ADVERTISEMENT

തിരുവനന്തപുരം∙ വര്‍ക്കല ബീച്ചിലെ ഫ്ലോട്ടിങ് ബ്രിജിലുണ്ടായ അപകടത്തില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 15 പേര്‍ക്ക് പരുക്ക്. ശക്തമായ തിരയില്‍ പെട്ട് ഫ്ലോട്ടിങ് ബ്രിജിന്‍റെ കൈവരി തകരുകയായിരുന്നു. ശക്തമായി തിരമാല വീണ്ടും അടിച്ചതോടെ ഫ്ലോട്ടിങ് ബ്രിജിലുണ്ടായിരുന്നവര്‍ കടലിലേക്ക് പതിച്ചു. ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും ശക്തമായ തിരയില്‍ പെട്ടതോട കടലില്‍ വീണവര്‍ക്ക് പെട്ടെന്ന് കരയിലേക്ക് നീങ്ങാനായില്ല. സുരക്ഷാ ജീവനക്കാര്‍ കടലില്‍ വീണവരെ പുറത്തെത്തിക്കുകയായിരുന്നു. ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച വൈകിട്ടാണ് സംഭവം.

അപകടത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ടൂറിസം ഡയറക്ടറോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. അതേസമയം, സംഭവത്തില്‍ മന്ത്രി മറുപടി പറയണമെന്നും മാനദണ്ഡങ്ങള്‍ പാലിച്ചാണോ ബ്രിജ് പണിതിരിക്കുന്നതെന്നു പരിശോധിക്കണമെന്നും കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞു.

ജില്ലയിലെ ആദ്യ ഫ്ലോട്ടിങ് ബ്രിജാണ് 2023 ഡിസംബർ 26ന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്തെ ഏഴാമത്തെ ഫ്ലോട്ടിങ് ബ്രിജാണ് വർക്കലയിലേത്. തീരത്ത് നിന്നു കടലിലേക്കു ഏകദേശം 100 മീറ്റർ നീളത്തിലും 3 മീറ്റർ വീതിയിലും കടൽപാലം ഒരുക്കിയിരിക്കുന്നത്. കടലിനു മുകളിൽ പൊങ്ങിക്കിടക്കുന്ന പാലത്തിലൂടെ തിരമാലകളുടെ ചലനത്തിനൊപ്പം സഞ്ചരിക്കാം. പാലം അവസാനിക്കുന്നിടത്തെ പ്ലാറ്റ്‌ഫോമിൽനിന്ന് സന്ദർശകർക്ക് കടൽക്കാഴ്ച ആസ്വദിക്കാം.

ഒരേ സമയം നൂറുപേർക്ക് ബ്രിജിൽ കയറാം. 700 കിലോഗ്രാം ഭാരമുള്ള നങ്കൂരം ഉപയോഗിച്ചാണ് പാലത്തെ ഉറപ്പിച്ച് നിർത്തിയിരിക്കുന്നത്. 11 മുതൽ വൈകിട്ട് 5 വരെയാണ് പ്രവേശനം. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, വർക്കല നഗരസഭ എന്നിവരുടെ സഹകരണത്തോടെയാണ് ബ്രിജ് സ്ഥാപിച്ചത്.

English Summary:

Accident at Varkala Floating Bridge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com