ADVERTISEMENT

ന്യൂഡൽഹി ∙ കടമെടുപ്പു പരിധി സംബന്ധിച്ച വിഷയം കോടതിയിൽ കീറാമുട്ടിയായതോടെ ഇന്നു വൈകിട്ടു വീണ്ടും ചർച്ച നടത്താൻ നിർദേശം. കോടതിയിൽ കേസ് നിലനിൽക്കുന്നുവെന്നതു മനസ്സിൽ വയ്ക്കാതെ, ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന തുറന്ന ചർച്ചയ്ക്കാണ് കോടതി നിർദേശിച്ചത്. 13,608 കോടി രൂപ കടമെടുക്കാൻ‌ കേരളത്തിനു അനുമതി നൽകിക്കൊണ്ട് ഉത്തരവിടുമെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി. ബാക്കി കടമെടുപ്പു പരിധിയുടെ കാര്യത്തിൽ കേന്ദ്ര സർക്കാരുമായി ചർച്ച നടത്താനാണ് കോടതി നിർദേശിച്ചത്. 

Read Also: വെള്ളത്തിനടിയിലൂടെയുള്ള രാജ്യത്തെ ആദ്യ മെട്രോ ടണൽ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; വിദ്യാർഥികൾക്കൊപ്പം യാത്ര

വാദത്തിനിടെ കേന്ദ്ര സർക്കാർ പറയുന്ന 13,608 കോടി രൂപയുടെ കാര്യം അംഗീകരിച്ചുകൂടേയെന്നു കോടതി ആരാഞ്ഞു. ഇതു സ്വീകരിക്കാമെന്നു വ്യക്തമാക്കിയ കേരളം 15,000 കോടി രൂപ കൂടി വേണമെന്നാവശ്യപ്പെട്ടു. 26,000 കോടി രൂപ കടമെടുക്കാൻ ഇടക്കാല ഉത്തരവിലൂടെ അനുവദിക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. 

∙ പരസ്പരം വിശ്വസിക്കണം

കേന്ദ്രത്തിനും കേരളത്തിനുമിടയിൽ പരസ്പരവിശ്വാസം ഉണ്ടാകേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. അതേസമയം, ഈ വിഷയത്തിൽ കേരളം നൽകിയ ഹർജി പിൻവലിക്കേണ്ടതില്ലെന്നു വ്യക്തമാക്കിയതു കേന്ദ്ര സർക്കാരിനു തിരിച്ചടിയായി. ഹർജി പിൻവലിച്ച ശേഷം വിഷയം ചർച്ച ചെയ്യാമെന്നതായിരുന്നു കേന്ദ്രം നേരത്തേ നടന്ന ചർച്ചയിൽ മുന്നോട്ടുവച്ച നിർദേശം. ഹർജിയുമായി മുന്നോട്ടുപോകാൻ കേരളത്തിന് അവകാശമുണ്ടെന്നും സംസ്ഥാനത്തിന്റെ അധികാരം നിഷേധിക്കുന്നത് ശരിയല്ലെന്നും നിരീക്ഷിച്ചു. കേരളത്തിന്റെ ആവശ്യത്തെ അതിശക്തമായാണ് ഇന്നലെ കേന്ദ്രം എതിർത്തത്. 

∙ പുറത്തു പ്രതികരിക്കരുത് 

വിഷയത്തിൽ രാഷ്ട്രീയ പ്രതികരണങ്ങൾ നടത്തരുതെന്ന് കേരളത്തിനോടു കോടതി നിർദേശിച്ചു. എന്നാൽ, കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും പ്രതികരണങ്ങൾ വരുന്നുണ്ടെന്നും ഉന്നത നേതൃത്വത്തിലുള്ളവരടക്കം ഈ വിഷയത്തിൽ പരസ്യ പ്രതികരണം നടത്തുന്നുണ്ടെന്നും കേരളത്തിനു വേണ്ടി കപിൽ സിബൽ ചൂണ്ടിക്കാട്ടി. 

∙ അധിക ബാധ്യത 

എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ നിയമമേ പറ്റൂവെന്നും കേരളം തങ്ങളുടെ ആവശ്യം ഉന്നയിക്കുകയും ഇതു നടപ്പായില്ലെങ്കിൽ മറ്റൊന്നുമില്ല എന്ന നിലയിലാണ് നിലപാട് എടുക്കുന്നതെന്നും കേന്ദ്ര സർക്കാർ വാദത്തിനിടെ ആരോപിച്ചു. കേന്ദ്ര സർക്കാർ പണം നൽകണമെന്നതല്ല സംസ്ഥാനത്തിന്റെ ആവശ്യമെന്നു വാദത്തിനിടെ കേരളം വ്യക്തമാക്കി. കടമെടുക്കാൻ അനുമതി നൽകണം എന്നതാണ് ആവശ്യം. ഒരുകാലത്ത് 98 ശതമാനം വരെ കടമെടുപ്പിനായിരുന്നു കേന്ദ്രത്തെ ആശ്രയിച്ചത്. ഇപ്പോൾ 3 ശതമാനത്തിൽ താഴെ മാത്രമാണ് ആവശ്യമുന്നയിക്കുന്നത്. സ്വയംഭരണ സ്ഥാപനങ്ങളുടെ കടവും സംസ്ഥാനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുകയാണെന്നും കേരളം ചൂണ്ടിക്കാട്ടി. 12,000 കോടി രൂപ സമാഹരിക്കാൻ കേന്ദ്രം അനുവദിക്കുന്നില്ലെന്നും കേരളം വ്യക്തമാക്കി. 

∙ ബജറ്റിൽ കൈ കടത്തരുത് 

കേരളത്തെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുന്നതിൽ അർ‌ഥമില്ല. ഓരോ സംസ്ഥാനങ്ങളുടെയും ബജറ്റ് പരിഗണനകൾ വ്യത്യസ്തമാണ്. സംസ്ഥാനങ്ങളുടെ വരുമാനം കുറവാണ്. വരുമാനത്തേക്കാൾ കൂടുതൽ ചെലവുമുണ്ട്. സംസ്ഥാന ബജറ്റിനെ നിയന്ത്രിക്കാൻ കേന്ദ്രത്തിനു കഴിയില്ല. സംസ്ഥാനത്തിന്റെ ആവശ്യത്തിന് അനുസരിച്ചാണ് ബജറ്റ് അവതരിപ്പിക്കുന്നത്. അതിനുള്ള ഭരണഘടനാപരമായ അധികാരം സംസ്ഥാനത്തിനുണ്ടെന്നും കേരളം വാദിച്ചു. 

കേരളത്തിലെ അടിയന്തര സാഹചര്യം എന്നു പരിഗണിക്കുമെന്ന് വ്യക്തമാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടെങ്കിലും, ചർച്ചയ്ക്കു ശേഷം കോടതിയിൽ വിഷയം നേരിട്ടുന്നയിക്കാൻ ഇരുകക്ഷികൾക്കും ബെഞ്ച് അനുമതി നൽകി. 

English Summary:

Relief for Kerala; Centre approved 13,600 crore borrowing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com