ADVERTISEMENT

തിരുവനന്തപുരം∙ ‘രാഷ്ട്രീയ വേലിചാട്ടത്തിന്റെ’ അനുഭവങ്ങൾ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾക്ക് പുതുമയല്ല. പാർട്ടി മാറ്റത്തിന്റെ ഒടുവിലത്തെ കണ്ണിയാണ് മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ. ചിലർ പാർട്ടി മാറ്റത്തിലൂടെ നേട്ടമുണ്ടാക്കിയപ്പോൾ പലർക്കും രാഷ്ട്രീയ ‘കരിയർ’ നഷ്ടമായി. രാഷ്ട്രീയ പാർട്ടി മാറ്റം കേരളത്തെ നടുക്കിയ കൊലപാതത്തിലേക്കും നയിച്ചിട്ടുണ്ട്. സിപിഎം വിട്ട് ആർഎംപി രൂപീകരിച്ച ടി.പി.ചന്ദ്രശേഖരൻ 2012ൽ ദാരുണമായി കൊല്ലപ്പെട്ടു.

Read also: ‘ബഹ്റയുടെ ജോലി പാലം പണി’: ബിജെപിക്കാരിയുടെ ജൽപ്പനങ്ങൾക്ക് ഇനി മറുപടിയില്ലെന്ന് കെ.മുരളീധരൻ

സിപിഎമ്മിന്റെ സമുന്നത നേതാവായിരുന്ന എം.വി.രാഘവൻ പാർട്ടി നേതൃത്വവുമായുള്ള തർക്കത്തെ തുടർന്ന് സിഎംപി രൂപീകരിച്ച് രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചു. എം.വി.രാഘവൻ യുഡിഎഫ് പിന്തുണയോടെ എംഎൽഎയും മന്ത്രിയുമായി. സിപിഎമ്മിന്റെ പ്രമുഖ നേതാവ് കെ.ആർ.ഗൗരിയമ്മയും പാർട്ടിവിട്ട് ജെഎസ്എസ് രൂപീകരിച്ച് വീണ്ടും മന്ത്രിയും എംഎൽഎയുമായി. മുൻ മുഖ്യമന്ത്രി കെ.കരുണാകരനും മകൻ കെ.മുരളീധരനും കോൺഗ്രസ് വിട്ട് ഡിഐസി രൂപീകരിച്ചു. പിന്നീട് ഇരുവരും കോൺഗ്രസിലേക്ക് തിരിച്ചുവന്നു.

ടി.പി. ചന്ദ്രശേഖരൻ∙ ഫയൽചിത്രം
ടി.പി. ചന്ദ്രശേഖരൻ∙ ഫയൽചിത്രം

മുൻ ധനകാര്യ മന്ത്രിയും സിപിഎം നേതാവുമായിരുന്ന വി. വിശ്വനാഥ മേനോൻ (ആമ്പാടി വിശ്വം ) ബിജെപി പിന്തുണയോടെ എറണാകുളം ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചു. പിന്നീട് പാർട്ടിയിൽ തിരിച്ചെത്തി. ആലപ്പുഴ എംപിയായിരുന്ന ഡോ.കെ.എസ്.മനോജ് സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്നു. 2004ൽ വി.എം.സുധീരനെ അട്ടിമറിച്ചാണ് മനോജ് വിജയിച്ചത്. പിന്നീട് കെ.സി.വേണുഗോപാലിനോട് പരാജയപ്പെട്ടതോടെ കോൺഗ്രസില്‍ ചേർന്നു. പിന്നീട് സജീവ രാഷ്ട്രീയത്തിൽനിന്ന് പിന്മാറി.

യുവ നേതാവ് എ.പി.അബ്ദുല്ലക്കുട്ടിയാണ് സിപിഎമ്മിനെ ഞെട്ടിച്ച മറ്റൊരാൾ. സിപിഎം വിട്ട് കോൺഗ്രസിലെത്തിയ അബ്ദുല്ലക്കുട്ടി യുഡിഎഫ് പിന്തുണയോടെ നിയമസഭയിലെത്തി. പിന്നീട് കോൺഗ്രസിൽനിന്ന് ബിജെപിയിൽ ചേർന്നു. ഇപ്പോൾ ബിജെപി ദേശീയ ഉപാധ്യക്ഷനാണ്. ടോം വടക്കനും കോൺഗ്രസിൽനിന്ന് ബിജെപിയിൽ ചേർന്നു. ഇപ്പോൾ ബിജെപി ദേശീയ വക്താവാണ്. സിപിഎം സ്വതന്ത്രനായി കാഞ്ഞിരപ്പള്ളിയിൽനിന്ന് നിയമസഭയിലെത്തിയ അൽഫോൺസ് കണ്ണാന്താനം ബിജെപിയിലേക്ക് ചേക്കേറി കേന്ദ്ര സഹമന്ത്രിയായി. യുവനേതാവ് സിന്ധു ജോയ് സിപിഎം വിട്ട് കോൺഗ്രസിലെത്തിയെങ്കിലും പിന്നീട് രാഷ്ട്രീയ രംഗത്തുനിന്നു പിന്മാറി.

