ADVERTISEMENT

ചണ്ഡീഗഡ്∙ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബിജെപി- ജെജെപി സഖ്യ മന്ത്രിസഭ  രാജിവച്ചു. ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയയെ കണ്ട് ഖട്ടര്‍ രാജിക്കത്ത് നല്‍കി. സഖ്യകക്ഷികളായ ബിജെപിയും ജനനായക് ജനതാ പാര്‍ട്ടിയും (ജെജെപി) തമ്മില്‍ അഭിപ്രായഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. ജെജെപിയെ ഒഴിവാക്കി സര്‍ക്കാര്‍ രൂപീകരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. പുതിയ മുഖ്യമന്ത്രി ഇന്നു തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണു റിപ്പോര്‍ട്ട്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 46 സീറ്റിന്റെ ഭൂരിപക്ഷമാണ് വേണ്ടത്. 41 എംഎല്‍എമാരുള്ള തങ്ങള്‍ക്ക് 5 സ്വതന്ത്രന്മാരുടെ പിന്തുണയുണ്ടെന്നാണ് ബിജെപിയുടെ അവകാശവാദം. അതിനിടെ ജെജെപിയുടെ ചില എംഎല്‍എമാര്‍ ബിജെപിക്കൊപ്പം ചേരുമെന്നും റിപ്പോര്‍ട്ടുണ്ട്.

Read Also: മല്ലികാര്‍ജുന്‍ ഖര്‍ഗെ മല്‍സരിക്കില്ല; കൂടുതല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്നു പ്രഖ്യാപിക്കും 

കേന്ദ്രമന്ത്രി അര്‍ജുന്‍ മുണ്ടെ, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുങ് എന്നിവര്‍ നിരീക്ഷകരായി ഹരിയാനയിലെത്തും. നയാബ് സയ്‌നിയോ സഞ്ജയ് ഭാട്ടിയയോ മുഖ്യമന്ത്രിയാകുമെന്നാണു സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണ മണ്ഡലത്തില്‍ ഖട്ടര്‍ മത്സരിക്കുമെന്നും ബിജെപി വൃത്തങ്ങള്‍ പറയുന്നു.

ഹരിയാനയില്‍ ബിജെപിയും സഖ്യകക്ഷിയായ ദുഷ്യന്ത ചൗട്ടാലയുടെ ജനനായക് ജനതാ പാര്‍ട്ടിയും (ജെജെപി) തമ്മില്‍ വലിയ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നതിനിടെയാണ് ഖട്ടറിന്റെ രാജി. ഖട്ടര്‍ രാവിലെ ബിജെപി എംഎല്‍എമാരുടെയും സര്‍ക്കാരിനെ പിന്തുണയ്ക്കു സ്വതന്ത്ര എംഎല്‍എമാരുടെയും യോഗം വിളിച്ചിരുന്നു. സ്വതന്ത്രന്മാരുടെ പിന്തുണയോടെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനാണ് നീക്കം.

അതേസമയം ദുഷ്യന്ത് പട്ടേലും എംഎല്‍എമാരുടെ യോഗം വിളിച്ചു ചേര്‍ത്തു. ലോക്‌സഭയിലേക്കു സീറ്റ് ചര്‍ച്ചകളാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള ഭിന്നതയ്ക്ക് കാരണം. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 10 സീറ്റുകളും ബിജെപി സ്വന്തമാക്കി. ഇക്കുറി ഒരു സീറ്റു പോലും ജെജെപിക്കു നല്‍കാന്‍ സംസ്ഥാന നേതൃത്വം തയാറല്ല. രണ്ട് സീറ്റ് വേണമെന്നാണ് ജെജെപിയുടെ ആവശ്യം. 

2019 ഒക്‌ടോബറില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 90 സീറ്റില്‍ 41 സീറ്റാണ് ബിജെപി നേടിയത്. തുടര്‍ന്ന് ജെജെപിയുടെ 10 എംഎല്‍എമാരുടെ പിന്തുണയോടെയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ദുഷ്യന്ത് ചൗട്ടാലയെ ഉപമുഖ്യമന്ത്രിയാക്കുകയും ചെയ്തു. ഏഴു സ്വതന്ത്ര എംഎൽഎമാരിൽ ആറു പേരുടെ പിന്തുണയും സർക്കാരിനുണ്ടായിരുന്നു. 

English Summary:

Haryana Political Shakeup: Chief Minister Manoharlal Khattar Poised to Resign Amidst Coalition Crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com