ADVERTISEMENT

ന്യൂഡൽഹി∙ ഇന്നലെ നടന്ന കോൺഗ്രസിന്റെ തിര​ഞ്ഞെടുപ്പ് സമിതി യോഗം അവസാനിച്ചത് ആറു സംസ്ഥാനങ്ങളിലേക്കുള്ള മുഴുവൻ സ്ഥാനാർഥികളുടെയും കാര്യത്തിൽ ഏകദേശ ധാരണയായ ശേഷം. അതേസമയം, കർണാടകയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ സീറ്റായിരുന്ന കൽബുർഗിയിൽ ആരെ കളത്തിലിറക്കും എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ചില സീറ്റുകളിലെ അവസാനവട്ട ചർച്ചകൾ കൂടി പൂർത്തിയായശേഷം ഇന്ന് അന്തിമ സ്ഥാനാർഥി പട്ടിക പുറത്തിറക്കും. കേരളം, കർണാടക, തെലങ്കാന, ഛത്തീസ്ഗഡ്, ഡൽഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണു പ്രഖ്യാപിക്കുക. നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നും പാർട്ടിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു.

Read also: അപ്രതീക്ഷിത നീക്കവുമായി കോൺഗ്രസ്; മുരളീധരൻ തൃശൂരിലേക്ക്, ഷാഫി വടകരയിൽ

രാഹുൽ ഗാന്ധി വയനാട്ടിൽനിന്നു മത്സരിക്കും. അമേഠിയിൽനിന്നും അദ്ദേഹം ജനവിധി തേടുമോയെന്നതു വരുംദിവസങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പ് സമിതി യോഗങ്ങൾക്കുശേഷമേ തീരുമാനിക്കുകയുള്ളൂ. ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ രാജ്നന്ദ്ഗാവിൽനിന്നാകും മത്സരിക്കുക. ഛത്തീസ്ഗഡിലെ പ്രധാന നേതാക്കളെല്ലാം മത്സരിക്കാനുണ്ടാകും. കർണാടകയിൽ സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിമാരെ സ്ഥനാർഥികളാക്കാൻ ഹൈക്കമാൻഡ് ആഗ്രഹിക്കുന്നെങ്കിലും അവരിൽ ഭൂരിപക്ഷത്തിനും ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോടു സമ്മതമല്ല. മന്ത്രിമാരെ നിർബന്ധിപ്പിച്ചു കളത്തിലിറക്കേണ്ട എന്നാണു പാർട്ടി തീരുമാനം. ഡി.കെ.ശിവകുമാറിന്റെ സഹോദരനും പാർട്ടി എംപിയുമായ ഡി.കെ.സുരേഷും സംസ്ഥാനത്തുനിന്നുള്ള സ്ഥാനാർത്ഥികളിൽ ഉൾപ്പെടുന്നു. 

തിങ്കളാഴ്ചയാകും അടുത്ത തിരഞ്ഞെടുപ്പ് സമിതി യോഗം ഡൽഹിയിൽ ചേരുക. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സ്ഥാനാർഥി പട്ടികയാകും രണ്ടാം റൗണ്ടിൽ ചർച്ചയ്‌ക്കെടുക്കുക. ഇതിനിടെ മഹാരാഷ്ട്ര, ബംഗാൾ, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ സീറ്റു വിഭജന ചർ‌ച്ച അന്തിമമാക്കേണ്ടതുണ്ട്. അതിനുള്ള തിരക്കിട്ട നീക്കങ്ങളാണ് നേതാക്കളുടെ നേതൃത്വത്തിൽ ഇപ്പോൾ നടക്കുന്നത്. 

English Summary:

Congress finalises candidates. Announcement soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com