ADVERTISEMENT

കോഴിക്കോട് ∙ വയനാട്ടിലേക്കു ചുരം കയറാതെയുള്ള ബദൽ പാതയായ പൂഴിത്തോട് - പടിഞ്ഞാറത്തറ റോഡിന്റെ നിർമാണസാധ്യതാ പരിശോധനയ്ക്കു സംസ്ഥാന സർക്കാരിന്റെ ഭരണാനുമതി. റോഡ് നിർമാണത്തിന്റെ സാധ്യത കണ്ടെത്തുന്നതിനുള്ള പരിശോധനാ നടപടികൾക്ക് 1.50 കോടി രൂപയാണ് അനുവദിച്ചത്. വയനാട്ടിലേക്കു കുരുക്കിൽ പെടാതെയും ചുരമില്ലാതെയും എളുപ്പത്തിൽ എത്തുക എന്ന കാൽ നൂറ്റാണ്ടായുള്ള ജനതയുടെ സ്വപ്നം ഇതോടെ യാഥാർഥ്യമായേക്കും.

കോഴിക്കോട്, വയനാട് ജില്ലകളിലായി 28.83 കിലോമീറ്റർ ദൂരമുള്ള പാതയാണ് കോഴിക്കോട് പടിഞ്ഞാറത്തറ ചുരമില്ലാ ബദൽ പാത. ഇതിൽ 10.61 കിലോമീറ്റർ കോഴിക്കോട് ജില്ലയിലും 18.22 കിലോമീറ്റർ വയനാട് ജില്ലയിലുമാണ്. വനമേഖലയിലൂടെ ആയതിനാൽ 25 വർഷമായി സാങ്കേതിക കുരുക്കു‌കളിൽപ്പെട്ട് മുടങ്ങിക്കിടക്കുകയാണ്. ചുരമില്ലാതെയുള്ള ഈ ബദൽപാത യാഥാർഥ്യമായാൽ മലയോരത്തിനു വികസനക്കുതിപ്പാകും. ദൂരം കുറഞ്ഞതും വനഭൂമി ഏറ്റവും കുറവ് ഏറ്റെടുത്താൽ മതി എന്നതും സവിശേഷതയാണ്. പാതയുടെ ആകെയുള്ള 28.83 കിലോമീറ്ററിൽ 12.940 കിലോമീറ്റർ നിക്ഷിപ്ത വനഭൂമിയാണ്. 

Read Also:പരാതി, പ്രതിഷേധം: കേരള സർവകലാശാല കലോത്സവം നിർത്തിവയ്ക്കാൻ വിസിയുടെ നിർദേശം...

നേരത്തേ ബദൽ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം നടന്നെങ്കിലും പൂഴിത്തോട് ഭാഗത്തും പടിഞ്ഞാറത്തറ ഭാഗത്തും വനാതിർത്തി വരെ റോഡ് പൂർത്തിയാക്കിയതോടെ നിർമാണം നിലച്ചു. നഷ്ടമാകുന്ന വനഭൂമിക്ക് പകരമായി വയനാട് ജില്ലയിൽ 20.770 ഹെക്ടർ ഭൂമിയും കോഴിക്കോട് ജില്ലയിൽ 5.56 ഹെക്ടറും റവന്യൂ വകുപ്പ് ഏറ്റെടുത്ത് വിട്ടു നൽകിയിരുന്നു. എന്നിട്ടും കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചതാണു നിർമാണം നിലയ്ക്കാൻ കാരണം. പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതോടെയാണ് റോഡ് നിർമാണ പ്രവർത്തനങ്ങൾക്ക് വീണ്ടും ജീവൻവച്ചത്.

കഴിഞ്ഞ നവകേരള സദസ്സിൽ ഈ പാത യാഥാർഥ്യമാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ചില നിർദേശങ്ങൾ വന്നു. അതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിതന്നെ ഇക്കാര്യം പരിശോധിക്കാൻ പൊതുമരാമത്ത് വകുപ്പിനോടു നിർദേശിച്ചു. തുടർന്നു പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നിർദേശപ്രകാരം മറ്റു വകുപ്പുകളുമായി ചേർന്ന് ഉദ്യോഗസ്ഥ തലത്തിൽ വനം ഉൾപ്പെടെയുള്ള സ്ഥലത്തിന്റെ പ്രാഥമിക പരിശോധന നടത്തി. ആ പരിശോധനയുടെ അടിസ്ഥാനത്തിലാണു റോഡിന്റെ സാധ്യത പരിശോധിക്കുന്ന ഇൻവെസ്റ്റിഗേഷൻ നടപടികളിലേക്കു കടക്കുന്നത്.

English Summary:

Approval for feasibility study of construction of Poozhithode-Padinjarathara road, which is an alternative route to Wayanad without climbing the ghat pass.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com