ADVERTISEMENT

തിരുവനന്തപുരം∙ കേരള സർവകലാശാല യുവജനോത്സവത്തിൽ കോഴ ആരോപണം നേരിട്ടതിനെ തുടർന്ന് അറസ്റ്റിലായ വിധികർത്താവിനെ കണ്ണൂരിലെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കേസിലെ ഒന്നാം പ്രതിയും മാർഗംകളി മത്സരത്തിലെ വിധികർത്താവുമായ കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം സദാനന്ദാലയത്തിൽ ഷാജി പൂത്തട്ടയെ (പി.എൻ.ഷാജി–51) ആണ് കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് 6.45നാണ് സംഭവം. രാവിലെ മുറിയിൽ കയറിയ ഷാജി വൈകിട്ട് പുറത്തിറങ്ങാത്തതിനെ തുടർന്ന് വീട്ടുകാർ മുറി തുറന്നു നോക്കിയപ്പോഴാണ് മരിച്ചതായി കണ്ടത്. സിറ്റി പൊലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. താൻ നിരപരാധിയാണെന്നും ഇതുവരെയും പൈസ വാങ്ങിയിട്ടില്ലെന്നും അർഹതപ്പെട്ടതിനു മാത്രമാണ് കൊടുത്തതെന്നും തെറ്റ് ചെയ്യില്ലെന്ന് അമ്മയ്ക്ക് അറിയാമെന്നും കുറിപ്പിലുണ്ട്. ഇതിനു പിന്നിൽ കളിച്ചവരെയെല്ലാം ദൈവം രക്ഷിക്കട്ടെയെന്നും കുറിപ്പിൽ പറയുന്നു. 

ഷാജി ഉൾപ്പെടെ 3 പ്രതികളുടെ മൊഴിയെടുക്കാൻ ഇന്നു തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരത്ത് നടന്ന കേരള സർവകലാശാലാ കലോത്സവത്തിലെ മാർഗംകളി മത്സരവുമായി ബന്ധപ്പെട്ടാണ് കോഴ വിവാദം ഉണ്ടായത്. വിധി നിർണയത്തെപ്പറ്റി പരാതികൾ ഉയർന്നതോടെ മാർഗം കളി മത്സരം റദ്ദാക്കി.

മത്സരത്തിന്റെ വിധി നിർണയത്തിന് എതിരെ യൂണിവേഴ്സിറ്റി കോളജ് അപ്പീലും പരാതിയും നൽകിയിരുന്നു. തുടർന്ന് സംഘാടകർ പൊലീസിനെ അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് ഷാജിയെയും മറ്റു 2 പേരെയും കസ്റ്റഡിയിൽ എടുത്തു. ഇതിനിടയിൽ ഇവിടെ വച്ച് ഇവർക്ക് മർദനമേറ്റതായും ആരോപണമുണ്ട്. നിരപരാധികളായ തങ്ങളെ കേസിൽ കുടുക്കിയതാണെന്നും എസ് എഫ്ഐ പ്രവർത്തകർ മർദിച്ചെന്നും രണ്ടാം പ്രതി ജോമറ്റ് പറഞ്ഞു. യൂണിവേഴ്സിറ്റി ആസ്ഥാനത്തിനു സമീപത്തെ വേദിയിലും പൊലീസ് സ്റ്റേഷനിലും ഷാജി ഭയപ്പെട്ടാണു നിന്നതെന്നും പറഞ്ഞു. അന്നു രാത്രി തന്നെ ഇവരെ ജാമ്യത്തിൽ വിട്ടു. 11 ന് വീട്ടിലെത്തിയ ഷാജി മനഃപ്രയാസം ബന്ധുക്കളെ അറിയിച്ചിരുന്നു. ഷാജിക്കെതിരെയുള്ള കൈക്കൂലി ആരോപണം വാസ്തവ വിരുദ്ധമാണെന്നും ചിലർ കുടുക്കിയതാണെന്നും ബന്ധുക്കൾ പറഞ്ഞു. 

നൃത്താധ്യാപകനായ ഷാജി സ്കൂൾ, കോളജ് വിദ്യാർഥികളെ വർഷങ്ങളായി പരിശീലിപ്പിക്കുന്നു. നേരത്തെ ചെറുകുന്നിൽ സ്ഥാപനം നടത്തിയിരുന്നു. ഷാജിയുടെ മാതാവ്: പൂത്തട്ട ലളിത. ഭാര്യ: ഷംന. സംസ്കാരം ഇന്ന് 12ന് പയ്യാമ്പലത്ത്. 

∙ (ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പറുകൾ: 1056, 0471-2552056)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com