ADVERTISEMENT

ന്യൂഡൽഹി∙ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഒഡീഷയിലെ ഭരണകക്ഷിയായ ബിജു ജനതാദൾ (ബിജെഡി) ബിജെപിയുമായി സഖ്യത്തിൽ ഏർപ്പെടുമെന്നു സൂചന. ഇതുസംബന്ധിച്ച ചർച്ചകൾക്കായി ഇന്നലെ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ ഔദ്യോഗിക വസതിയായ നവീൻ നിവാസിൽ ബിജെഡി നേതാക്കൾ വിപുലമായ യോഗം ചേർന്നു. സമാന്തരമായി ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ മൻമോഹൻ സമൽ ഉൾപ്പെടെയുള്ളവർ ഡൽഹിയിൽ പാർട്ടിയുടെ ദേശീയ നേതൃത്വവുമായി സഖ്യം സംബന്ധിച്ച ചർച്ചകളും നടത്തി. 15 വർഷം മുൻപാണ് ബിജെഡി ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ച് എൻഡിഎ വിട്ടത്.

Read also: പദ്മജയുടെ നീക്കം മോദിയുടെ അറിവോടെ, ബിജെപി അംഗത്വം സ്വീകരിക്കും; ക്ഷീണമാകില്ലെന്ന് മുരളീധരൻ

ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ബിജെഡി വൈസ് പ്രസിഡന്റും എംഎൽഎയുമായ ദേബി പ്രസാദ് മിശ്ര ചർച്ചകൾ നടക്കുന്നുണ്ടെന്നു സ്ഥിരീകരിച്ചു. ‘‘ബിജു ജനതാദൾ ഒഡീഷയിലെ ജനങ്ങളുടെ താൽപര്യങ്ങൾക്കു മുൻഗണന നൽകും. ബിജെപിയുമായി സഖ്യസാധ്യയ്ക്കുള്ള ചർച്ച നടന്നിരുന്നു’’ –  നവീൻ നിവാസിൽ നടന്ന യോഗത്തിനുശേഷം മിശ്ര മാധ്യമപ്രവർത്തകരോടു പറഞ്ഞു.

വരാനിരിക്കുന്ന ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തന്ത്രം സംബന്ധിച്ച് ബിജെഡി അധ്യക്ഷനും മുഖ്യമന്ത്രിയുമായ നവീൻ പട്‌നായിക്കിന്റെ നേതൃത്വത്തിൽ പാർട്ടിയുടെ മുതിർന്ന നേതാക്കളുമായി ഇന്നു വിപുലമായ ചർച്ച നടന്നതായി ബിജെഡി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിനുശേഷം ബിജെഡിയുമായി തിരഞ്ഞെടുപ്പിനു മുൻപുള്ള സഖ്യത്തെക്കുറിച്ചുള്ള ചർച്ചകൾ ബിജെപിയുടെ മുതിർന്ന നേതാവും എംപിയുമായ ജുവൽ ഓറം സ്ഥിരീകരിച്ചു. എന്നാൽ അന്തിമ തീരുമാനം പാർട്ടി കേന്ദ്ര നേതൃത്വത്തിന്റേത് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

147 നിയമസഭാ സീറ്റുകളും 21 ലോക്സഭാ സീറ്റുകളുമാണ് ഒഡീഷയിലുള്ളത്. 2019ലെ തിരഞ്ഞെടുപ്പിൽ ബിജെഡി 12 സീറ്റുകളും ബിജെപി എട്ടു സീറ്റുകളും നേടി. നിയമസഭയിൽ ബിജെഡിക്ക് 112 എംഎൽഎമാരും ബിജെപിക്ക് 23 എംഎൽഎമാരുമാണുള്ളത്. സഖ്യം നടപ്പായാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയാകും കൂടുതൽ സീറ്റുകളിൽ മത്സരിക്കുകയെന്നാണു രാഷ്ട്രീയ വൃത്തങ്ങൾ നൽകുന്ന സൂചന. ബിജെഡി നിയമസഭാ സീറ്റുകളിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 

English Summary:

Naveen Patnaiks BJD hints at pact with BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com