ADVERTISEMENT

കൊച്ചി ∙ രണ്ടാം സ്ഥാനാർഥി പട്ടിക പുറത്തു വന്നിട്ടും എറണാകുളം ഉൾപ്പെടെ കേരളത്തിലെ ശേഷിക്കുന്ന നാലു സീറ്റുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാതെ ബിജെപി. മറ്റു പാർട്ടികളിൽ‍ നിന്ന് മറുകണ്ടം ചാടുന്നവരെ ഉള്‍ക്കൊള്ളിക്കുന്നതിന്റെ ഭാഗമായാണ് എറണാകുളം, കൊല്ലം, ആലത്തൂർ, വയനാട് സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാത്തത് എന്ന പ്രചാരണത്തിനിടെയാണ് രണ്ടാം ഘട്ട പട്ടികയിലും ഈ മണ്ഡലങ്ങൾ ഒഴിച്ചിട്ടത്. എന്നാൽ എറണാകുളം മണ്ഡലത്തിൽ മാത്രം നാലോളം ബിജെപി നേതാക്കളാണ് പാർട്ടിയുടെ സാധ്യതാ പട്ടികയിലുള്ളത്.

Read also: കേരളമില്ലാതെ ബിജെപിയുടെ രണ്ടാം സ്ഥാനാർഥി പട്ടിക; മനോഹർലാൽ ഖട്ടർ ഇടംപിടിച്ചു, ഇത്തവണ ഗഡ്‌കരിക്കും ഇടം

കേരള കോൺഗ്രസ് ഉപവിഭാഗങ്ങളിൽ നിന്നുള്ള ക്രൈസ്തവ നേതാക്കളില്‍ ഒരാളെ പാർട്ടിയിലേക്ക് കൊണ്ടുവരാനും സ്ഥാനാര്‍ഥിയാക്കാനുമുള്ള ആലോചനകള്‍ സജീവമാണ്. ഇത് സാധ്യമായില്ലെങ്കിൽ പ്രമുഖ ബിജെപി നേതാക്കളിലൊരാള്‍ തന്നെയായിരിക്കും എറണാകുളത്ത് സ്ഥാനാർഥി. ഇതിൽ പ്രധാനപ്പെട്ടയാൾ അടുത്തിടെ ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിതനായ ചലച്ചിത്ര സംവിധായകൻ മേജർ രവിയാണ്. 

ധർമ്മടത്ത് പിണറായി വിജയനെതിരെ മത്സരിച്ച കോൺഗ്രസിന്റെ കണ്ണൂരില്‍ നിന്നുള്ള മുതിർന്ന നേതാവ് സി.രഘുനാഥ്, മേജർ രവി എന്നിവര്‍ ഇക്കഴിഞ്ഞ ഡിസംബറിലാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ മുൻപാകെ പാർട്ടിയിൽ ചേര്‍ന്നത്. മേജർ രവിയെ സംസ്ഥാന വൈസ് പ്രസിഡന്റായും രഘുനാഥിനെ ബിജെപി ദേശീയ കൗൺസിൽ അംഗമായുമാണ് സുരേന്ദ്രൻ നാമനിര്‍ദേശം ചെയ്തത്. 

വിജയസാധ്യത കുറവാണെങ്കിൽ പോലും മേജർ രവിയെ തിരഞ്ഞെടുപ്പു രംഗത്തിറക്കുന്നത് ബിജെപി മുന്നോട്ടു വയ്ക്കുന്ന തീവ്ര ദേശീയത വിഷയങ്ങൾക്ക് കൂടുതൽ‍ ദൃശ്യസാധ്യത നൽകുമെന്നാണ് വിലയിരുത്തൽ. അതേസമയം, തൃശൂരിൽ മറ്റൊരു ചലച്ചിത്ര താരമായ സുരേഷ് ഗോപി മത്സരിക്കുന്ന സാഹചര്യത്തില്‍ എറണാകുളത്തും സിനിമ മേഖലയില്‍ നിന്നൊരാളെ രംഗത്തിറക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പവും നിലനിൽക്കുന്നു. 

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്.രാധാകൃഷ്ണനാണ് പരിഗണിക്കപ്പെടുന്ന മറ്റൊരു സ്ഥാനാർഥി. തുടക്കം മുതൽ അദ്ദേഹത്തിന്റെ പേര് സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചിരുന്നു. എന്നാൽ മത്സരിക്കുന്നതിന് കെ.എസ്.രാധാകൃഷ്ണൻ വലിയ താല്‍പര്യം പ്രകടിപ്പിക്കുന്നില്ല എന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍. എറണാകുളത്ത് രണ്ടു തവണ മത്സരിച്ച മുതിർന്ന നേതാവ് എ.എൻ.രാധാകൃഷ്ണൻ ഇത്തവണയും പ്രതീക്ഷ കൈവിട്ടിട്ടില്ല എന്നും സൂചനകളുണ്ട്. 2009ലും 2014ലും എ.എൻ.രാധാകൃഷ്ണൻ തന്നെയായിരുന്നു ബിജെപിയുടെ എറണാകുളം സ്ഥാനാർഥി.

യുഡിഎഫ് സിറ്റിങ് എംപി ഹൈബി ഈഡനേയും എൽഡിഎഫ് അധ്യാപികയായ കെ.ജെ.ഷൈനിനേയും രംഗത്തിറക്കി നേരത്തെ തന്നെ പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. 

English Summary:

Who will be BJP's candidate for Ernakulam lok sabha constituency?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com