ADVERTISEMENT

മുംബൈ∙ ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടുകൾക്കിടെ, മഹാരാഷ്ട്രയിൽ ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറിനെയും മാധുരി ദീക്ഷിതിനെയും ബിജെപി മത്സര രംഗത്ത് ഇറക്കിയേക്കുമെന്ന് അഭ്യൂഹം. സംസ്ഥാനത്തെ എന്‍ഡിഎ സഖ്യകക്ഷി ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. മുംബൈയിലെ ആറു സീറ്റുകളിൽ അഞ്ചിൽ ബിജെപിയും, ഒന്നിൽ ശിവസേന ഷിൻഡെ വിഭാഗവും മത്സരിക്കുമെന്നാണ് സൂചന.

Read Also: ആന്ധ്ര പിടിക്കാൻ ടിഡിപിയും ബിജെപിയും സഖ്യത്തിന്; ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ, വൈകാതെ പ്രഖ്യാപനം

യുവാക്കളുടെ വോട്ട് ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി ബോളിവുഡ് താരങ്ങളെ രംഗത്തിറക്കാൻ തയാറെടുക്കുന്നത്. എന്നാൽ പാർട്ടി വ‍‍ൃത്തങ്ങൾ ഇക്കാര്യത്തിൽ‌ ഔദ്യോഗിക തീരുമാനം അറിയിച്ചിട്ടില്ല. സമാന രീതിയിൽ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെ പഞ്ചാബിൽനിന്ന് പാർട്ടി ടിക്കറ്റിൽ മത്സരിപ്പിക്കുമെന്ന് അഭ്യൂഹം ഉയർന്നിരുന്നു. എന്നാൽ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് യുവരാജ് പിന്നീട് വ്യക്തമാക്കി.

മുംബൈയിൽ സിറ്റിങ് എംപിമാരിൽ പൂനം മഹാജൻ ഒഴികെയുള്ളവരെ ബിജെപി വീണ്ടുംമത്സരിപ്പിച്ചേക്കുമെന്നാണ് വിവരം. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ശിവസേനയ്ക്ക് അനുകൂല വിധിയെഴുതിയ സൗത്ത് മുംബൈ മണ്ഡലത്തിൽ ഇത്തവണ ബിജെപി സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കും. നിയമസഭാ സ്പീക്കർ രാഹുൽ നര്‍വേക്കർ ഇവിടെ സ്ഥാനാർഥിയാകുമെന്നാണ് വിവരം.

നോർത്ത് ഈസ്റ്റ് മുംബൈയിൽ മനോജ് കോട്ടക് തുടരും. ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവരുന്നതോടെ ഏകദേശ ചിത്രം വ്യക്തമാകും. ആദ്യ ഘട്ടത്തിൽ 195 പേരെയാണ് ബിജെപി പട്ടികയിൽ ഉൾപ്പെടുത്തിയത്.

പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡിയിലും സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുകയാണ്. ഉദ്ധവ് താക്കറെ വിഭാഗം ശിവസേന, ശരദ് പവാർ വിഭാഗം എൻസിപി എന്നിവയാണ് പ്രതിപക്ഷ സഖ്യത്തിലെ പ്രധാന പാർട്ടികൾ. കോണ്‍ഗ്രസിനൊപ്പം ‘ഇന്ത്യ’ സഖ്യവുമായി സഹകരിക്കുമെന്ന് ഇരു നേതാക്കളും നേരത്തെ ധാരണയിലെത്തിയിരുന്നു. 

English Summary:

Akshay Kumar and Madhuri Dixit might be considered for BJP's Lok Sabha ticket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com