ADVERTISEMENT

കോയമ്പത്തൂർ ∙ തമിഴ് ബിഗ്ബോസിൽ അവതാരകനായ കമൽഹാസൻ 7 സീസണുകളിലും പറഞ്ഞിരുന്ന ഒരു വാക്യമുണ്ട്. ‘എതിർ പാരതൈ എതിർ പാറുങ്കൾ’ (പ്രതീക്ഷിക്കാത്തത് പ്രതീക്ഷിക്കൂ). ലോക്സഭാ തിരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം നടക്കുമെന്ന് ഉറപ്പിച്ചിരുന്ന കോയമ്പത്തൂരിൽ നിന്നു മക്കൾ നീതി മയ്യം പാർട്ടി നേതാവും ചലച്ചിത്ര താരവുമായ കമൽഹാസൻ കളമൊഴിഞ്ഞ വാർത്ത, അത്തരമൊരു അപ്രതീക്ഷിത നീക്കമായിരുന്നു.

Read also: കമൽഹാസൻ ‘ഇന്ത്യ’ മുന്നണിയിൽ; മത്സരിക്കില്ല; രാജ്യസഭാ സീറ്റ് മതി

സിറ്റിങ് സീറ്റായ കോയമ്പത്തൂർ വിട്ടുനൽകേണ്ടി വരുമെന്നു കരുതിയിരുന്ന സിപിഎം നേതാക്കൾക്കു വാർത്ത ആശ്വാസമായി. ഡിഎംകെയുടെ സമ്മർദത്തിൽ സീറ്റ് മാറേണ്ടിവന്നാൽ ആര്, എവിടെ മത്സരിക്കുമെന്നായിരുന്നു പാർട്ടിയിലെ ആശങ്ക. അണ്ണാ ഡിഎംകെയിലെ ഒരു വിഭാഗം ബിജെപിക്കു വേണ്ടി പ്രവർത്തിക്കുന്ന സാഹചര്യത്തിൽ നേരിയ വിജയ പ്രതീക്ഷയുള്ള ബിജെപിക്കു കമലിന്റെ പിന്മാറ്റം ഇരട്ട ആശ്വാസമായി. കമൽ മത്സരിക്കുകയാണെങ്കിൽ ബിജെപിക്കു വേണ്ടി അണ്ണാമലൈയോ വാനതി ശ്രീനിവാസനോ മത്സരിക്കാനായിരുന്നു നീക്കം. ബിജെപി സ്ഥാനാർഥി ജയിക്കുകയും മോദി സർക്കാർ മൂന്നാമതും അധികാരത്തിലെത്തുകയും ചെയ്താൽ കേന്ദ്രമന്ത്രിസ്ഥാനം ഉറപ്പാക്കാവുന്ന മണ്ഡലമാണു കോയമ്പത്തൂർ. നീലഗിരിയാണു ബിജെപിക്കു പ്രതീക്ഷയുള്ള മറ്റൊരു മണ്ഡലം. 

സൗത്ത് ചെന്നൈ, കോയമ്പത്തൂർ മണ്ഡലങ്ങൾ ആവശ്യപ്പെട്ടിരുന്ന മക്കൾ നീതി മയ്യത്തിന് ഒരു സീറ്റ് നൽകാനാണു ഡിഎംകെയ്ക്കു താൽപര്യം. ഉദയനിധി സ്റ്റാലിൻ അനുകൂല നിലപാടെടുത്തെങ്കിലും ഡിഎംകെ നേതൃത്വം വഴങ്ങാതിരുന്നതോടെ, ഷൂട്ടിങ് റദ്ദാക്കി കമൽഹാസൻ തമിഴ്നാട്ടിൽ തുടരുകയായിരുന്നു. ഈറോഡ് ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹം കോൺഗ്രസിന് അനുകൂലമായി പ്രചാരണത്തിനിറങ്ങിയിരുന്നു. മക്കൾ നീതി മയ്യത്തിന് ഒരു രാജ്യസഭാ സീറ്റ്, പകരം ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലും പുതുച്ചേരിയിലും ഇന്ത്യ മുന്നണിക്കായി കമൽ പ്രചാരണത്തിനിറങ്ങുകയുമാണു നിലവിലെ ധാരണ.

English Summary:

Kamal Haasan withdrawal from Coimbatore ahead of Lok sabha polls provides relief to CPM and BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com