ADVERTISEMENT

കോഴിക്കോട് ∙ എലത്തൂർ പൊലീസ് സ്റ്റേഷനിലെത്തിയ പൊതുപ്രവർത്തകനെതിരെ അകാരണമായി കേസെടുത്തെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ. മാനസിക വെല്ലുവിളി നേരിടുന്ന അമ്മയെയും മകളെയും കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണു പൊതുപ്രവർത്തകൻ സ്റ്റേഷനിലെത്തിയത്. രോഗിയായ അമ്മയുടെ കാലിൽ പൊട്ടലുണ്ടായതിനെ കുറിച്ചും അന്വേഷിക്കണമെന്ന് കമ്മിഷൻ നിർദേശിച്ചു.

Read Also: മിഷേലിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണം; നടന്റെ മകന് പങ്കുണ്ടെന്ന സംശയം ആവർത്തിച്ച് പിതാവ്...

സിറ്റി പൊലീസ് കമ്മിഷണർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നു കമ്മിഷൻ ആക്ടിങ് ചെയർപഴ്‌സൻ കെ.ബൈജുനാഥ് നിർദേശിച്ചു. എരഞ്ഞിക്കൽ താഴെ തൊടുകയിൽ യു.വി.ആദം നൽകിയ പരാതിയിലാണു നടപടി. എരഞ്ഞിക്കലിൽ മാനസിക വെല്ലുവിളി നേരിടുന്ന അമ്മയെയും മകളെയും കുതിരവട്ടം ആശുപത്രിയിൽ കൊണ്ടുപോകുന്നതിനു വേണ്ടിയാണു സ്റ്റേഷനിലെത്തിയതെന്ന് ആദമിന്റെ പരാതിയിൽ പറയുന്നു. രോഗിയെ ആശുപത്രിയിലേക്കു കൊണ്ടുപോകാനായി എത്തിയ ആംബുലൻസ് ഡ്രൈവർ പൊലീസ് സാന്നിധ്യം ആവശ്യപ്പെട്ടതുകൊണ്ടാണു സ്റ്റേഷനിലെത്തിയത്. എന്നാൽ പൊലീസ് തട്ടിക്കയറി.

തനിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തുവെന്നും ആദമിന്റെ പരാതിയിൽ പറയുന്നു. പിന്നീട് അമ്മയെയും മകളെയും കുതിരവട്ടം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ അമ്മയുടെ കാലിലെ എല്ല് പൊട്ടിയതായി ആശുപത്രി അധികൃതർ വിളിച്ചറിയിച്ചതായും പരാതിക്കാരൻ പറഞ്ഞു. അമ്മയുടെ കാൽ പൊട്ടിയതെങ്ങനെ എന്ന്  അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ഇവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം വീട്ടിലെത്തി. ഏപ്രിലിൽ കോഴിക്കോട് ഗവ. ഗെസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.

English Summary:

The Human Rights Commission has ordered an investigation into the complaint that a case was filed against a public servant who came to Elathur Police Station in Kozhikode.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com