ADVERTISEMENT

കോഴിക്കോട്∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ച് തൃശൂർ സീറ്റ് നിലനിർത്തുക, അവിടെ ബിജെപിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിവിടുക എന്നതാണ് തന്റെ ദൗത്യങ്ങളെന്ന് കോൺഗ്രസ് സ്ഥാനാർഥി കെ.മുരളീധരൻ. ബിജെപിയിൽ ചേർന്ന സഹോദരി പത്മജ വേണുഗോപാലിനെ മുന്നിൽ നിർത്തി പ്രചാരണം നടത്തിയാൽ ബിജെപിക്ക് അവിടെ സുഖമായി മൂന്നാം സ്ഥാനത്തേക്കു പോകാമെന്നും തന്റെ ജോലിഭാരം കുറയുമെന്നും മുരളീധരൻ പരിഹസിച്ചു. കെ.കരുണാകരൻ കോൺഗ്രസിന്റെ സ്വത്താണ്. ഒരു കാരണവശാലും അദ്ദേഹത്തിന്റെ ആത്മാവിന്റെ മേൽ പോലും സംഘിപതാക പുതപ്പിക്കാൻ അനുവദിക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിൽ കരുണാകരന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്തിട്ടില്ലെന്നും, കരുണാകരന്റെ ചിത്രം സംഘികൾ ഉപയോഗിക്കാൻ ഇടയാക്കിയത് ആരാണെന്ന് എല്ലാവർക്കും അറിയാമല്ലോയെന്നും മുരളീധരൻ പറഞ്ഞു.

Read more at: മുരളീധരനെയിറക്കി തൃശൂർ ‘എടുക്കാൻ’ കോൺഗ്രസ്; വടകരയിൽ ഷാഫി, ആലപ്പുഴയിൽ കെ.സി, വയനാട്ടിൽ വീണ്ടും രാഹുൽ

‘‘ചതി ആരു കാണിച്ചാലും അത് കേരളത്തിന്റെ മണ്ണിൽ ചെലവാകില്ല. കെ.കരുണാകരൻ എന്നു പറഞ്ഞാൽ‌ കോൺഗ്രസിന്റെ സ്വത്താണ്. അത് ആരു വിചാരിച്ചാലും, ഞാൻ വിചാരിച്ചാലും തട്ടിയെടുക്കാൻ കഴിയില്ല. അതുകൊണ്ട് ഒരു കാരണവശാലും അദ്ദേഹത്തിന്റെ ആത്മാവിന്റെ മേൽ പോലും സംഘിപതാക പുതപ്പിക്കാൻ ഞങ്ങൾ അനുവദിക്കില്ല. ബിജെപിയെ എതിർക്കാനുള്ള ഒരു അവസരവും ഞാൻ ഇതുവരെ പാഴാക്കിയിട്ടില്ല. സഹോദരി എന്തു തീരുമാനമെടുത്താലും അതിന്റെ ബാക്കി ഞാൻ ഇന്നലെത്തന്നെ പറഞ്ഞിരുന്നു. ഇനി ചർച്ച ചെയ്ത് അവരെ വലുതാക്കാൻ ആഗ്രഹിക്കുന്നില്ല. മുരളിമന്ദിരം എന്റെ അച്ഛനും അമ്മയും ഉറങ്ങുന്ന സ്ഥലമാണ്. അവിടെ ചെന്ന് അവർ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് പ്രാർഥിച്ചുകൊണ്ടാണ് പ്രചാരണം തുടങ്ങുക. ജനങ്ങളുടെ മനസ്സിലേക്ക് ഒരു എൻട്രിയാണ് ഞാൻ ലക്ഷ്യമിടുന്നത്.

