ADVERTISEMENT

പാലക്കാട്∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ യുഡിഎഫ് സ്ഥാനാർഥിയായ കോൺഗ്രസ് എംഎൽഎ ഷാഫി പറമ്പിലിന് പാലക്കാട്ടെ വോട്ടർമാരുടെയും പ്രവർത്തകരുടെയും വൈകാരിക യാത്രയയപ്പ്. സ്ത്രീകളും മുതിര്‍ന്നവരും ഉള്‍പ്പെടെയുള്ളവർ കണ്ണീരണഞ്ഞാണ് ഷാഫി പറമ്പിലിനായി മുദ്രാവാക്യം വിളിച്ചത്. ‘‘ഞാൻ എവിടെയും പോവുന്നില്ലല്ലോ... ജോലിക്കു പോകുന്നതു പോലെയല്ലേ...’’– തന്നെ കെട്ടിപ്പിടിച്ചു കരഞ്ഞ അമ്മമാരെ ആശ്വസിപ്പിച്ച് ഷാഫി പറഞ്ഞു.

Read also: ‘എന്റെ അണികളെ ഞാൻ വഴക്ക് പറയും, അതിനുള്ള അവകാശമുണ്ട്; ഇതു വെറും സാംപിൾ’

എംപിയായാൽ ഞങ്ങളൊക്കെ ഡൽഹിയിലെത്തുമെന്നു ചിലർ പറഞ്ഞപ്പോൾ ഷാഫി പുഞ്ചിരിച്ചു. ഓരോരുത്തെരെയും പേരെടുത്തു വിളിച്ചു യാത്ര പറഞ്ഞു. ഷാഫിയുടെ എംഎൽഎ ഓഫിസിനു മുന്നിലായിരുന്നു വൈകാരിക മുഹൂർത്തങ്ങൾ. വടകരയിലേക്കുള്ള യാത്രയ്ക്കിടെ അവിടുത്തെ പ്രവാസികൾക്കു നന്ദി പറഞ്ഞ് ഷാഫി സമൂഹമാധ്യമത്തിൽ വിഡിയോ പങ്കുവയ്ക്കുകയും ചെയ്തു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ സിറ്റിങ് എംഎൽഎമാരാണു മുഖാമുഖം വരുന്നത്. എൽഡിഎഫ് സ്ഥാനാർഥി മട്ടന്നൂർ എംഎൽഎയായ കെ.കെ.ശൈലജ വിജയിച്ചാലും യുഡിഎഫ് സ്ഥാനാർഥി പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ വിജയിച്ചാലും നിയമസഭയിലേക്ക് ഉപതിരഞ്ഞെടുപ്പ് ഉറപ്പാണ്. ഇരുവരുടെയും നിയമസഭാ മത്സരവും ശ്രദ്ധേയമായിരുന്നു.

സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം ശൈലജ നേടിയപ്പോൾ ഏറ്റവും ‘ത്രില്ലിങ്’ പോരാട്ടത്തിനൊടുവിലാണു ‌ഷാഫി വിജയം തൊട്ടത്. പാർട്ടിക്കപ്പുറത്തേക്ക് ഇമേജുള്ളവരാണു രണ്ടുപേരും. രാഷ്ട്രീയത്തിലെ കരുത്തുറ്റ വനിത എന്നതാണു ശൈലജയുടെ സ്വീകാര്യതയെങ്കിൽ സമരങ്ങളിലെ വിട്ടുവീഴ്ചയില്ലാത്ത പോരാളിയെന്ന പ്രതിഛായയാണ് ഷാഫിക്കുള്ളത്.

English Summary:

An emotional farewell to Shafi Parambil from Palakkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com