 എം.വി.രാഘവൻ, കെ.കരുണാകരൻ, കെ.ആർ.ഗൗരിയമ്മ
എം.വി.രാഘവൻ, കെ.കരുണാകരൻ, കെ.ആർ.ഗൗരിയമ്മ

മലപ്പുറം ഡിസിസി പ്രസിഡന്റായിരുന്ന ടി.കെ.ഹംസ സിപിഎമ്മിലെത്തി എംപിയും എംഎൽഎയുമായി. കേരള കോൺഗ്രസിൽനിന്നാണ് ലോനപ്പൻ നമ്പാടൻ സിപിഎമ്മിലെത്തുന്നത്. ലോനപ്പൻ നമ്പാടൻ സിപിഎം പിന്തുണയോടെ എംഎൽഎയും മന്ത്രിയുമായി. കോൺഗ്രസ് നേതാവും എംപിയുമായിരുന്ന പി.സി.ചാക്കോ കോൺഗ്രസ് വിട്ട് എൻസിപിയിലെത്തി സംസ്ഥാന അധ്യക്ഷനായി. കടന്നപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ് വിട്ട് കോൺഗ്രസ് സെക്കുലർ രൂപീകരിച്ച് എൽഡിഎഫിലേക്കെത്തി. സിപിഎം പിന്തുണയോടെ വിജയിച്ച് മന്ത്രിയായി.

മുൻ കേന്ദ്രമന്ത്രിയും എംപിയുമായ കെ.വി.തോമസ് കോൺഗ്രസിൽനിന്നു സിപിഎമ്മിലെത്തി. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതോടെയാണ് തോമസ്, കോൺഗ്രസുമായി അകലുന്നത്. പിന്നീട്  കോൺഗ്രസ് വിലക്കു ലംഘിച്ച് കണ്ണൂരിൽ സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിലും തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് കൺവെൻഷനിലും പങ്കെടുത്തതോടെ കോൺഗ്രസിൽനിന്നു പുറത്താക്കി. നിലവിൽ ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയാണ്.  മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണി കോൺഗ്രസ് വിട്ട് ബിജെപിയിലെത്തി. ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽനിന്ന് ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നു.

അനിൽ ആന്‍റണി (ഫയൽ ചിത്രം ∙ മനോരമ)
അനിൽ ആന്‍റണി (ഫയൽ ചിത്രം ∙ മനോരമ)

ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് വിട്ട് സിപിഎം പിന്തുണയോടെ പുതുപ്പള്ളിയിൽ ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചു പരാജയപ്പെട്ടു. വിഎസ് സർക്കാരിന്റെ കാലത്ത് കെടിഡിസി ചെയർമാനായി. 2011ൽ വട്ടിയൂർക്കാവിൽ കെ.മുരളീധരനോട് പരാജയപ്പെട്ടു. പിന്നീട് കോണ്‍ഗ്രസിൽ തിരിച്ചെത്തി. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ജനതാപാർട്ടിയിൽനിന്നാണ് കോൺഗ്രസിലെത്തുന്നത്. പിഎംഎ സലാം ഐഎൻഎലിൽനിന്നും മുസ്‌ലിം ലീഗിലെത്തി. കെഎൻഎ ഖാദർ സിപിഐയിൽനിന്ന് ലീഗിലെത്തി.

വി.അബ്ദുറഹിമാൻ കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തി മന്ത്രിയായി. കെ.പി.അനിൽകുമാർ, പി.എസ്.പ്രശാന്ത് എന്നിവരാണ് അവസാനം കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തിയത്. പി.എസ്.പ്രശാന്ത് ദേവസ്വം ബോർഡ് പ്രസിഡന്റായി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന ജി.രാമൻനായർ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. കോൺഗ്രസ് നേതാക്കളായ ലതികാ സുഭാഷ് എൻസിപിയിലും ശോഭനാ ജോർജ് സിപിഎമ്മിലും ചേർന്നു. കോൺഗ്രസ് വിട്ട സി.രഘുനാഥിനെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി കണ്ണൂരിൽ സ്ഥാനാർഥിയാക്കി.

English Summary:

Political Leaders in Kerala Who Left their Party

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com