ADVERTISEMENT

മോസ്‌കോ∙ യുക്രെയ്‌നില്‍ ആണവയുദ്ധത്തിന് റഷ്യ തയാറാണെന്ന് മുന്നറിയിപ്പു നല്‍കി പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍. അമേരിക്ക യുക്രെയ്‌നിലേക്ക് സൈന്യത്തെ അയച്ചാല്‍ യുദ്ധത്തിന്റെ രൂപം മാറുമെന്നും പുട്ടിന്‍ പറഞ്ഞു. നിലവില്‍ ആണവയുദ്ധത്തിന്റെ അവസ്ഥ ഇല്ല. എന്നാല്‍ സൈനിക, സാങ്കേതിക കാഴ്ചപ്പാടില്‍ ഞങ്ങള്‍ ആണവയുദ്ധത്തിന് തയാറാണ് - ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പുട്ടിന്‍ പറഞ്ഞു. ഈ മാസം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പുട്ടിന്റെ പ്രതികരണം. അടുത്ത ആറു വര്‍ഷം കൂടി 71കാരനായ പുട്ടിന്‍ തന്നെ റഷ്യയെ നയിക്കുമെന്ന് ഏറെക്കുറേ ഉറപ്പായിട്ടുണ്ട്. 

Read Also: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്; ഡെമോക്രാറ്റിക് നോമിനേഷൻ ഉറപ്പാക്കി ജോ ബൈഡൻ

‘‘റഷ്യന്‍ മേഖലയിലോ യുക്രെയ്‌നിലോ യുഎസ് സൈന്യത്തെ വിന്യസിച്ചാല്‍ അത് അനാവശ്യ ഇടപെടലായി റഷ്യ പരിഗണിക്കുമെന്ന് അമേരിക്കയ്ക്ക് അറിയാം. യുഎസ് – റഷ്യ ബന്ധങ്ങളിലെ നയതന്ത്ര വിഷയങ്ങളിൽ വിദഗ്ധരായവർ അമേരിക്കയിലുണ്ട്. അതുകൊണ്ടു തന്നെ തിടുക്കപ്പെട്ട് ആണവയുദ്ധത്തിലേക്ക് കാര്യങ്ങള്‍ എത്തുമെന്ന് കരുതുന്നില്ല. എന്നാല്‍ ഞങ്ങള്‍ അതിന് സജ്ജരാണ്’’ - പുട്ടിന്‍ പറഞ്ഞു.

യുക്രെയ്ൻ യുദ്ധത്തോടെ, 1962ലെ ക്യൂബൻ മിസൈൽ പ്രതിസന്ധിക്കു ശേഷം യുഎസ് – റഷ്യ ബന്ധത്തിൽ വലിയ വിള്ളലുണ്ടായതായി നയതന്ത്ര വിദഗ്ധർ വിലയിരുത്തുന്നു. 2022 ഫെബ്രുവരിയിലാണ് റഷ്യ യുക്രെയ്നിലേക്ക് സേനയെ അയച്ചത്. രണ്ട് വർഷം പിന്നിട്ട യുദ്ധത്തിൽ പതിനായിരത്തിലേറെ പേർ കൊല്ലപ്പെട്ടു. ഇതിന്റെ ഇരട്ടിയോളം പേർക്ക് പരുക്കേറ്റതായും റിപ്പോർ‌ട്ടുണ്ട്. റഷ്യക്കുമേൽ പാശ്ചാത്യ രാജ്യങ്ങൾ ഉപരോധമേര്‍പ്പെടുത്തിയെങ്കിലും യുദ്ധത്തിൽനിന്ന് പിന്മാറാൻ പുട്ടിൻ തയാറായിട്ടില്ല.

English Summary:

Putin Warns US, Says Russia Ready For Nuclear War Over Ukraine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com