ADVERTISEMENT

കൊച്ചി ∙ ആട്ടിയോടിക്കപ്പെട്ടവർക്ക് പൗരത്വം കൊടുക്കില്ലെന്ന് പറയാൻ കേരളം പിണറായി വിജയന് സ്ത്രീധനമായി കിട്ടിയതല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പൗരത്വ ഭേദഗതി നിയമത്തിന്റെ മറവിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് എൽഡിഎഫും യുഡിഎഫും ചെയ്യുന്നതെന്നും കേരളത്തിലെ മുസ്‌ലിം സമുദായത്തെ കബളിപ്പിക്കാനാണ് ഇരുമുന്നണികളും ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read also: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം: കേരളത്തില്‍ കേസെടുത്തത് 7,913 പേര്‍ക്കെതിരെ

‘‘പൗരത്വ ഭേദഗതി നിയമം ഇന്ത്യയിലെ പൗരൻമാർക്ക് വേണ്ടിയല്ല. പാക്കിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ മതത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വേണ്ടിയാണ് ആ നിയമം നിർമിച്ചത്. അതു നമ്മുടെ രാജ്യത്തിന്റെ ബാധ്യതയാണ്. ആരുടെയും പൗരത്വം എടുത്തുകളയാൻ വേണ്ടിയല്ല ഈ നിയമമെന്ന് മനസ്സിലാക്കിയിട്ടും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.’’– സുരേന്ദ്രൻ പറഞ്ഞു.

പൗരത്വം കൊടുക്കില്ലെന്ന് പറയാൻ പിണറായി വിജയനെ ആരെങ്കിലും പൗരത്വത്തിന് വേണ്ടി സമീപിച്ചിട്ടുണ്ടോ എന്നും സുരേന്ദ്രൻ ചോദിച്ചു. ‘‘പൗരത്വത്തിന്റെ കാര്യമെല്ലാം ജില്ലാ കലക്ടർമാർ ചെയ്തുകൊള്ളും. അത് ആലോചിച്ച് മുഖ്യമന്ത്രി വിഷമിക്കണ്ട. പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കെന്താണ് കാര്യം. കേരളം പിണറായി വിജയന് സ്ത്രീധനമായി കിട്ടിയതല്ല. സിഎഎ നമ്മുടെ നാട്ടിൽ നിയമമായി കഴിഞ്ഞു. ഇനി ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല.’’– സംസ്ഥാന ബിജെപി അധ്യക്ഷൻ പറഞ്ഞു.

കൊല്ലത്ത് ഡിറ്റൻഷൻ സെന്റർ തുടങ്ങിയ ആളാണ് കേരള മുഖ്യമന്ത്രിയെന്നും സുരേന്ദ്രൻ ആരോപിച്ചു. ‘‘ഇന്ത്യയിൽ ആദ്യമായി അനധികൃത കടന്നുകയറ്റക്കാരെ പാർപ്പിക്കാൻ ക്യാംപ് തുടങ്ങിയത് കേരളത്തിലാണ്. ആദ്യം സിഎഎ നടപ്പാക്കുന്ന സംസ്ഥാനവും കേരളമായിരിക്കും. മോദി സർക്കാരിന്റെ ഗ്യാരന്റിയാണ് സിഎഎ. വാഗ്ദാനങ്ങൾ പാലിക്കുന്ന സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. സിഎഎക്കെതിരെ കേരളത്തിൽ സമരം ചെയ്യാൻ യുഡിഎഫിനും എൽഡിഎഫിനും ധൈര്യമുണ്ടോ?’’– സുരേന്ദ്രൻ ചോദിച്ചു.

പാക്കിസ്ഥാനിലോ ബംഗ്ലദേശിലോ മതത്തിന്റെ പേരിൽ മുസ്‌ലിംകൾ പീഡിപ്പിക്കപ്പെടുന്നില്ല എന്നിരിക്കെ എന്തിനാണ് മുസ്‌ലിംകളെയും സിഎഎയിൽ ഉൾപ്പെടുത്തണമെന്ന് പറയുന്നത് എന്നും ബിജെപി അധ്യക്ഷൻ ചോദിച്ചു. ‘ഇന്ത്യ’ മുന്നണി വന്നാൽ സിഎഎ അറബിക്കടലിൽ എറിയുമെന്നാണ് കെ.സുധാകരൻ പറയുന്നത്. എന്നാൽ രാഹുൽ ഗാന്ധിയൊ മറ്റു പിസിസി അധ്യക്ഷൻമാരോ എന്താണ് ഇങ്ങനെ പറയാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു.

English Summary:

CAA: K Surendran Slams CM Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com