ADVERTISEMENT

കട്ടപ്പന ∙ കട്ടപ്പനയിലെ ഇരട്ടക്കൊലപാതകങ്ങൾ നരബലിയെന്നും ആഭിചാരക്രിയകളെന്നും പ്രചരിച്ചെങ്കിലും അത്തരം വാദങ്ങളെല്ലാം പൊലീസ് തള്ളുകയാണ്. മാനഹാനി, തർക്കം തുടങ്ങിയ കാരണങ്ങളാണു കൊലപാതകത്തിനു കാരണമായി പൊലീസ് പറയുന്നത്. കക്കാട്ടുകടയിലെ വാടകവീട്ടിൽ പൂജകൾ നടത്തിയിരുന്നതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയതോടെയാണ് അഭ്യൂഹങ്ങൾ പ്രചരിച്ചത്. 

മൃതദേഹം മറവു ചെയ്തിരുന്ന മുറിയിൽ മറ്റു വസ്തുക്കളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും മറ്റു 2 മുറികളിൽ പൂജകൾ ചെയ്യാനായി കറുത്ത പ്ലാസ്റ്റിക് കൊണ്ടു മറച്ച് പ്രത്യേക ക്രമീകരണം ഒരുക്കിയിരുന്നു. ജനലുകളെല്ലാം പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടു മറച്ചിരുന്നു. ഇതിൽ ഒരു മുറിയിലാണു വിജയന്റെ ഭാര്യ സുമയും മകളും കഴിഞ്ഞിരുന്നത്. വീട്ടിൽ രാത്രിയിൽ പുറത്തുനിന്നുള്ളവർ എത്താറുണ്ടായിരുന്നു എന്ന സമീപവാസികളുടെ മൊഴിയും മന്ത്രവാദ സൂചനകൾ നൽകുന്നതാണ്.

എന്നാൽ ഈ വാദങ്ങളെല്ലാം പൊലീസ് തള്ളിക്കളയുകയാണ്. മുഖ്യപ്രതിയായ നിതീഷിനു നിയമപ്രകാരം വിവാഹം ചെയ്യാതെ വിജയന്റെ മകളിൽ ഉണ്ടായ ആൺകുഞ്ഞിനെ, അഞ്ചുദിവസം മാത്രമുള്ളപ്പോൾ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. തർക്കത്തിനിടെയാണു വിജയനെ ഷർട്ടിൽ പിടിച്ച് വലിച്ചു നിലത്തിട്ടശേഷം നിതീഷ് ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു. 

7 മണിക്കൂർ നീണ്ട തെളിവെടുപ്പ് 

കട്ടപ്പന ഇരട്ടക്കൊലപാതകത്തിന്റെ നിർണായക തെളിവുകൾ കണ്ടെത്തിയ തെളിവെടുപ്പ് 7 മണിക്കൂർ നീണ്ടു. ഇന്നലെ രാവിലെ ഒൻപതോടെയാണു പ്രതി നിതീഷിനെ ഇയാൾ വാടകയ്ക്കു താമസിച്ചിരുന്ന കക്കാട്ടുകടയിലെ വീട്ടിൽ എത്തിച്ചത്. ഒൻപതേമുക്കാലോടെ ഇടുക്കി ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണുപ്രദീപ് സ്ഥലത്തെത്തി. 

ദ്രുതകർമസേനയും കട്ടപ്പന, വണ്ടൻമേട്, തങ്കമണി, ഉടുമ്പൻചോല എന്നിവിടങ്ങളിൽ നിന്നുള്ള പൊലീസ് സംഘവും എത്തി. ഇടുക്കി എൽആർ തഹസിൽദാർ മിനി കെ.ജോൺ, കോട്ടയത്തു നിന്നുള്ള പൊലീസ് സർജൻ ലിസ തോമസ്, അസിസ്റ്റന്റ് സർജൻ ജോമോൻ ജേക്കബ് എന്നിവർ എത്തിയശേഷമാണു മൃതദേഹം കുഴിച്ചെടുത്തു തുടർനടപടികൾ കൈക്കൊണ്ടത്. നടപടികളെല്ലാം പൂർത്തിയാക്കി വൈകിട്ട് നാലേകാലോടെയാണു പ്രതിയെ കക്കാട്ടുകടയിലെ വീട്ടിൽ നിന്നു കട്ടപ്പന സാഗര ജംക്‌ഷനിലെ വീട്ടിലേക്കു കൊണ്ടുപോയത്. 

വിജയന്റെ മൃതദേഹാവശിഷ്ടങ്ങൾ കാർഡ്ബോർഡ് പെട്ടിയിലാക്കിയാണു പോസ്റ്റ്മോർട്ടത്തിനായി ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. തൊഴുത്തിലെ തെളിവെടുപ്പ് നാളെയും തുടരും.

English Summary:

Kattappana Twin Murder: Police Rejects Human Sacrifice, Witchcraft Rumours

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com