‘‘തൃശൂരിൽ ബിജെപി സ്ഥാനാർഥിക്കായി ആരെ പ്രചാരണത്തിന് ഇറക്കണമെന്ന് തീരുമാനിക്കേണ്ടത് ആ പാർട്ടിയാണ്. തൃശൂരിൽ ജയിച്ച് സീറ്റ് നിലനിർത്തുക, ബിജെപിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളുക എന്നതാണ് ലക്ഷ്യം. ഇതു രണ്ടുമാണ് പ്രധാന ദൗത്യങ്ങൾ. പത്മജയെ മുന്നിൽ നിർത്തിയാലും അതിനെ നേരിടാൻ ഒന്നുമില്ല. പാർട്ടിയുടെ നയം പറഞ്ഞുതന്നെ വോട്ടു പിടിക്കും. സഹോദരിയെ മുന്നിൽ നിർത്തിയാൽ ബിജെപിക്ക് സുഖമായി മൂന്നാം സ്ഥാനത്തേക്കു പോകാം. അപ്പോൾ എന്റെ ജോലിഭാരം കുറയും.

‘‘രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രസ്താവനയെക്കുറിച്ച് രമേശ് ചെന്നിത്തല തന്നെ പ്രതികരിച്ചിട്ടുണ്ട്. ഞാൻ പ്രത്യേകിച്ച് എന്തെങ്കിലും പറയേണ്ടതുണ്ടെന്ന് തോന്നുന്നില്ല. എന്തായാലും രാഹുൽ മാങ്കൂട്ടത്തിൽ കെ.കരുണാകരന്റെ വ്യക്തിത്വത്തെ ഒരു തരത്തിലും ചോദ്യം ചെയ്തിട്ടില്ല. കെ.കരുണാകരന്റെ ചിത്രം സംഘികൾ ഉപയോഗിക്കാൻ ഇടയാക്കിയത് അദ്ദേഹമല്ലല്ലോ. ആരാണ് ഇടയാക്കിയത് എന്നതിനെക്കുറിച്ച് ഞാൻ പറയേണ്ടതില്ലല്ലോ. എന്തായാലും പാർട്ടി ഏൽപ്പിച്ച ദൗത്യം ഞാൻ ഏറ്റെടുക്കുന്നു. നാളെത്തന്നെ തൃശൂരിലേക്കു പോകും.

‘‘വടകരയിൽ ഞാൻ നല്ല രീതിയിൽത്തന്നെ കഴിഞ്ഞ അഞ്ചു വർഷം പ്രവർത്തിച്ചു. സജീവമായിട്ട് തന്നെ അവിടെ എംപിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്തു. ആ ഒരു പൂർണ സംതൃപ്തി ഉണ്ട്. കോവിഡ് കാരണം മൂന്നര വർഷം മാത്രമേ കാര്യമായി പ്രവർത്തിക്കാൻ സാധിച്ചുള്ളൂവെന്ന ഒരു തോന്നൽ എംപിമാർക്കെല്ലാം ഉണ്ട്. അപ്പോഴും അവിടെ കാര്യമായിത്തന്നെ പ്രവർത്തിക്കാൻ എനിക്കു സാധിച്ചു.

‘‘വളരെ മിടുക്കനായ ചെറുപ്പക്കാരനാണ് ഷാഫി പറമ്പിൽ. ഷാഫിക്ക് ആ ദൗത്യം നൂറു ശതമാനം ഭംഗിയായി നിർവഹിക്കാൻ കഴിയും. എന്തായാലും ശൈലജ ടീച്ചർക്ക് ഡൽഹിക്ക് ഫ്ലൈറ്റ് ടിക്കറ്റ് എടുക്കേണ്ടി വരില്ല. ടീച്ചർക്ക് കൂപ്പൺ ഉപയോഗിച്ച് തിരുവനന്തപുരത്തേക്ക് യാത്ര തുടരാം. ഷാഫി ജയിച്ച് കരുത്തനായ നേതാവായി ലോക്സഭയിൽ എത്തണം. ഷാഫി ജയിച്ചുകഴിയുമ്പോൾ പാലക്കാട് നിലനിർത്താനുള്ള സംഘടനാ കരുത്ത് യുഡിഎഫിനുണ്ട്. അവിടെ ബിജെപിയും കോൺഗ്രസും തമ്മിലാണ് മത്സരം. ’’ – മുരളീധരൻ പറഞ്ഞു.

English Summary:

Thrissur's Challenge Accepted: K Muralidharan Steps Up to Protect Karunakaran from BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com