ADVERTISEMENT

ന്യൂയോർക്ക്∙ ശാസ്ത്രവും സർഗാത്മകതയും ഒന്നിക്കുന്ന യൂറോപ്പ ക്ലിപ്പർ വിക്ഷേപണത്തിനു തയാറെടുത്ത് നാസ. വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയെ കുറിച്ചുള്ള പര്യവേക്ഷണത്തിനായി ഒക്ടോബറിൽ വിക്ഷേപിക്കുന്ന നാസയുടെ യൂറോപ്പ ക്ലിപ്പർ ബഹിരാകാശ പേടകത്തിൽ ഒരു പ്രതീകാത്മക സന്ദേശഫലകവും ഇടംപിടിച്ചിട്ടുണ്ട്. ലോഹത്തകിടിൽ ത്രികോണാകൃതിയിൽ തീർത്ത ഈ സന്ദേശഫലകത്തിന്റെ ഉള്ളടക്കം നാസ പുറത്തുവിട്ടു. 

അമേരിക്കൻ കവി അഡാ ലിമോൺ രചിച്ച ‘ഇൻ പ്രൈസ് ഓഫ് മിസ്റ്ററി: എ പോം ഫോർ യൂറോപ്പ’ എന്ന കവിതയുടെ കൈയെഴുത്തുപ്രതിയുടെ കൊത്തുപണിയാണ് ഫലകത്തിൽ ആലേഖനം ചെയ്തിരിക്കുന്നത്. 

പ്ലേറ്റിലുള്ള സിലിക്കൺ മൈക്രോചിപ്പിൽ 26 ലക്ഷം ആളുകളുടെ പേരും ഉൾക്കൊള്ളുന്നുണ്ട്. നാസയുടെ ‘മെസേജ് ഇൻ എ ബോട്ടിൽ’ ക്യാംപെയ്‌ന്റെ സൂചകമായി ഫലകത്തിൽ വരച്ചുചേർത്ത കുപ്പിയുടെ ചിത്രത്തിനു മധ്യത്തിലായിട്ടായിരിക്കും മൈക്രോചിപ്പ്. 

ഫലകത്തിന്റെ പുറത്തേക്ക് അഭിമുഖീകരിക്കുന്ന വശത്തായി, 103 ഭാഷകളിൽ ജലം എന്ന വാക്കിനെ പ്രതിനിധീകരിക്കുന്ന തരംഗരൂപങ്ങൾ ഉൾപ്പെടെ യൂറോപ്പയും ഭൂമിയും തമ്മിലുള്ള ബന്ധം പ്രതിനിധീകരിക്കുന്ന സൃഷ്ടികൾ കാണാം. നടുവിലായി അമേരിക്കൻ ആംഗ്യഭാഷയിൽ ജലത്തെ സൂചിപ്പിക്കുന്ന ചിഹ്നവും ആലേഖനം ചെയ്തിട്ടുണ്ട്. 

അകത്തേക്ക് അഭിമുഖീകരിക്കുന്ന വശത്ത് ജ്യോതിശാസ്ത്രജ്ഞനായ ഫ്രാങ്ക് ഡ്രേക്കിന്റെ ഡ്രേക്ക് ഇക്വേഷനും ആലേഖനം ചെയ്തിട്ടുണ്ട്. യൂറോപ്പ ദൗത്യത്തിന്റെ ആദ്യകാല വക്താവും പ്ലാനറ്ററി സയൻസിന്റെ സ്ഥാപകരിലൊരാളുമായ റോൺ ഗ്രീൻലിയുടെ ചിത്രവും ഫലകത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. 

യൂറോപ്പയിലെ ഉപരിതലത്തിലെ മ‍ഞ്ഞുപാളികളുടെ കനം, അതിനടിയിലായുള്ള ഭൂഗർഭ സമുദ്രത്തിന്റെ സാധ്യതകൾ, അതിന്റെ ഘടന തുടങ്ങിയവയാണ് യൂറോപ്പ ക്ലിപ്പർ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ജീവന്റെ സാധ്യതകൾ ഉൾപ്പടെയുള്ള വിവരങ്ങൾ യൂറോപ്പ ക്ലിപ്പർ ദൗത്യത്തിലൂടെ അനാവരണം ചെയ്യാൻ സാധിക്കുമെന്നാണ് നാസ കണക്കുകൂട്ടുന്നത്.

English Summary:

NASA's Europa Clipper spacecraft to carry over 26 lakhs names to Jupiter’s moon, a poem by US Poet Laureate Ada Limón

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com