ADVERTISEMENT

ന്യൂ‍ഡൽഹി∙ സുപ്രീം കോടതിയുടെ നിർദേശം അനുസരിച്ച് എസ്ബിഐ കൈമാറിയ തിരഞ്ഞെടുപ്പ് കടപ്പത്രത്തിന്റെ വിവരങ്ങൾ തിരഞ്ഞെടുപ്പു കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 15നു വൈകിട്ട് 5 മണിക്കുള്ളിൽ വിവരങ്ങൾ കമ്മിഷന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നു സുപ്രീം കോടതി നിർദേശിച്ചിരുന്നു.  2019 ഏപ്രിൽ 12 മുതൽ ഓരോ സ്ഥാപനവും വ്യക്തിയും വാങ്ങിയ ഒരു ലക്ഷം, പത്തു ലക്ഷം, ഒരു കോടി എന്നിങ്ങനെ മൂന്നു മൂല്യങ്ങളിലുള്ള ബോണ്ടുകളുടെ വിവരമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചത് ബിജെപിക്കാണ്. ആകെ സംഭാവനയുടെ 46.74 ശതമാനവും ബിജെപിക്കാണ് കിട്ടിയത്. 

രണ്ടു പട്ടികകളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആദ്യത്തേത് കടപ്പത്രം വാങ്ങിയ കമ്പനികളുടേതാണ്. അവയുടെ മൂല്യം, തീയതി എന്നിവയും രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റൊന്നിൽ രാഷ്ട്രീയ പാർട്ടികളുടെ പേരുകളും ബോണ്ടുകളുടെ മൂല്യങ്ങളും അവ എൻക്യാഷ് ചെയ്ത തീയതികളും ഉണ്ട്. എന്നാൽ ഓരോ പാർട്ടിക്കും ആരുടെയെല്ലാം പണം ലഭിച്ചുവെന്ന വിവരമില്ല. മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്, പെഗാസസ് പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ്, വേദാന്ത ലിമിറ്റഡ്, അപ്പോളോ ടയേഴ്സ് ലിമിറ്റഡ്, ബജാജ് ഓട്ടോ ലിമിറ്റഡ്, ബജാജ് ഫിനാൻസ്, ഐടിസി, അൾട്രാ ടെക് സിമന്റ് തുടങ്ങിയ കമ്പനികൾ ബോണ്ട് വാങ്ങിയവരുടെ പട്ടികയിലുണ്ട്. അദാനി, റിലയൻസ് കമ്പനികളുടെ പേര് പട്ടികയിലില്ല.

ചൊവ്വാഴ്ചയാണ് കടപ്പത്രത്തിന്റെ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷന് എസ്ബിഐ കൈമാറിയത്. വിവരങ്ങൾ നൽകാൻ സാവകാശം തേടിയുള്ള എസ്ബിഐയുടെ ഹർജി തിങ്കളാഴ്ച സുപ്രീം കോടതി തള്ളിയിരുന്നു. ജൂൺ 30 വരെ സാവകാശം ആവശ്യപ്പെട്ടാണ് എസ്ബിഐ സുപ്രീം കോടതിയിൽ അപേക്ഷ നൽകിയിരുന്നത്. കയ്യിലുള്ള വിവരങ്ങൾ നൽകാനാണ് കോടതി നിർദേശിച്ചത്.

electoral-bond

2019 ഏപ്രിൽ 19 മുതൽ രാഷ്ട്രീയ പാർട്ടികൾക്കു കടപ്പത്രം വഴി ലഭിച്ച സംഭാവനയുടെ വിവരങ്ങൾ മാർച്ച് 6നു മുൻപു തിരഞ്ഞെടുപ്പു കമ്മിഷനു നൽകാനായിരുന്നു കടപ്പത്രങ്ങൾ റദ്ദാക്കിക്കൊണ്ടു കഴിഞ്ഞമാസം 15ന് സുപ്രീം കോടതി ഉത്തരവിട്ടത്. ഈ 26 ദിവസങ്ങളിൽ എന്തുചെയ്യുകയായിരുന്നുവെന്ന് ബെഞ്ച് എസ്ബിഐയോടു ചോദിച്ചു. ‘സാവകാശം തേടി എസ്ബിഐ നൽകിയ അപേക്ഷയിൽ ഇതുവരെ ചെയ്തത് എന്താണെന്നു വ്യക്തമാക്കിയിട്ടില്ല. എസ്ബിഐയിൽനിന്ന് അൽപം ആത്മാർഥത പ്രതീക്ഷിക്കുന്നു’– കോടതി തുറന്നടിച്ചു. വേണ്ടത്ര വിവരങ്ങൾ എസ്ബിഐയുടെ കൈവശമുണ്ടെന്നു നിരീക്ഷിച്ചുകൊണ്ടായിരുന്നു അഞ്ചംഗ ബെഞ്ചിന്റെ വിമർശനം. വിവരങ്ങൾ ക്രോഡീകരിക്കുന്നതിലെ സങ്കീർണതയും മറ്റും ചൂണ്ടിക്കാട്ടിയാണ് എസ്ബിഐ സാവകാശം തേടിയത്.

വിവരങ്ങൾ നൽകാൻ ജൂൺ 30 വരെ സാവകാശം അനുവദിക്കണമെന്നാണ് എസ്ബിഐ ആവശ്യപ്പെട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പു കഴിയുംവരെ വിവരങ്ങൾ പുറത്തുവരുന്നതു തടയാൻ കേന്ദ്ര സർക്കാർ എസ്ബിഐയെ ഉപയോഗിക്കുകയാണെന്ന വിമർശനങ്ങൾക്ക് ഇത് ഇടയാക്കിയിരുന്നു. 

പാർലമെന്റിൽ അവതരിപ്പിച്ച കണക്കനുസരിച്ച് ഇതുവരെ 16,518 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകളാണു വിറ്റത്. കോൺഗ്രസിനു ലഭിച്ചതിനെക്കാൾ (1,123 കോടി) 6 മടങ്ങ് അധികമാണു ബിജെപിക്കു (6,566 കോടി) ലഭിച്ചത്. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന പാർട്ടികൾക്കാണ് ഇലക്ടറൽ ബോണ്ട് സംഭാവനകൾ ഏറെയും ലഭിച്ചത്.

English Summary:

Electoral bonds data released: ECI uploads details of buyers, parties on website

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com