ADVERTISEMENT

തിരുവനന്തപുരം∙ യുവജനോത്സവത്തിൽ അതിഥികളായി എത്തുന്ന സെലിബ്രിറ്റികൾ വന്ന വഴി മറന്ന് വൻ പ്രതിഫലം കൈപ്പറ്റുന്നത് അവസാനിപ്പിക്കണമെന്നു മന്ത്രി വി.ശിവൻകുട്ടിയും താൻ ഒരു രൂപ പോലും വാങ്ങാതെയാണു വന്നിരിക്കുന്നതെന്ന് നടി നവ്യാ നായരും കേരള സർവകലാശാല കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് തന്റെ ക്ഷണം സ്വീകരിച്ചെത്തിയ നടൻ മമ്മൂട്ടി പ്രതിഫലം വാങ്ങിയില്ലെന്നും സർവകലാശാല കലോത്സവം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തിൽ ശിവൻകുട്ടി പറഞ്ഞു. സെലിബ്രിറ്റികൾ പ്രതിഫലം കണക്കാക്കാതെ ഇത്തരം പരിപാടികളെ സമീപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Read also: പാർട്ടി ആവശ്യപ്പെട്ടാൽ മത്സരത്തിൽനിന്ന് പിന്മാറും; ചുവരെഴുതിയതും പോസ്റ്റർ ഒട്ടിച്ചതും സ്വാഭാവികം’

താൻ വന്ന വഴി മറക്കില്ലെന്നും കലോത്സവത്തിനെത്താൻ പ്രതിഫലം വാങ്ങിയിട്ടില്ലെന്നും നവ്യ മറുപടി നൽകി. ഇന്ന് കലാലയങ്ങളിൽ ഒരുപാടു ജീവനുകൾ‍ നഷ്ടമാകുന്നു. രക്ഷിതാക്കൾ വലിയ പ്രതീക്ഷയോടെയാണ് വിദ്യാർഥികളെ കോളജുകളിലേക്ക് അയയ്ക്കുന്നത്. അക്കാദമിക് തലത്തിൽ വലിയ നേട്ടങ്ങൾ സമ്പാദിച്ചില്ലെങ്കിലും ജീവനോടെ ഇരിക്കണമെന്ന് നവ്യ വിദ്യാർഥികളോട് പറഞ്ഞു. സിനിമകളിലെ കൊലപാതക രംഗങ്ങൾ വിദ്യാർഥികളെ മാനസികമായി സ്വാധീനിക്കും. കഞ്ചാവ് ഉപയോഗിക്കുന്ന സിനിമ ഡയലോഗുകൾക്ക് ഇന്ന് വലിയ കയ്യടിയാണു ലഭിക്കുന്നത്. അടിച്ചു പൊളിക്കേണ്ട കാലമാണെന്നും നല്ല മനുഷ്യരായി ജീവിക്കണമെന്നും നവ്യ വിദ്യാർഥികളോട് പറഞ്ഞു. സമ്മേളനത്തിനു വൈകാൻ കാരണം ഭാരവാഹികൾ വൈകിയതിനാലാണെന്നും പ്രസംഗത്തിൽ നവ്യ അറിയിച്ചു.

വിസിയുടെ പ്രസംഗത്തിനിടെ വിദ്യാർഥികൾ ഇറങ്ങിപ്പോയി

തിരുവനന്തപുരം∙ കേരള സർവകലാശാല യുവജനോത്സവ ഉദ്ഘാടന വേദിയിൽ വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മലിന്റെ പ്രസംഗത്തിനിടെ വിദ്യാർഥികൾ ഇറങ്ങിപ്പോയി. നവ്യാ നായരുടെ പ്രസംഗത്തിനു പിന്നാലെയായിരുന്നു വിസിയുടെ പ്രസംഗം. ആരംഭിച്ച ഉടൻ തന്നെ വിദ്യാർഥികൾ വേദി വിട്ടു. തന്റെ പ്രസംഗം കേൾക്കാൻ താൽപര്യമില്ലാതെ വിദ്യാർഥികൾ പോകുകയാണെന്നും ഇവിടെ ശേഷിക്കുന്ന വിദ്യാർഥികളോട് തനിക്കു സ്നേഹമുണ്ടെന്നും വിസി പറഞ്ഞു.

English Summary:

V Sivankutty and Navya Nair on celebrities receiving money for coming as guest in Kalolsavam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com