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ചെന്നിത്തല ആരോപണവുമായി രംഗത്തുവന്നത്. 

ഇതുവരെ അറസ്റ്റിലായ 18 പ്രതികളടക്കം 19 പേർക്കു സിദ്ധാർഥന്റെ മരണത്തിനിടയാക്കിയ സംഭവങ്ങളിൽ നേരിട്ടു പങ്കുണ്ടെന്ന് കോളജിലെ ആന്റി റാഗിങ് കമ്മിറ്റി കണ്ടെത്തിയിരുന്നു. കോളജിൽനിന്ന് സസ്പെൻഡ് ചെയ്യുകയും 3 വർഷത്തെ പഠനവിലക്ക് ഏർപ്പെടുത്തുകയും ചെയ്ത 19 പേരുടെ കൂട്ടത്തിലും പൊലീസ് പിടികൂടാത്ത ഈ വിദ്യാർഥിയുണ്ട്.

കൂടുതൽ പ്രതികളുണ്ടാകാൻ സാധ്യതയുണ്ടെന്ന് ആദ്യം അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. സിദ്ധാർഥനെ മർദിച്ച സംഘത്തിൽ ഉൾപ്പെട്ടവരെന്നു സംശയമുള്ള കുറെ വിദ്യാർഥികളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തെങ്കിലും പ്രതിയാക്കാൻ വേണ്ടത്ര തെളിവുകൾ ഇപ്പോൾ ഇല്ലെന്നാണ് ‍പൊലീസ് പറയുന്നത്. സംഭവത്തിൽ ഉൾപ്പെട്ട പ്രവർത്തകരുടെ എണ്ണത്തെക്കുറിച്ച് എസ്എഫ്ഐയും സിപിഎമ്മും പറയുന്ന കണക്കുകളിലെ പൊരുത്തക്കേടും പ്രതിപ്പട്ടികയും തമ്മിൽ ബന്ധമുണ്ടെന്ന സംശയമുയരുന്നുണ്ട്. 

അറസ്റ്റിലായ 18 പേരിൽ 4 എസ്എഫ്ഐക്കാരേ ഉള്ളൂവെന്ന് നേതൃത്വം പറയുമ്പോൾ മർദിച്ചവരിൽ‍ 5 പേരാണ് എസ്എഫ്ഐ പ്രവർത്തകരെന്ന് സിപിഎം നേതാക്കൾ വ്യക്തമാക്കുന്നു. മർദിച്ചവരെല്ലാം പിടിയിലായിട്ടില്ലെന്ന ആരോപണത്തിനു ശക്തി പകരുന്നതാണ് ഈ നിലപാട്. ആന്റി റാഗിങ് കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് പൊലീസ് പ്രതിപ്പട്ടിക തയാറാക്കണമെന്നില്ലെന്നാണു സർവകലാശാലാ അധികൃതർ പറയുന്നത്.

English Summary:

Ramesh Chennithala Alleges CPM Leader MM Mani Protects An Accused Involved in JS Siddharthan's Death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com