ADVERTISEMENT

ന്യൂഡൽഹി∙ തൊഴിൽ വാഗ്ദാനം നൽകി കബളിപ്പിച്ച് ഇന്ത്യൻ പൗരന്മാരെ റഷ്യ–യുക്രെയ്ൻ യുദ്ധഭൂമിയിൽ എത്തിക്കുന്ന മനുഷ്യക്കടത്ത് സംഘത്തിലെ രണ്ടു ഏജന്റുമാർ സിബിഐ നിരീക്ഷണത്തിൽ. റഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിസ്റ്റീന, മൊയ്നുദ്ദീൻ ചിപ്പ എന്നിവരാണ് സിബി​ഐ നിരീക്ഷണത്തിലുള്ളത്. ഇതിൽ ചിപ്പ രാജസ്ഥാൻ സ്വദേശിയാണ്. 

Read More: ശമ്പളം വാഗ്ദാനം ചെയ്തത് 2 ലക്ഷം; യുക്രെയ്ൻ യുദ്ധമുഖത്ത് ഇന്ത്യൻ യുവാവ് കൊല്ലപ്പെട്ടു

തൊഴിൽ വാഗ്ദാനം ചെയ്ത് റഷ്യയിലെത്തിക്കുന്ന ഉദ്യോഗാർഥികളിൽനിന്ന് ഇവർ പാസ്പോർട്ട് പിടിച്ചുവാങ്ങുകയും ഭീഷണിപ്പെടുത്തി റഷ്യൻ യുദ്ധമുഖത്തേക്ക് അയയ്ക്കുകയുമാണു ചെയ്തിരുന്നത്. രാജ്യത്തുടനീളം ഇവർ പ്രവർത്തിക്കുന്നതായാണു സൂചന. 

ഡൽഹി, തിരുവനന്തപുരം, മുംബൈ, അംബാല, ചണ്ഡിഗഢ്, മധുര, ചെന്നൈ എന്നിവിടങ്ങളിലായി 13 കേന്ദ്രങ്ങളിൽ സിബിഐ പരിശോധന നടത്തിയിരുന്നു. ഇന്ത്യക്കാരെ ഇത്തരത്തിൽ കടത്തിയ 35 സംഭവങ്ങൾ കണ്ടെത്താൻ കഴിഞ്ഞതായാണ് വിവരം. റഷ്യയിലെത്തിക്കുന്ന യുവാക്കൾക്ക് അത്യാവശ്യ പരിശീലനം നൽകി യുദ്ധമുഖത്ത് നിയമിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ യുദ്ധത്തിൽ പങ്കാളികളായ രണ്ട് ഇന്ത്യക്കാർ മരിച്ചതായി റിപ്പോർട്ടുണ്ട്. 

Read More: 2 ലക്ഷം ശമ്പളം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; റഷ്യയിലെ വാഗ്നർ സേനയിൽ യുദ്ധം ചെയ്യാൻ നിർബന്ധിക്കപ്പെട്ട് ഇന്ത്യൻ യുവാക്കൾ

മുപ്പതുകാരനായ മുഹമ്മദ് അഫ്സാൻ എന്ന യുവാവിന്റെ മരണം മോസ്കോയിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിരുന്നു. ഹൈദരാബാദ് സ്വദേശിയായ അഫ്സാൻ കഴിഞ്ഞ വർഷം അവസാനമാണ് റഷ്യയിലെത്തിയത്. അഫ്സാന് പുറമേ ഗുജറാത്തിലെ സൂറത്തിൽനിന്നുള്ള അശ്വിനിഭായ് മംഗുക്കിയ എന്ന യുവാവും കൊല്ലപ്പെട്ടിരുന്നു. 

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണെന്ന് സിബിഐ അറിയിച്ചു. കഴിഞ്ഞ ദിവസം സിബിഐ നടത്തിയ റെയ്ഡിൽ ഏജന്റുമാരിൽനിന്ന് 50 ലക്ഷം രൂപ, രേഖകൾ, ഇലക്ട്രോണിക് ഉകരണങ്ങൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. 

English Summary:

Two Russia-based agents who are allegedly involved in the human trafficking network are under the scanner of the Central Bureau of Investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com